
ഡള്ളാസ്: രണ്ടാം പകുതിയില്‍ ആന്റണി എലാങ്ക നേടിയ തകര്‍പ്പന്‍ ഗോളില്‍ ജപ്പാനെ സമനിലയില്‍ തളച്ച് സ്വീഡന് ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 യോഗ്യത സ്വന്തമാക്കി. ഒരു ഗോളിന് പിന്നിലായ ശേഷമായിരുന്നു സ്വീഡന്റെ ഈ തിരിച്ചുവരവ്. സമനില ജപ്പാനെ ഗ്രൂപ്പില്‍ രണ്ടാമതാക്കി.
മത്സരത്തിന്റെ ആദ്യപകുതി തികച്ചും വിരസമായിരുന്നു. ഇരുടീമുകളും ഗോള്‍രഹിത സമനിലയ്ക്ക് തൃപ്തിപ്പെട്ട മട്ടിലായിരുന്നു കളി. എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറിമറിഞ്ഞു. 56-ാം മിനിറ്റില്‍ ഒരു മനോഹരമായ നീക്കത്തിനൊടുവില്‍ സെല്‍റ്റിക് താരം ഡെയ്സന്‍ മയെദ ജപ്പാനെ മുന്നിലെത്തിച്ചു. അയാസെ ഉയെദയും റിറ്റ്സു ഡോവനും ചേര്‍ന്ന് നടത്തിയ വണ്‍-ടു പാസുകള്‍ക്കൊടുവില്‍ ഡോവന് നല്കിയ അസിസ്റ്റാണ് മയെദ വലയിലാക്കിയത്. എന്നാല്‍ ജപ്പാന്റെ ആഘോഷങ്ങള്‍ക്ക് വെറും ആറ് മിനിറ്റിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.
ഈ ലോകകപ്പില്‍ തന്റെ ആദ്യ സ്റ്റാര്‍ട്ടിങ് ഇലവന് അവസരം ലഭിച്ച ന്യൂകാസില്‍ യുണൈറ്റഡ് വിങ്ങര്‍ ആന്റണി എലാങ്ക ഇടത് വശത്ത് നിന്ന് മുന്നേറി ബോക്സിന്റെ കോര്‍ണറില്‍ നിന്ന് തൊടുത്ത പവര്‍ഫുള്‍ സ്ട്രൈക്ക് ജപ്പാന് കീപ്പര്‍ സിയോണ്‍ സുസുക്കിയെ മറികടന്ന് വലയില്‍ പതിച്ചു. പന്ത് വൈകി മാത്രം കണ്ട സുസുക്കിക്ക് അത് തടുക്കാന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയിലെ ഡ്രിങ്ക്സ് ബ്രേക്കിന് ശേഷം കളിയുടെ വേഗത കുറഞ്ഞെങ്കിലും, ഇഞ്ചുറി ടൈമില്‍ എലാങ്കയും അലക്സാണ്ടര്‍ ഇസാക്കും തൊടുത്ത രണ്ട് മികച്ച ഷോട്ടുകള്‍ സുസുക്കി തടുത്തിട്ടതോടെയാണ് ജപ്പാന് സമനില നിലനിര്‍ത്തിയത്. ഗ്രൂപ്പ് എഫില്‍ 4 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് സ്വീഡന് ഫിനിഷ് ചെയ്തത്. നോക്കൗട്ടില്‍ സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, നോര്‍വേ, ജര്‍മ്മനി ടീമുകളില്‍ ഒന്നിനെ നേരിടണം. നെതര്‍ലന്‍ഡ്സിന് പിന്നില്‍ രണ്ടാമതായ ജപ്പാന് അവസാന 32-ല്‍ അഞ്ച് തവണ ലോകകപ്പ് ജേതാക്കളായ ബ്രസീലിനെയാണ് നേരിടേണ്ടി വരിക.





