
ബത്തേരി: സംസ്‌ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പദ്ധതിയായ 'ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി തണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ ലഹരിക്കെതിരെ ശേഷിയില്‍ ഭിന്നരായ കുട്ടികള്‍ ഫുട്‌ബോള്‍ ഷൂട്ടൗട്ട് നടത്തി. ബത്തേരി മുനിസിപ്പാലിറ്റി ആരോഗ്യ സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമോദ് പാളാക്കര ഉദ്‌ഘാടനം ചെയ്‌തു. ലഹരിക്കെതിരായ പോരാട്ടത്തില്‍ കായികരംഗത്തിന് വലിയ പങ്ക് വഹിക്കാനുണ്ടെന്നുംകുട്ടികളെയും യുവാക്കളെയും ലഹരിയുടെ പിടിയില്‍ നിന്ന് മോചിപ്പിക്കാന്‍ ഇത്തരം ബോധവല്‍ക്കരണ പരിപാടികള്‍ അത്യാവശ്യമാണെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
ചടങ്ങില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ ഫൗസിയ അധ്യക്ഷത വഹിച്ചു. അഷറഫ് മുഹമ്മദ് ജമാല്‍, ഫൈസല്‍ ചൂര്യന്‍, റസാഖ് ആല്‍ഫ, സഫീര്‍ പഴേരി എന്നിവര്‍ സംസാരിച്ചു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും പ്രാസംഗികര്‍ കുട്ടികള്‍ക്ക് വിശദീകരിച്ച് കൊടുത്തു. കായിക മത്സരങ്ങളിലൂടെ ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുക എന്നതായിരുന്നു ഷൂട്ടൗട്ടിന്റെ പ്രധാന ലക്ഷ്യം. തണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിലെ കുട്ടികളും അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു. ലഹരി മുക്‌ത കേരളം എന്ന ലക്ഷ്യം സാക്ഷാത്‌കരിക്കുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു.


