
മെക്സിക്കോ സിറ്റി: ലോകകപ്പ് ഗ്രൂപ്പ് എയിലെ അവസാന പോരാട്ടത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് മെക്സിക്കോ.
ആവേശകരമായ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മെക്സിക്കോ മൂന്ന് ഗോളുകളും നേടിയത്. മാതിയോ ചാവേസ്, ഹൂലിയന്‍ ക്വിനോണസ്, അല്‍വാരോ ഫിഡാല്‍ഗോ എന്നിവരാണ് മെക്സിക്കോയ്ക്കായി വലകുലുക്കിയത്. ഈ വിജയത്തോടെ ഗ്രൂപ്പില്‍ തങ്ങളുടെ ഒന്നാം സ്ഥാനം മെക്സിക്കോ കൂടുതല്‍ ശക്തമാക്കി. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരുടീമുകളും മികച്ച പ്രതിരോധം പുറത്തെടുത്തതോടെ ഗോള്‍രഹിത സമനിലയിലാണ് പിരിഞ്ഞത്. ചെക്ക് റിപ്പബ്ലിക് ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും മെക്സിക്കന്‍ പ്രതിരോധം ഭേദിക്കാനായില്ല.
എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറിമറിഞ്ഞു. 55-ാം മിനിറ്റില്‍ ലൂയിസ് റോമോയുടെ അസിസ്റ്റില്‍ നിന്ന് മാതിയോ ചാവേസാണ് മെക്സിക്കോയുടെ ആദ്യ ഗോള്‍ നേടിയത്. ബോക്സിന്റെ മധ്യത്തില്‍ നിന്ന് ചാവേസ് തൊടുത്ത ഇടംകാലന്‍ ഷോട്ട് ചെക്ക് ഗോള്‍കീപ്പറെ കീഴടക്കി വലയുടെ താഴത്തെ ഇടത് കോണിലേക്ക് തുളച്ചുകയറി.ആദ്യ ഗോളിന്റെ ആഘാതം മാറും മുന്‍പ് 61-ാം മിനിറ്റില്‍ മെക്സിക്കോ തങ്ങളുടെ ലീഡ് ഉയര്‍ത്തി. ജോര്‍ജ് സാഞ്ചസിന്റെ മികച്ചൊരു കൗണ്ടര്‍ അറ്റാക്ക് മുന്നേറ്റത്തിനൊടുവില്‍ ഹൂലിയന്‍ ക്വിനോണസ് പന്ത് വലയിലെത്തിക്കുകയായിരുന്നു (20). രണ്ട് ഗോള്‍ വഴങ്ങിയതോടെ തിരിച്ചടിക്കാന്‍ ചെക്ക് റിപ്പബ്ലിക് സൂപ്പര്‍ താരം പാട്രിക് ഷിക്കിനെ ഉള്‍പ്പെടെ കളത്തിലിറക്കിയെങ്കിലും മെക്സിക്കന്‍ ഗോള്‍കീപ്പര്‍ റൗള്‍ റാംഗലിനെയും പ്രതിരോധ നിരയെയും മറികടക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ സൂപ്പര്‍ താരം ഗില്ലെര്‍മോ ഒച്ചോവയെ മെക്സിക്കോ ഗോള്‍കീപ്പറായി കളത്തിലിറക്കിയിരുന്നു.ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ (94) പകരക്കാരനായി ഇറങ്ങിയ അല്‍വാരോ ഫിഡാല്ഗോയിലൂടെ മെക്സിക്കോ തങ്ങളുടെ മൂന്നാം ഗോളും പട്ടികയും തികച്ചു.





