
അയോദ്ധ്യ: കോടികള്‍ മുക്കിയ അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാട് മോഷണത്തിന്റെ യഥാര്‍ത്ഥ വശം പുറത്തുവന്നത് അന്വേഷണത്തിന്റെ ഭാഗമായി രഹസ്യക്യാമറകള്‍ സ്ഥാപിച്ചപ്പോള്‍. ജീവനക്കാര്‍ പണം കൈകാര്യം ചെയ്യുന്നതില്‍ കൃത്രിമം ജീവനക്കാര്‍ അറിയാതെ പോയ രഹസ്യക്യാമറ യില്‍ പതിയുകയായിരുന്നു. മുറിയില്‍ വെച്ചിട്ടുള്ള സിസിടിവി ക്യാമറ ഒരാള്‍ മറച്ചുപിടിക്കുമ്പോള്‍ മറ്റൊരാള്‍ മോഷ്ടിച്ച നോട്ടുകള്‍ ഒളിപ്പിക്കും.
പണം തെറ്റായി എണ്ണിക്കൊണ്ട്, ആരും കണ്ടെത്താത്ത രീതിയില്‍ ഫണ്ട് തട്ടിയെടുക്കാന്‍ ഇവര്‍ക്ക് സാധിച്ചു. മോഷ്ടിച്ച പണം മോണഷവുമായി ബന്ധമുള്ള ഇവരുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. മേയ് അവസാന വാരത്തില്‍, രാമക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട ഭാരവാഹികള്‍ ബാങ്കില്‍ നിക്ഷേപിക്കുന്ന തുക പരിശോധിക്കുകയും, സംഭാവന പെട്ടികള്‍ ദിവസേന തുറന്ന് പണമെടുക്കുന്ന പ്രക്രിയ വിലയിരുത്തുകയും ചെയ്തിരുന്നു.
ഈ സമയത്താണ് ഫണ്ടില്‍ ചില ക്രമക്കേടുകള്‍ നടക്കുന്നതായി ട്രസ്റ്റിലെ ചില അംഗങ്ങള്‍ക്ക് സംശയം തോന്നിയത്. സാധാരണയായി, ഓരോ സംഭാവന പെട്ടി തുറക്കുമ്പോഴും അതില്‍ ഏകദേശം 6 മുതല്‍ 7 ലക്ഷം രൂപ വരെ ഉണ്ടാകാറുണ്ട്. ഏതാനും ആഴ്ചകളായി 500 രൂപ നോട്ടുകളുടെ കെട്ടുകളില്‍ നിരന്തരം കുറവ് വരുന്നതായി ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെട്ടു. സംശയം ശക്തമായതോടെ, പണം എണ്ണുന്ന മുറിക്കുള്ളില്‍ ജീവനക്കാര്‍ അറിയാതെ ചില ട്രസ്റ്റ് അംഗങ്ങള്‍ രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചു.
തുടര്‍ന്നുള്ള ആഴ്ചകളില്‍ റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളില്‍, ഒരു ജീവനക്കാരന് മനഃപൂര്‍വം സിസിടിവി ക്യാമറകള്‍ക്ക് മുന്നില്‍ മറഞ്ഞു നില്ക്കുമ്പോള്, മറ്റൊരു ജീവനക്കാരന് നോട്ടുകളുടെ കെട്ടുകളില്‍ നിന്ന് പണമെടുത്ത് വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിക്കുന്നതായി കണ്ടെത്തി. സാധാരണ സിസിടിവി ക്യാമറകളില്‍ നിന്ന് ഇവരുടെ പ്രവൃത്തികള്‍ മറയ്ക്കപ്പെട്ടുവെങ്കിലും, രഹസ്യ ക്യാമറകളില്‍ ഇത് കൃത്യമായി പതിഞ്ഞു.
പണം എണ്ണുന്ന ചുമതലയുള്ള ജീവനക്കാര്‍ ഓരോ നോട്ട് കെട്ടിലും മനഃപൂര്‍വം അധിക നോട്ടുകള്‍ തിരുകിക്കയറ്റും. ഈ പണം ബാങ്കില്‍ എത്തുമ്പോള്‍, ഉദ്യോഗസ്ഥര്‍ ഓരോ നോട്ടും പ്രത്യേകം എണ്ണുന്നതിന് പകരം നോട്ടുകളുടെ കെട്ടുകള്‍ മാത്രമാണ് എണ്ണുക. അതിനനുസരിച്ച് വൗച്ചറും തയ്യാറാക്കും. ക്ഷേത്രത്തില്‍ നിന്ന് ബാങ്കിലേക്ക് പണം കൊണ്ടുപോകുന്നതിനിടയില്‍, കെട്ടുകളില്‍ അധികമായി തിരുകിയ നോട്ടുകള്‍ ഇവര്‍ പുറത്തെടുക്കും. ഇത് വൗച്ചറിലെ തുകയുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും, അതേസമയം പണം തട്ടിയെടുക്കാനും ഇവരെ സഹായിച്ചു.
സംഭാവന വൗച്ചറുകള്‍ തയ്യാറാക്കുന്ന ജോലി ചെയ്തിരുന്ന അനുകല്പ് മിശ്ര, തന്റെ അളിയനായ ലവകുഷ് മിശ്രയുടെ സഹായത്തോടെയാണ് ഈ കൃത്രിമം കാണിച്ചതെന്നാണ് ആരോപണം. സംഭവം പുറത്തായതിന് പിന്നാലെ ലവകുഷ് മിശ്രയുടെ വീട്ടില്‍ നിന്ന് പോലീസ് ലക്ഷക്കണക്കിന് രൂപ കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. പണം എണ്ണുന്ന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരുന്ന എല്ലാ ജീവനക്കാരെയും വ്യക്തിപരമായ ശുപാര്‍ശകള്‍ വഴിയോ പരിചയക്കാര് വഴിയോ ആണ് നിയമിച്ചിരുന്നത്.
ഷിഫ്റ്റ് കഴിഞ്ഞ് പോകുന്ന ജീവനക്കാരെ ദേഹപരിശോധന നടത്തിയിരുന്നില്ല. സംഭാവന പെട്ടികള്‍ തുറക്കുകയും, നോട്ടുകള്‍ തരംതിരിക്കുകയും, കെട്ടുകള്‍ തയ്യാറാക്കുകയും ചെയ്യുന്ന മുറിയില്‍ നിന്ന് തന്നെ ക്രമേണ പണം മോഷ്ടിക്കാന്‍ ഇത് അവര്‍ക്ക് അവസരമൊരുക്കി. പണം മോഷ്ടിക്കുന്നതായി കണ്ട ദിവസങ്ങളില്‍ തന്നെയാണ് ബാങ്കില്‍ പണം നിക്ഷേപിച്ചതെന്നും കണ്ടെത്തി.
ചോദ്യം ചെയ്യലിനിടെ, ട്രസ്റ്റ് ഭാരവാഹികള്‍ ഈ ഇടപാടുകള്‍ ഒത്തുനോക്കുകയും, മോഷണം പോയ സംഭാവനപ്പണത്തിന്റെ ഒരു പങ്ക് അവിനാഷ് തന്റെ വ്യക്തിഗത ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. പണം എണ്ണുന്നതിന് മുന്‍പും സംഭാവന പെട്ടികള്‍ ഔദ്യോഗികമായി തുറക്കുന്നതിന് മുന്‍പുമാണ് മോഷണം നടന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.






