പുല്‍പള്ളി: പുല്‍പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ മാംസ വില്‍പ്പന സ്‌റ്റാളുകളിലെയും വില ഏകീകരിച്ചു. ഒരുകിലോ പോത്തിറച്ചിക്ക് 420 രൂപയും, പന്നിയിറച്ചിക്ക് 320 രൂപയും, കോഴി ഇറച്ചി ദിവസേനയുള്ള പൊതുമാര്‍ക്കറ്റ് വില പ്രകാരവും വില്‍പ്പന നടത്തുന്നതിനാണ് തീരുമാനം. കഴിഞ്ഞദിവസം ചേര്‍ന്ന മാര്‍ക്കറ്റ് മോണിറ്ററിങ് കമ്മിറ്റിയാണ് വില ഏകീകരിക്കുന്ന തിന് നിര്‍ദേശം നല്‍കിയത്. എല്ലാ സ്‌ഥാപനങ്ങളും അവയുടെ പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും ഗുണനിലവാരമുള്ള മത്സ്യ മാംസങ്ങള്‍ മാത്രമേ വില്‍പ്പന നടത്താന്‍ പാടുള്ളൂവെന്നും കര്‍ശന നിര്‍ദേശം നല്‍കി. എല്ലാ മാസവും മോണിറ്ററിങ് വില നിര്‍ണയ കമ്മിറ്റിയുടെ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. പുല്‍പള്ളിയില്‍ മത്സ്യത്തിനും മാംസത്തിനും തോന്നിയ വില ഈടാക്കുന്നതായി അടുത്തിടെ വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മാര്‍ക്കറ്റ് മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നത്. മുന്‍പ് പോത്തിറച്ചിയുടെ വില വര്‍ ധിപ്പിച്ചതില്‍ പ്രതിഷേധമു യര്‍ന്നപ്പോള്‍ വില കുറച്ചിരുന്നു. കിലോക്ക് 400 രൂപയായിരുന്ന പോത്തിറച്ചിയുടെ വില 430 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. എന്നാല്‍, പിന്നീട് വിലകുറച്ചപ്പോള്‍ ഇറച്ചിക്കൊപ്പം എല്ലും ചേര്‍ത്തായിരുന്നു വില്‍പ്പന. ഇതില്‍ വീണ്ടും പ്രതിഷേധം ഉയര്‍ന്നപ്പോള്‍ എല്ല് ഒഴിവാക്കി ഇറച്ചിവില 440 രൂപയായി വീണ്ടും ഉയര്‍ത്തി. ട്രോളിങ് നിരോധനത്തിന്റെ പേരില്‍ മത്സ്യത്തിനും തോന്നിയ വില ഈടാക്കുന്നതായി പരാതിയുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോഷി ചാരുവേലില്‍, സെക്രട്ടറി ഷീന കെ. ദേവസ്യ, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്‌ഥര്‍, ഗ്രാമപഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ര്‌ടീയപാര്‍ട്ടി പ്രതിനിധികള്‍, മത്സ്യമാംസ വ്യാപാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



