ഇന്ന് ഭൂമിയുടെ പരിസ്ഥിതി നിര്‍ണായകമായ ഒരു വഴിത്തിരിവിലാണ്. പ്രകൃതിയുടെ മുന്നറിയിപ്പുകള്‍ കൂടുതല്‍ വ്യക്തമായി പ്രകടമാകുമ്പോള്‍, പരമ്പരാഗതമായ ഋതുചക്രം ഗണ്യമായി ബാധിക്കപ്പെട്ടിരിക്കുന്നതായി അനുഭവപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇത്തവണ ചൂട് അതിരൂക്ഷമാകുമെന്ന് മേയ് മാസാവസാനത്തില്ത്തന്നെ സൂചിപ്പിക്കുകയും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഇന്നത്തെ പാരിസ്ഥിതിക പ്രതിസന്ധിക്കിടയില്‍ ഈ ആഹ്വാനം കൂടുതല്‍ പ്രസക്തമാണ്.
ഭൂമിയുടെ താപനില ഉയരുന്നതും ഋതുചക്രത്തില്‍ വലിയ വ്യതിയാനങ്ങള്‍ സംഭവിക്കുന്നതും കാലാവസ്ഥാ വ്യതിയാനം ഇനി വിദൂര ഭാവിയിലെ സാധ്യതയല്ലെന്നതിന്റെ തെളിവുകളാണ്. കാലം തെറ്റിയുള്ള അതിശക്തമായ മഴ, ദീര്‍ഘകാല വരള്‍ച്ച, വേനല്‍ക്കാലത്തിന്റെ കാഠിന്യം എന്നിവ ഇന്ന് ആഗോള സമൂഹത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തുന്നു.
ഈ കാലാവസ്ഥാ വ്യതിയാനത്തിന്റെ കേന്ദ്രബിന്ദുവില്‍ പസഫിക് മഹാസമുദ്രത്തില്‍ രൂപംകൊള്ളുന്ന 'എല്‍ നിനോ' എന്ന ജല-കാലാവസ്ഥാ പ്രതിഭാസമുണ്ട്. ഇന്ത്യയെപ്പോലുള്ള കാര്‍ഷികാധിഷ്ഠിത രാജ്യത്തിന് ഇത് ശാസ്ത്രീയ പഠനവിഷയം മാത്രമല്ല;കര്‍ഷകരുടെ ജീവിതത്തെയും ഗ്രാമീണ സമ്പദ്വ്യവസ്ഥയെയും ദേശീയ ഭക്ഷ്യസുരക്ഷയെയും നേരിട്ട് ബാധിക്കുന്ന ഗൗരവമേറിയ വിഷയമാണ്.
സാധാരണ സാഹചര്യങ്ങളില്‍ പസഫിക് മഹാസമുദ്രത്തിലെ ചൂടുള്ള ജലം ഏഷ്യയിലേക്കും ഓസ്ട്രേലിയയിലേക്കും നീങ്ങുകയും ഇന്ത്യന്‍ മണ്‍സൂണിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍, എല്‍ നിനോ സംഭവിക്കുമ്പോള്‍ ഈ പ്രക്രിയ തകരുകയും സമുദ്രോപരിതലത്തിലെ അസാധാരണമായ താപവര്‍ധന അന്തരീക്ഷമര്‍ദത്തിലും മഴയുടെ രീതികളിലും വലിയ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ഇന്ത്യയില്‍ മഴയുടെ കുറവ്, മണ്‍സൂണ്‍ ദുര്‍ബലമാകല്‍, റെക്കോഡ് ചൂട്, ജലക്ഷാമം എന്നിവയ്ക്ക് സാധ്യത വര്‍ധിക്കുന്നു.
ജലസംരക്ഷണം ഓരോ പൗരന്റെയും ജീവിതത്തിന്റെ ഭാഗമാകണമെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് 'ക്യാച്ച് ദ് റെയിന്‍' ക്യാമ്പയിന് ആരംഭിച്ചത്. മഴവെള്ളം വീഴുന്ന സ്ഥലത്തുതന്നെ പരമാവധി സംഭരിക്കുകയെന്നതാണ് ഇതിന്റെ സന്ദേശം.
'ജല്‍ ശക്തി മന്ത്രാലയം', 'ജല്‍ ജീവന് മിഷന്', 'അടല്‍ ഭൂജല്‍ യോജന', 'പ്രധാന്‍മന്ത്രി കൃഷി സിഞ്ചായി യോജന', 'അമൃത് സരോവര്‍ മിഷന്' തുടങ്ങിയ പദ്ധതികളിലൂടെ ജലസംരക്ഷണത്തിനും ഭൂഗര്‍ഭജല പരിപാലനത്തിനും സൂക്ഷ്മ ജലസേചനത്തിനും പ്രാദേശിക ജലസ്രോതസ്സുകളുടെ പുനരുജ്ജീവനത്തിനും സര്‍ക്കാര്‍ ഊന്നല്‍ നല്കുന്നു. നദീസംയോജനവും ഡീസലൈനേഷന്‍ സാങ്കേതികവിദ്യകളും ദീര്‍ഘകാല ജലസുരക്ഷ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളാണ്.
