
ഗൗഡാലുപെ (മെക്സിക്കോ): അട്ടിമറികള്‍ക്കും അപ്രതീക്ഷിത വിജയങ്ങള്‍ക്കും പേരുകേട്ട വേദിയാണു ലോകകപ്പ്. ഐസ്റ്റാഡിയോ മോണ്ടെറെയില്‍ നടന്ന മത്സരത്തില്‍ വിജയം പ്രതീക്ഷിച്ച ഏഷ്യന്‍ കരുത്തന്മാരായ ദക്ഷിണ കൊറിയയെ തോല്പിച്ച് (1-0) ദക്ഷിണാഫ്രിക്ക ചരിത്രത്തിലാദ്യമായി നോക്കൗട്ട് റൗണ്ടിലേക്കു മുന്നേറി. കളിയുടെ 63-ാം മിനിറ്റില്‍ താപെലോ മാസെകോ നേടിയ ഏക ഗോളിലൂടെ ദക്ഷിണാഫ്രിക്ക എ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചു. അതേസമയം തോല്‍വിയോടെ ദക്ഷിണ കൊറിയയ്ക്ക് ഇനി, മികച്ച മൂന്നാം സ്ഥാനക്കാരായ എട്ട് ടീമുകളില്‍ ഒന്നായി യോഗ്യത നേടാമെന്ന പ്രതീക്ഷയില്‍ തുടരേണ്ടിവരും.
മത്സരഫലം ഇരുടീമുകളും കളിച്ചെന്നത് കൃത്യമായി പ്രതിഫലിപ്പിക്കുന്നതായിരുന്നു. കിക്കോഫ് മുതല്‍ തന്നെ ദക്ഷിണാഫ്രിക്ക ഗോള്‍ നേടാനുള്ള ആവേശം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ശരിയായ അവസരം കാത്ത് ക്ഷമയോടെ അവര്‍ കാത്തിരുന്നു. രണ്ട് ടീമുകള്‍ക്കിടയിലെ പ്രധാന വ്യത്യാസവും അതായിരുന്നു. ക്ഷമയും സാമര്‍ഥ്യവും. ദക്ഷിണാഫ്രിക്ക 90 മിനിറ്റും ഗോള്‍ നേടാന്‍ ശ്രമിച്ചില്ലെങ്കിലും അവര്‍ നിരന്തരം എതിരാളികളുടെ ഗോള്‍ വലയിലേക്കു ഇരച്ചു കയറിക്കൊണ്ട് ഭീഷണി സൃഷ്ടിച്ചു. മറുവശത്ത്, ദക്ഷിണ കൊറിയയുടെ ആക്രമണത്തിനു യാതൊരു മൂര്‍ച്ച കുറഞ്ഞതുപോലതോന്നി. തങ്ങള്‍ക്ക് ഗോളടിക്കാനുള്ള അവസരം തനിയെ വന്നുചേര്ന്നോളും എന്ന വിശ്വാസത്തില്‍ പന്തു തട്ടുന്ന കൊറിയയെയാണ് കളത്തില്‍ കണ്ടത്.
സമീപകാലത്തെ ഏറ്റവും മോശം പ്രകടനുവുമായാണ് ദക്ഷിണാഫ്രിക്ക ലോകകപ്പ് കളികള്‍ക്ക് ആരംഭം കുറിച്ചത്. മെക്സിക്കോയ്ക്കെതിരേ ആദ്യ മത്സരം 2-0 ന് തോറ്റതിനു പുറമെ രണ്ട് റെഡ് കാര്‍ഡുകളും കിട്ടി. ചെക്ക് റിപ്പബ്ലിക്കിനെതിരേ നടന്ന രണ്ടാം മത്സരത്തില്‍ ഏറിയ പങ്കും അവര്‍ 1-0 ന് പിന്നിലായിരിക്കുമ്പോള്‍, വീട്ടിലേക്ക് മടങ്ങാന്‍ ഒരുകാല് വിമാനത്തില്‍ വച്ചതുപോലെയായിരുന്നു സ്ഥിതിഗതികള്‍. എന്നാല്‍ സ്കോര്ലൈനിനപ്പുറത്തേക്കു ശ്രദ്ധിച്ചവര്‍ക്ക്, രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ മാനസിക നില മെച്ചപ്പെട്ടതും തന്ത്രപരമായി കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവച്ചതും വ്യക്തമായിരുന്നു. അവസാന നിമിഷത്തിലെ ഗോളിലൂടെ ഒരു പോയിന്റും നേടി. ആ മത്സരത്തില്‍ കണ്ട സ്ഥിരതയാര്‍ജിച്ച പുരോഗതി ഇന്ന് ദക്ഷിണ കൊറിയക്കെതിരായ മത്സരത്തില്‍ ഫലപ്രദമായി. ദക്ഷിണ കൊറിയയാകട്ടെ മെക്സിക്കോയ്ക്ക് എതിരെയുള്ള മത്സരത്തില്‍ 1-0 ന് പരാജയപ്പെട്ടിരുന്നെങ്കിലും അവര്‍ മികച്ച ഫോമിലായിരുന്നു.
ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ തങ്ങളുടെ മുഴുവന്‍ ശേഷിയും പുറത്തെടുത്തു പോരാടി. ദക്ഷിണാഫ്രിക്കയുടെ പ്രതിരോധനിര അവസത്തിനൊത്തുയര്ന്നത് അവര്‍ക്ക് മത്സരത്തില്‍ നിര്‍ണായക മുന്‍തൂക്കം നല്കി. ഓരോ കൊറിയന്‍ ആക്രമണത്തിന്റെയും മുനയൊടിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. എടുത്തു പറയത്തക്ക പ്രകടനം 20 വയസുകാരനായ സെന്റര്‍-ബാക്ക് എംബെകെസെലി എംബോകാസിയുടേത് ആയിരുന്നു. ഓരോ കൊറിയന്‍ ആക്രമണവും തകര്‍ത്തു വിടുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വ്യക്തമായിരുന്നു.






