കല്‍പ്പറ്റ: വയനാട് ലിറ്റററി ഫൗണ്ടേഷന്‍ ഡിസംബര്‍ 20 മുതല്‍ 23 വരെ മാനന്തവാടി ദ്വാരകയില്‍ നടത്തുന്ന മൂന്നാമത് വയനാട് സാഹിത്യോത്സവത്തിന്റെ (ഡബ്ല്യു.എല്‍.എഫ്)സംഘാടക സമിതി രൂപീകരണയോഗം ജൂലൈ 11ന് വൈകുന്നേരം ദ്വാരക കാസ മരിയയില്‍ ചേരും. ജനപ്രതിനിധികള്‍, രാഷ്ര്‌ടീയസാമൂഹികസംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍, സ്‌ഥാപന മേധാവികള്‍, യുവജന, സ്‌ത്രീ സംഘടനാ പ്രതിനിധികള്‍, ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ഡബ്ല്യുഎല്‍എഫ് ഡയറക്‌ടര്‍ ഡോ.വിനോദ് കെ. ജോസ്, ട്രസ്‌റ്റി ഷില്‍സണ്‍ മാത്യു, ക്യുറേറ്റര്‍മാരായ വി.എച്ച്. നിഷാദ്, ലീന ഗീത രഘുനാഥ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബിനാലെ സങ്കല്‍പത്തില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഡിസംബറില്‍ വയനാട്ടില്‍ സംഘടിപ്പിക്കുന്ന ലിറ്ററേച്ചര്‍ ഫെസ്‌റ്റിവല്‍ രാജ്യത്തെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായി ശ്രദ്ധ നേടിക്കഴിഞ്ഞു. ഈ വര്‍ഷവും സാഹിത്യോത്സവത്തിലും അനുബന്ധ പരിപാടികളിലും രാജ്യത്തിന് അകത്തും പുറത്തുമുള്ള എഴുത്തുകാരും സാംസ്‌കാരിക, സിനിമാ പ്രവര്‍ത്തകരും കലാകാരന്‍മാരും പങ്കെടുക്കും. 2024ല്‍ നടന്ന ഫെസ്‌റ്റിവലിന്റെ രണ്ടാം പതിപ്പില്‍ 1.10 ലക്ഷത്തില്‍പരം ആളുകള്‍ നേരിട്ട് പങ്കെടുത്തു. ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ ഫെസ്‌റ്റിവല്‍ ഉള്ളടക്കം ലോകമെങ്ങുമായി ഏഴ് കോടിയിലധികം ആളുകളില്‍ എത്തി.
മൂന്നാമത് എഡിഷനില്‍ പങ്കെടുക്കുന്ന വിവിധ തുറകളില്‍നിന്നുളള പ്രമുഖരുടെ വിവരം വൈകാതെ പ്രഖ്യാപിക്കും. സംവാദങ്ങള്‍, സംഭാഷണങ്ങള്‍, പ്രഭാഷണങ്ങള്‍, കഥയരങ്ങ്, കവിയരങ്ങ്, അന്താരാഷ്ര്‌ട അക്കാദമിക കോണ്‍ഫറന്‍സ്, ആര്‍ട്ട് ആന്‍ഡ് ക്രാഫ്‌റ്റ് ഫെയര്‍, ഫിലിം ഫെസ്‌റ്റിവല്‍, പുസ്‌തകമേള, ഭക്ഷ്യമേള, കാര്‍ഷിക വിപണി, പൈതൃക നടത്തം, ആര്‍ട്ട് ബിനാലെ, കുട്ടികളുടെ വിനോദവിജ്‌ഞാനക്കളരി, മാസ്‌റ്റര്‍ക്ല ാസുകള്‍, കേരളത്തിലെ ഏറ്റവും മികച്ച കോളജ് മാഗസിനുള്ള പുരസ്‌കാര വിതരണം എന്നിവ സാഹിത്യോത്സവത്തിന്റെ ഭാഗമാണ്. കാലാവസ്‌ഥാവ്യതിയാനം, പരിസ്‌ഥിതിജാഗ്രത, കര്‍ഷകരുടെയും ആദിവാസികളുടെയും ഉപജീവനാവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
ഉത്തരവാദിത്വ ടൂറിസം മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ് പകരാനും ജില്ലയുടെ സാമ്പത്തിക, സാംസ്‌കാരിക മേഖലകളില്‍ ചലനം സൃഷ്‌ടിക്കാനും സാഹിത്യോത്സവം ഉതകുമെന്നാണ് പ്രതീക്ഷ. ചിന്തിക്കാനും സംസാരിക്കാനും കേള്‍ക്കാനും സാഹിത്യം വായിക്കാനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ വീണ്ടും ഒരു വയനാടന്‍ ഗ്രാമത്തിലേക്ക് വരികയാണ്. അതിലൂടെ ആശയങ്ങളും അറിവുകളും അനുഭവങ്ങളും പങ്കുവയ്‌ക്കപ്പെടുമ്പോള്‍ പുതിയ സംസ്‌കാരിക ഇടപെടലുകള്‍ സാധ്യമാകും.
സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നതിന് ആദ്യം രജിസ്‌റ്റര്‍ ചെയ്യുന്നവര്‍ക്ക് ഡെലിഗേറ്റ് പാസ് 799 രൂപയ് ലഭിക്കും. പ്രതിദിന ടിക്കറ്റ് നിരക്ക് മുതിര്‍ന്നവര്‍ക്ക് 50 ഉം 17 വയസില്‍ താഴെയുള്ളവര്‍ക്ക് 25 ഉം രൂപയായിരിക്കും.



