
മിയാമി: ഫിഫ ലോകകപ്പ് 2026-ല്‍ ജോര്‍ദാനെതിരെയുള്ള അര്‍ജന്റീനയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ലയണല്‍ മെസ്സി ആദ്യ ഇലവനില്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ടൂര്‍ണമെന്റില്‍ ഇതുവരെ അഞ്ച് ഗോളുകളുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മെസ്സി ബഞ്ചിലാകുമെന്നാണ് വിവരം.
അതേസമയം ദുര്‍ബ്ബലരായ ജോര്‍ദാനെതിരേ ഡാലസ് സ്റ്റേഡിയത്തില്‍ നടക്കുന്ന അര്‍ജന്റീനയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ലോകകപ്പ് ഗോള്‍ വേട്ടയില്‍ തന്റെ ലീഡ് ഉയര്‍ത്താന്‍ മെസ്സിക്ക് അവസരമുണ്ട്. എന്നാല്‍ മെസി പകരക്കാരനാകുമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത് പരിശീലകന് സ്കലോണി തന്നെയാണ്. അതേസമയം ആരാധകര്‍ക്ക് ഇത് പൂര്‍ണ്ണമായും നിരാശ നല്കുന്ന വാര്‍ത്തയല്ല.
എട്ട് തവണ ബാലണ്‍ ഡി ഓര് ജേതാവായ മെസ്സി സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. അര്‍ജന്റീന റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടുക മാത്രമല്ല, നാളത്തെ മത്സരഫലം എന്തുതന്നെയായാലും ഗ്രൂപ്പില്‍ ഒന്നാം സ്ഥാനവും ഉറപ്പാക്കിയിട്ടുണ്ട്. കേപ് വെര്‍ദെയാണ് രണ്ടാം റൗണ്ടില്‍ അര്‍ജന്റീനയുടെ എതിരാളികളാകുക. ജൂലൈ 2 വെള്ളിയാഴ്ച മിയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലാണ് ഈ മത്സരം.
അള്‍ജീരിയക്കെതിരായ ആദ്യ മത്സരത്തില്‍ 3-0 ന്റെ വിജയത്തോടെയാണ് അര്‍ജന്റീന തങ്ങളുടെ ലോകകപ്പ് പോരാട്ടം തുടങ്ങിയത്. ആ മത്സരത്തില്‍ മെസ്സി ഹാട്രിക് നേടിയിരുന്നു. രണ്ടാം മത്സരത്തില്‍ ഓസ്ട്രിയയെ 2-0 ന് പരാജയപ്പെടുത്തിയപ്പോഴും ക്യാപ്റ്റന്‍ മെസ്സി ഇരട്ട ഗോളുകള്‍ നേടി തിളങ്ങി.





