
ചിദംബരം സംവിധാനം ചെയ്ത 'ബാലൻ' എന്ന ചിത്രത്തെയും താരങ്ങളെയും അണിയറപ്രവർത്തകരെയും പ്രശംസിച്ച് നടി ജ്യോതിക. ചിദംബരം ഒരുക്കിയ ചിത്രം അതിഗംഭീരമാണെന്നാണ് താരം പറയുന്നത്. ചിത്രത്തിലെ ഫർസാന, ആദിശേഷൻ, ഡോളി ജൂൺ, ടൊവിനോ തോമസ് എന്നിവരുടെ പ്രകടനങ്ങളെക്കുറിച്ചും ജ്യോതിക എടുത്തു പറഞ്ഞു. ജിത്തു മാധവന്റെ എഴുത്തിനെയും സുഷിൻ ശ്യാമിന്റെ സംഗീതത്തെയും, ഷൈജു ഖാലിദിന്റെ ഛായാഗ്രഹണത്തെയും കുറിപ്പിൽ നടി പരാമർശിച്ചു. സൂര്യക്കൊപ്പം സംവിധായകൻ ചിദംബരത്തെ നേരിട്ടുകണ്ടതിന്റെ ചിത്രം പങ്കിട്ടുകൊണ്ടായിരുന്നു ജ്യോതികയുടെ കുറിപ്പ്.
"ചിദംബരം ഒരുക്കിയ 'ബാലൻ ദ ബോയ്' എന്ന ചിത്രത്തെ അതിഗംഭീരമെന്നേ വിശേഷിപ്പിക്കാനാകൂ. സഹാനുഭൂതി, നിഗൂഢത, നിഷ്കളങ്കത, ക്രിമിനൽ പ്രവണത എന്നിവയെല്ലാം സമന്വയിപ്പിച്ച്, കാണികളെ ആകാംഷയിലും അത്ഭുതത്തിലും നിർത്തുന്ന ജിത്തു മാധവന്റെ തിരക്കഥയും ബാലൻ എന്ന ഈ ചിത്രത്തെ ഒരു മാസ്റ്റർ പീസാക്കി മാറ്റി.
സ്ത്രീത്വത്തിന്റെ ശക്തമായ പ്രതിരൂപമായി ഫർസാന വെള്ളിത്തിരയിൽ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചു. ആദിശേഷന്റെ കണ്ണുകളിലെ നിഷ്കളങ്കതയും ആഴവും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് തുളഞ്ഞുകയറുന്നു. ധൈര്യശാലിയായ ഡോളി ജൂൺ എന്ന കഥാപാത്രത്തെയും പ്രത്യേകം പറയേണ്ടതാണ്. എത്ര പുതുമയുള്ള കഥാപാത്രസൃഷ്ടിയും ധൈര്യം നിറഞ്ഞ പ്രകടനവുമാണത്. സ്വന്തം താരമൂല്യത്തിന്റെ അടയാളങ്ങളെല്ലാം ഉപേക്ഷിച്ച് ടൊവിനോ തോമസ് തന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് കാഴ്ചവെച്ചിരിക്കുന്നത്. സുഷിൻ ശ്യാമിന്റെ സംഗീതം ആദ്യ പകുതിയിൽ നമ്മെ ആകാംഷയുടെ മുൾമുനയിൽ നിർത്തുകയും, രണ്ടാം പകുതിയിൽ വൈകാരികമാക്കുകയും ചെയ്യുന്നു. ഷൈജു ഖാലിദിന്റെ ക്യാമറ വർക്കിൽ കവിതാത്മകമായ ക്ലോസപ്പുകളും ചിത്രങ്ങൾ പോലെ മനോഹരമായ ഫ്രെയിമുകളുമുണ്ട്. ഇത് തികച്ചും ഒരു ദൃശ്യവിരുന്ന് തന്നെ.
ഈ വലിയ ദുഷ്ട ലോകത്തിൽ നഷ്ടപ്പെടുന്ന നിഷ്കളങ്കതയുടെയും മാതൃത്വത്തിന്റെയും കഥ പറയുന്ന ഈ ചിത്രം തിയേറ്ററുകളിൽ നഷ്ടപ്പെടുത്തരുത്. മൂർച്ചയേറിയ, ബുദ്ധിപരമായ സൃഷ്ടിയാണ് ബാലൻ. മലയാള സിനിമ ലോകത്തിൽ നിന്ന് വീണ്ടും ഒരു രത്നം ഉയർന്നു വരുന്നു. ഇന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ കണ്ടുമുട്ടിയതിൽ അതിയായ സന്തോഷം"- ജ്യോതിക കുറിച്ചു.
'മഞ്ഞുമ്മൽ ബോയ്സ്' എന്ന സൂപ്പർഹിറ്റിനുശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് 'ബാലൻ'. അഞ്ച് വയസ്സുകാരനായ ഒരു ബാലന്റെയും അവന്റെ അമ്മയുടെയും കഥ പറയുന്ന ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മുഹമ്മദ് സിനാൻ, ജീൻ പോൾ ലാൽ, ഗിരീഷ് എ ഡി, ബീന ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനയതാക്കൾ. സംവിധായകൻ ജിത്തു മാധവനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.






