
ഇന്ത്യയിലെ ആദ്യത്തെ ഫ്‌ലെക്‌സ് ഫ്യുവല്‍ കാറായ വാഗണ്‍ആര്‍ ബയോഫ്‌ലെക്‌സ് ഇന്ത്യന്‍ ഷുഗര്‍ ആന്‍ഡ് ബയോ-എനര്‍ജി മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ISMA) അംഗങ്ങള്‍ക്ക് ഔദ്യോഗികമായി കൈമാറിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. 7.24 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില ആരംഭിച്ചിരിയ്ക്കുന്നത്. ന്യൂഡല്‍ഹിയിലെ കരോള്‍ ബാഗിലുള്ള മാരുതി സുസുക്കി ഷോറൂമിലാണ് കാറിന്റെ ഡെലിവറി നടന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ എഥനോള്‍ ബ്ലെന്‍ഡിംഗ് പദ്ധതിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എത്തുന്ന ഈ കാര്‍ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ വാണിജ്യ ആവശ്യങ്ങള്‍ക്കായിട്ടാണ് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്. നിലവിലുള്ള സ്റ്റാന്‍ഡേര്‍ഡ് വാഗണ്‍ആര്‍ മോഡലിന്റെ ഏറ്റവും ഉയര്‍ന്ന ZXi+ മാനുവല്‍ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഈ പുത്തന്‍ ബയോഫ്‌ലെക്‌സ് മോഡല്‍ ഡിസൈന്‍ ചെയ്തെടുത്തിരിക്കുന്നത്. ടോപ്പ്-സ്‌പെക്ക് വേരിയന്റിനേക്കാള്‍ 86,000 രൂപ കൂടുതല്‍ മാത്രമാണ് വാഗണ്‍ആര്‍ ഫ്‌ലെക്‌സ്-ഫ്യൂവല്‍ പതിപ്പിന് അധികം മുടക്കേണ്ടതായി വരിക. ഇതോടെ വാഗണ്‍ആര്‍ നിരയിലെ ഏറ്റവും വിലകൂടിയ മാനുവല്‍ ഗിയര്‍ബോക്‌സ് പതിപ്പായി ഈ മോഡല്‍ മാറി. മറ്റ് സാധാരണ പെട്രോള്‍, സിഎന്‍ജി പതിപ്പുകളേക്കാള്‍ മികച്ച ഇന്ധന ലാഭം ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് നേടിയെടുക്കാന്‍ സാധിക്കും. മെറ്റാലിക്, നോണ്‍-മെറ്റാലിക് കളര്‍ ഓപ്ഷനുകളിലും ഹാച്ച്ബാക്ക് ലഭ്യമാക്കിയിട്ടുണ്ട്.
എഞ്ചിന്റെയും ഇന്ധനക്ഷമതയുടെയും വിശദാംശങ്ങള്‍ കാര്‍ നിര്‍മാതാവ് വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും E85 വരെയുള്ള മിശ്രിതങ്ങളില്‍ (85% എത്തനോള്‍, 15% പെട്രോള്‍) പ്രവര്‍ത്തിക്കാന്‍ ഇതിന് കഴിയും. മാരുതി സുസുക്കിയുടെ സുപരിചിതമായ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് ഫോര്‍-സിലിണ്ടര്‍ K12N പെട്രോള്‍ എഞ്ചിനാണ് വാഗണ്‍ആര്‍ ബയോഫ്‌ലെക്‌സിനും തുടിപ്പേകാനായി എത്തിയിരിക്കുന്നത്. സുഗമമായ ഡ്രൈവിംഗിനായി 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നതും.
മാനുവല്‍ ട്രാന്‍സ്മിഷനില്‍ ലിറ്ററിന് 23.56 കിലോമീറ്റര്‍ മൈലേജ് നല്‍കാനാവുമെങ്കില്‍ എഥനോളില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും. ഉയര്‍ന്ന അളവിലുള്ള എഥനോള്‍ കലര്‍ത്തിയ ഇന്ധനം ഉപയോഗിക്കുന്നതിനാവശ്യമായ നിരവധി മെക്കാനിക്കല്‍ മാറ്റങ്ങള്‍ എഞ്ചിനില്‍ വരുത്തിയിട്ടുണ്ട്. കൂടിയ എഥനോള്‍ സാന്ദ്രത ഉള്‍ക്കൊള്ളാന്‍ പരിഷ്‌കരിച്ച ഫ്യുവല്‍ ഇന്‍ജക്ടറുകള്‍, ശേഷിയേറിയ ഫ്യുവല്‍ പമ്പ്, നവീകരിച്ച ഫ്യുവല്‍ ലൈനുകള്‍ എന്നിവ ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇന്ധനത്തിലെ എഥനോള്‍ അളവ് കൃത്യമായി തിരിച്ചറിയാന്‍ സഹായിക്കുന്ന അത്യാധുനിക എഥനോള്‍ സെന്‍സറും റീകാലിബ്രേറ്റ് ചെയ്ത പുതിയ ഇസിയു (ECU) സോഫ്റ്റ്വെയറും വാഗണ്‍ആര്‍ ബയോഫ്‌ലെക്‌സില്‍ ചേര്‍ത്തിട്ടുണ്ട്.






