
തെന്നിന്ത്യന്‍ താരറാണിയായ സമാന്ത റൂത്ത് പ്രഭു അഭിനയമികവു കൊണ്ടു മാത്രമല്ല തന്റെ വ്യക്തിജീവിതത്തിലെ പ്രതിസന്ധികള്‍ ആത്മവിശ്വാസത്തോടെ തരണം ചെയ്തും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിട്ടുണ്ട്. ബോളിവുഡ് പ്രേക്ഷകരുടെയും ഇഷ്ടം നേടാന്‍ സമാന്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കരിയറിലും വ്യക്തിജീവിതത്തിലും താരം തിളങ്ങി നില്‍ക്കുകയാണിപ്പോള്‍.
ഇക്കഴിഞ്ഞ ദിവസമാണ് താരം അമ്മയാകാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകള്‍ പുറത്തു വന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘മാ ഇന്‍ടി ബംഗാര’യുടെ വിജയാഘോഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നതിനു പിന്നാലെയാണ് ഈ അഭ്യൂഹം ശക്തമായത്. എന്നാലപ്പോഴൊന്നും സാമന്തയോ ഭർത്താവ് രാജ് നിധിമോരുവോ ഇതിനെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല.
ഇപ്പോഴിതാ അമ്മയാകാൻ പോകുന്നെന്ന വിവരം സ്ഥിരീകരിച്ചിരിക്കുകയാണ് സാമന്ത. ‘മാ ഇൻടി ബംഗാരം' എന്ന സിനിമയുടെ വിജയ ആഘോഷങ്ങൾക്കിടെ മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് താരം ഈ സന്തോഷവാർത്ത പങ്കുവെച്ചത്. കുഞ്ഞിനായുള്ള കാത്തിരിപ്പിന്റെ ഭാഗമായി അഭിനയത്തിൽ നിന്ന് താൽക്കാലികമായി ഒരു ചെറിയ ഇടവേള എടുക്കുകയാണെന്നാണ് താരം പറഞ്ഞത്.
‘‘ക്ഷമിക്കണം സുഹൃത്തുക്കളെ, ഒരു ചെറിയ ഇടവേള കൂടി ഞാൻ എടുക്കുകയാണ്. മാ ഇൻടി ബംഗാരത്തിന് ശേഷം എന്റെ ഇപ്പോഴത്തെ ശാരീരികാവസ്ഥ പരിഗണിച്ച് എനിക്കൊരു ചെറിയ ബ്രേക്ക് എടുക്കേണ്ടി വരും. പ്രസവാവധിക്ക് ശേഷം എന്റെ ആരാധകർക്കായി മറ്റൊരു മികച്ച ചിത്രവുമായി ഞാൻ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തും, ഞാൻ വളരെ സന്തോഷവതിയാണ്...’’ എന്നാണ് താരം പറഞ്ഞത്. നിറഞ്ഞ കൈയടിയോടെയാണ് താരത്തിന്റെ വാക്കുകള്‍ സദസ്സ് ഏറ്റെടുത്തത്. വളരെ ലളിതമായി എന്നാല്‍ ഹൃദയത്തെ സ്പര്‍ശിക്കുന്ന തരത്തില്‍ തന്റെ ഗര്‍ഭധാരണം പങ്കുവച്ചത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
പ്രശസ്ത സംവിധായകനും നിർമാതാവുമായ രാജ് നിഡിമോരു ആണ് സമാന്തയുടെ ഭർത്താവ്. 2025 ഡിസംബറിൽ കോയമ്പത്തൂരിലെ ഈഷ യോഗ സെന്ററിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ‘ദി ഫാമിലി മാൻ 2’, ‘സിറ്റാഡൽ: ഹണി ബണ്ണി’ തുടങ്ങിയ ഹിറ്റ് വെബ് സീരീസുകളിലെ ഒന്നിച്ചുള്ള പ്രവർത്തന പരിചയമാണ് ഇവരെ പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും നയിച്ചത്. സാമന്തയ്ക്കും സംവിധായകൻ രാജ് നിധിമോരുവിനും ഈ വർഷം ഡിസംബറില്‍ ആദ്യ കണ്‍മണി ജനിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
‘മാ ഇൻടി ബംഗാരം’ സിനിമയുടെ വിജയ ആഘോഷങ്ങളിൽ പങ്കെടുത്ത താരത്തിന്റെ ചിത്രങ്ങളും വിഡിയോകളും കണ്ട ആരാധകർ സാമന്ത ഗർഭിണിയാണോ എന്ന സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിന്റെ സംവിധായിക ബി.വി. നന്ദിനി റെഡ്ഡിയും, ‘സിനിമയുടെ വൻ വിജയത്തിനൊപ്പം സാമന്തയുടെ ജീവിതത്തിലേക്ക് ഈയൊരു ഭാഗ്യം കൂടി എത്തിയത് ഇരട്ടി മധുരമാണ്...’ എന്നുള്ള സൂചനയും നല്‍കിയിരുന്നു.
2021 ല്‍ സമാന്ത താന്‍ ആദ്യം വിവാഹം ചെയ്ത നാഗചൈതന്യയുമായി വേര്‍പിരിഞ്ഞിരുന്നു. പിന്നീട് 2025 ഡിസംബർ ഒന്നിന് സാമന്തയും രാജ് നിധിമോരുവും വിവാഹിതരായി.






