
മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരനെ പരോക്ഷമായി വിമർശിച്ച് മുൻ എക്സൈസ് മന്ത്രി കെ. ബാബു. "വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണ്" എന്ന് പറഞ്ഞ അദ്ദേഹം, യുഡിഎഫിൽ എക്സൈസ് നയം സുഗമമായി നടപ്പാക്കുക പ്രയാസമാണെന്നും അഭിപ്രായപ്പെട്ടു.
ഓരോ നേതാവിനും വ്യത്യസ്ത നിലപാടുകളാണുള്ളതെന്നും, അതിലൂടെ സർക്കാരിനെ സഹായിക്കുന്ന സാഹചര്യമാണുണ്ടാകുന്നതെന്നും കെ. ബാബു പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും സമാനമായ പിന്തുണ ലഭിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് ഭരണകാലത്ത് ബാറുകളുടെ പ്രവർത്തനസമയം കുറച്ചിരുന്നെങ്കിലും, പിന്നീട് എൽഡിഎഫ് സർക്കാർ അത് പഴയ നിലയിലേക്ക് പുനഃസ്ഥാപിച്ചുവെന്ന് കെ. ബാബു ചൂണ്ടിക്കാട്ടി. എൽഡിഎഫിന് സ്വന്തം മദ്യനയം നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലെങ്കിലും യുഡിഎഫിൽ അതിന് പ്രയാസമുണ്ടാകുമെന്നുമാണ് അദ്ദേഹത്തിന്റെ വിമർശനം.
കോൺഗ്രസിനെ പരസ്യമായി വിമർശിച്ച വി.എം. സുധീരനെതിരെ ഇതിനകം നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് കെ. ബാബുവിന്റെ പ്രതികരണവും.
അതേസമയം, വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട വിവാദം കോൺഗ്രസിലും യുഡിഎഫിനുള്ളിലും ചർച്ചയാവുകയാണ്. വിഷയം യുഡിഎഫിൽ ഔദ്യോഗികമായി ചർച്ച ചെയ്യാൻ തീരുമാനിച്ച സാഹചര്യത്തിൽ, സുധീരന്റെ നിലപാട് പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്ന വിലയിരുത്തൽ ഒരു വിഭാഗം നേതാക്കൾക്കുണ്ട്. ധനബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്ന നികുതിയിളവ് പിൻവലിക്കണമെന്ന സുധീരന്റെ ആവശ്യം പാർട്ടിക്കുള്ളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.






