
മിയാമി: നെയ്മര്‍ കളിയിലേക്കും വിനീഷ്യസ് ജൂനിയര്‍ ഗോളടിയിലേക്കും മടങ്ങിവന്ന മത്സരത്തില്‍ ബ്രസീല്‍ സ്കോട്ലന്റിനെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി നോക്കൗട്ട് റൗണ്ടില്‍ കടന്നു. വിനീഷ്യസ് ഇരട്ടഗോളുകളുമായി തിളങ്ങിയപ്പോള്‍ മത്യാസ് ഡിക്യൂണ മൂന്നാംഗോള്‍ നേടി. വിനീഷ്യസ് ഹാട്രിക് തികയ്ക്കുമായിരുന്നെങ്കിലും ഒരു ഗോള്‍ വാര് പരിശോധനയ്ക്ക് ശേഷം റഫറി ഫൗള്‍ വിധിച്ചു.
കളിയുടെ ഏഴാം മിനിറ്റില്‍ മഞ്ഞക്കിളികള്‍ സ്കോര്‍ ചെയ്തു. സ്കോട്ലന്റ് പ്രതിരോധതാരം സ്കോട്ട് മക്കെന്നയുടെ പിഴവില്‍ നിന്നും വിനീഷ്യസ് ജൂനിയര്‍ സ്കോര്‍ ചെയ്തു. ഈ ഫൈനല്‍സില്‍ ആദ്യമായി സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇറങ്ങിയ സ്കോട്ട് മക്കെന്ന പന്ത് കൈവശം വെക്കുന്നതില്‍ വരുത്തിയ താമസം മുതലെടുത്ത് കൗമാര താരം റയന്‍ പന്ത് തട്ടിയെടുത്തു. റയന്‍ നല്കിയ പാസ് സ്വീകരിച്ച്, വിനീഷ്യസ് ജൂനിയര്‍ പന്ത് എളുപ്പത്തില്‍ വലയിലെത്തിച്ചു.
തുടര്‍ന്ന് തൊട്ടുപിന്നാലെ സമാനരീതിയില്‍ വിനീഷ്യസ് വീണ്ടും പന്ത് വലയില്‍ എത്തിച്ചിരുന്നു. ജാക്ക് ഹെന്‍ഡ്രിയില്‍ നിന്ന് പന്ത് തട്ടിയെടുത്ത് കീപ്പര്‍ ആംഗസ് ഗണ്ണിനെ മറികടന്ന് പന്ത് വലയിലാക്കി. എന്നാല്‍ ഡിഫെന്‍ഡറെ ഫൗള്‍ ചെയ്തതാണെന്ന് കണ്ടെത്തിയ വിഎആര്‍ സ്കോട്ട്ലന്‍ഡിന്റെ രക്ഷയ്ക്കെത്തി.
രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ ആന്‍ഡി റോബര്‍ട്ട്സണ്‍ ഇല്ലാതെയാണ് സ്കോട്ട്ലന്‍ഡ് ഇറങ്ങിയത്. അവര്‍ മികച്ച രീതിയില്‍ തന്നെയാണ് തുടങ്ങിയത്, എങ്കിലും ബ്രസീല്‍ അവരെ വെച്ച് കളിക്കുകയായിരുന്നു. രണ്ട് ചെറിയ പെനാല്‍റ്റി ക്ലെയിമുകളും സ്കോട്ട് മക്ടോമിനെയുടെ ഹെഡ്ഡറും ബ്രസീല്‍ ഗോള്‍കീപ്പര്‍ അലിസണ് തടഞ്ഞു. തൊട്ടുപിന്നാലെ ന്യൂകാസില്‍ മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഗ്വിമാരസ്, കെന്നി മക്ലീനില്‍ നിന്ന് പന്ത് തട്ടിയെടുത്ത് മാത്യൂസ് കുന്‍ഹയ്ക്ക് നല്കി. കുന്‍ഹ അത് മനോഹരമായി ഗോളാക്കി മാറ്റി.
ആദ്യ മത്സരത്തില്‍ ഹെയ്തിയെ മാത്രം തോല്‍പ്പിച്ച സ്കോട്ട്ലന്‍ഡ്, ഇനി മികച്ച മൂന്നാം സ്ഥാനക്കാരായി ലാസ്റ്റ് 32-ല്‍ ഇടം നേടുമോ എന്നറിയാനുള്ള ആശങ്കാജനകമായ കാത്തിരിപ്പിലാണ്. ഗ്രൂപ്പ് സിയില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്തെത്തി. മികച്ച മൂന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാന്‍ മറ്റു ഗ്രൂപ്പുകളിലെ അവസാന മത്സരങ്ങള്‍ കൂടി പൂര്‍ത്തിയാകേണ്ടതിനാല്‍, തങ്ങളുടെ വിധി അറിയാന്‍ സ്കോട്ട്ലന്‍ഡിന് ഞായറാഴ്ച രാവിലെ വരെ കാത്തിരിക്കേണ്ടി വരും. ആരാധകരെ ആഘോഷത്തിലാക്കി കളിയുടെ 74 ാം മിനിറ്റില്‍ പകരക്കാരനായി നെയ്മറും കളത്തിലെത്തി.




