
മയാമി: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ സ്‌കോട്ട്‌ലൻഡിനെ നേരിടാനൊരുങ്ങുന്ന ബ്രസീലിന് ഒരേസമയം ആശ്വാസവും ആശങ്കയും. സൂപ്പർ താരം നെയ്മർ പരിക്കിൽ നിന്ന് പൂർണമായും മോചിതനായി ടീമിലേക്ക് തിരിച്ചെത്താൻ തയ്യാറായിരിക്കെ, മുന്നേറ്റനിര താരം റഫീഞ്ഞയുടെ അഭാവം ടീമിന് തിരിച്ചടിയാകും.
ഹെയ്ത്തിക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ റഫീഞ്ഞയ്ക്ക് സ്‌കോട്ട്‌ലൻഡിനെതിരായ മത്സരത്തിൽ കളിക്കാനാകില്ലെന്ന് പരിശീലകൻ കാർലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു. ആ മത്സരത്തിന്റെ 40-ാം മിനിറ്റിൽ തന്നെ റഫീഞ്ഞ കളം വിടേണ്ടി വന്നിരുന്നു.
വേഗത്തിൽ ഫിറ്റ്നസ് വീണ്ടെടുത്ത് മടങ്ങിയെത്താൻ ശ്രമിക്കുന്നതായി റഫീഞ്ഞ നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നിരുന്നാലും, സ്‌കോട്ട്‌ലൻഡിനെതിരായ പോരാട്ടത്തിൽ താരത്തിന്റെ സേവനം ബ്രസീലിന് ലഭിക്കില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, നെയ്മറുടെ തിരിച്ചുവരവ് കാനറികൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.






