പുല്‍പള്ളി: 2013 ല്‍ കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കിയ ഭക്ഷ്യസുരക്ഷാനിയമം ഭേദഗതി വരുത്തുന്നതിലൂടെ കേരളത്തിന് ഒരു ലക്ഷം ടെണ്‍ അരികൂടി വരും വര്‍ഷങ്ങളില്‍ നഷ്‌ടപ്പെടും. 2013 വരെ ലഭിച്ചിരുന്ന 16.25 ലക്ഷം മെട്രിക് ടെണ്‍ അരി 14.25 ലക്ഷമായി ചുരുങ്ങിയത് വീണ്ടും കുറയും. 2023 ഡിസംബര്‍ 15 ലെ കണക്ക് പ്രകാരം 80.92 ലക്ഷം കാര്‍ഡിന്റെ കണക്കുകള്‍ വെച്ചാണ് നിലവില്‍ കേന്ദ്രവിഹിതം തരുന്നത്. എന്നാല്‍ നിലവില്‍ 9577379 കാര്‍ഡുകള്‍ ഉണ്ട്. ഇത് പ്രകാരം 1,73, 12579 ഗുണഭോക്‌താക്കളുണ്ട്. എന്‍.എഫ്.എസ്.എ ആക്‌ട് പ്രകാരം പി.എച്ച്.എച്ച് (പിങ്ക് കാര്‍ഡ്) കാര്‍ഡുകള്‍ക്ക് ആളോഹരിവിഹിതമാണ് റേഷന്‍ നല്‍കിവരുന്നത്. എ.എ.വൈ (മഞ്ഞ കാര്‍ഡ്) വിഭാഗത്തിന് കാര്‍ഡ് വിഹിതമായി 35 കിലോ ഭക്ഷ്യധാന്യം എന്നുള്ളത് കരട് നിയമപ്രകാരം ആളോഹരി ഏഴു കിലോ എന്നാക്കുന്നു.
കൂടാതെ എത്ര അംഗങ്ങള്‍ ഉണ്ടെങ്കിലും ഒരു കാര്‍ഡിന് പരമാവധി 35 കിലോ മാത്രമേ ലഭിക്കൂ. അതായത് ശരാശരി 35 എന്നുള്ളത് 21 കിലോ ആയി ചുരുങ്ങും. 2013 നിയമദേദഗതി മൂലം രണ്ടു ലക്ഷം എംടി റേഷന്‍ കുറഞ്ഞ സംസ്‌ഥാനത്തിന് വീണ്ടും ഒരു ലക്ഷം കൂടി കുറവ് വരും. ഇത് നടപ്പില്‍ വരുത്താതിരിക്കുകയോ അതല്ലെങ്കില്‍ എല്ലാ മുന്‍ഗണനാ കാര്‍ഡ് ഗുണഭോക്‌താക്കള്‍ക്കും ആളോഹരി ഏഴു കിലോ വീതം ഭക്ഷ്യധാന്യം നല്‍കുകയും വേണം. കൂടാതെ അയല്‍ സംസ്‌ഥാനങ്ങളില്‍ നല്‍കുന്നതുപോലെ എണ്ണ, പയര്‍ വര്‍ഗങ്ങളും എല്ലാ കാര്‍ഡിനും നല്‍കണം.
പുതുക്കിയ നിയമം പ്രാബല്യത്തില്‍ വരും മുമ്പ് പൊതു സമൂഹവും സംസ്‌ഥാന ഗവണ്‍മെന്റും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ഇതോടൊപ്പം കേരളത്തിന്റെ ജീവിത നിലവാരത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് ഭാരിദ്ര്യരേഖാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി കൂടുതല്‍ കുടുംബങ്ങളെ മുന്‍ഗണനാ കാര്‍ഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം. ഭക്ഷ്യഭദ്രതാ നിയമം പുതുക്കുന്നതു വഴി ആദിവാസി വിഭാഗങ്ങള്‍ കൂടുതലുള്ള വയനാട് ജില്ലയ്‌ക്ക് ഭക്ഷ്യധാന്യ വിഹിതത്തില്‍ വളരെ കുറവ് വരും എന്നത് നിശ്‌ചയമാണ്. ഈ കുറവ് പരിഹരിക്കാന്‍ ആളോഹരി വിഹിതം ഏഴ് എന്നുള്ളത് 10 കിലോ എന്നാക്കുകയും ജനസംഖ്യാ ആനുപാതികമായി ടൈഡ് ഓവര്‍ വിഹിതം വര്‍ധിപ്പിക്കുന്നതിനും ശ്രമിക്കണം. മഞ്ഞക്കാര്‍ഡ് വിഭാഗത്തില്‍ മസ്‌റ്ററിംഗ് ചെയ്യാത്തവരെ കണ്ടെത്തുന്നതിന് ട്രൈബല്‍ വിഭാഗത്തിന്റെ സഹകരണത്തോടെ സ്‌പെഷ്യല്‍ ക്യാമ്പുകള്‍ നടത്തണമെന്നും ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം.പി അനിരുദ്ധന്‍ ആവശ്യപ്പെട്ടു.