അതിതീവ്രമായ ചൂട് മനുഷ്യശരീരത്തിന്റെ ജൈവസന്തുലിതാവസ്ഥയെ ഗുരുതരമായി ബാധിക്കുന്നു. വിയര്‍പ്പിലൂടെ ശരീരത്തിലെ ജലവും ഇലക്ട്രോലൈറ്റുകളും നഷ്ടപ്പെടുന്നത് നിര്‍ജലീകരണത്തിനും ഗുരുതരമായാല്‍ ഉഷ്ണാഘാതത്തിനും കാരണമാകുന്നു. വയോജനങ്ങള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. ആവശ്യത്തിന് ശുദ്ധജലവും ഒ.ആര്.എസും നാരങ്ങാവെള്ളവും സംഭാരവും കുടിക്കുകയും ഉച്ചസമയത്തെ കടുത്ത വെയില് ഒഴിവാക്കുകയും വേണം.
നമ്മുടെ പ്രാചീന ഇന്ത്യന്‍ സംസ്കാരം ജലത്തെ ജീവന് പകരുന്ന ഔഷധമായാണ് കണ്ടിരുന്നത്. രാജസ്ഥാനിലെ പടിക്കിണറുകളും, ബുണ്ടേല്‍ഖണ്ഡിലെ കുളങ്ങളും, ദക്ഷിണേന്ത്യയിലെ എറി സംവിധാനവും, ആഹര്‍-പൈന്‍ ജലസേചന സംവിധാനങ്ങളും മികച്ച എന്‍ജിനീയറിങ് മാതൃകകള്‍ മാത്രമല്ല, കൂട്ടായ സാമൂഹിക ഉത്തരവാദിത്തത്തിന്റെ പ്രതീകങ്ങളുമായിരുന്നു. ഈ പാരമ്പര്യത്തെ ആധുനിക ശാസ്ത്രവുമായി സമന്വയിപ്പിക്കുകയാണ് ഇന്നത്തെ ഏറ്റവും വലിയ ആവശ്യം.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം മനുഷ്യരില്‍ മാത്രം ഒതുങ്ങുന്നില്ല. ദാഹിച്ച് അലഞ്ഞുനടക്കുന്ന പക്ഷികളെയും മൃഗങ്ങളെയും കൂടി നാം ശ്രദ്ധിക്കണം. വീടുകളുടെ മേല്‍ക്കൂരകളിലും ബാല്‍ക്കണികളിലും വയലുകളുടെ അരികുകളിലും വ്യാപാരസ്ഥാപനങ്ങള്‍ക്കു മുന്നിലും ചെറിയ പാത്രങ്ങളില്‍ ശുദ്ധജലം ഒരുക്കിവയ്ക്കുന്നത് നമ്മുടെ മാനുഷികവും ധാര്‍മികവുമായ ഉത്തരവാദിത്തമാണ്.
ജലസംരക്ഷണവും ജലവിഭവങ്ങളുടെ വിവേകപൂര്‍വമായ ഉപയോഗവും പരിസ്ഥിതി സംരക്ഷണത്തിന്റെ വിഷയങ്ങള്‍ മാത്രമല്ല;രാജ്യത്തിന്റെ കാര്‍ഷിക സ്വയംപര്യാപ്തതയുടെയും വ്യവസായ വളര്‍ച്ചയുടെയും വരുംതലമുറകളുടെ സുരക്ഷിതമായ ഭാവിയുടെയും അടിസ്ഥാനമാണ്. 'ജല്‍ ഹേ തോ കല് ഹേ' എന്നത് ഒരു സാധാരണ മുദ്രാവാക്യമല്ല;മനുഷ്യനാഗരികതയുടെ നിലനില്‍പ്പിന്റെ സത്യമാണ്.
ഓരോ തുള്ളി വെള്ളത്തെയും ആദരിക്കുമെന്നും അനാവശ്യമായി പാഴാക്കില്ലെന്നും പരമ്പരാഗത ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കുമെന്നും നിശ്ശബ്ദ ജീവജാലങ്ങളോടുള്ള കരുണ പ്രവൃത്തിയിലൂടെ പ്രകടിപ്പിക്കുമെന്നും നാം ദൃഢനിശ്ചയമെടുക്കണം. ഇന്ന് നാം സ്വീകരിക്കുന്ന ഈ ചെറിയ പ്രതിജ്ഞ, ജലസുരക്ഷ ഉറപ്പാക്കിയ വികസിത ഭാരതത്തിന്റെ ശക്തമായ അടിത്തറ പാകുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നത് ഉറപ്പാണ്.
ഡോ. രാജ്ഭൂഷണ്‍ ചൗധരി
(കേന്ദ്ര ജലശക്തി സഹമന്ത്രിയാണ് ലേഖകന്‍.)




