
കൊച്ചി: മൂന്നാഴ്ചയ്ക്കിടെ 11,000 രൂപയിലേറെ ഇടിഞ്ഞ സ്വർണവില വീണ്ടും ഉയരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,05,560 രൂപയായി. ഗ്രാമിന് 110 രൂപ ഉയർന്ന് 13,195 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ മാത്രം രണ്ട് ഘട്ടങ്ങളിലായി പവന് 1,040 രൂപ വർധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസത്തിനിടെ പവൻ വിലയിൽ 1,920 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്.
അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന റിപ്പോർട്ടുകളും അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലെ ചാഞ്ചാട്ടവുമാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കാൻ പലിശനിരക്ക് ഉയർന്നാൽ സ്വർണത്തിലുള്ള നിക്ഷേപ ആകർഷണം കുറയുമെന്ന വിലയിരുത്തലാണ് കഴിഞ്ഞ ദിവസങ്ങളിൽ വില ഇടിയാൻ കാരണമായത്.
അതേസമയം, അമേരിക്ക-ഇറാൻ സമാധാന നീക്കങ്ങൾക്ക് പിന്നാലെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ക്രൂഡിന്റെ വില നിലവിൽ ബാരലിന് 71 ഡോളറിനടുത്താണ്.
മൂന്നാഴ്ചയ്ക്കിടെ പവന് 11,000 രൂപയോളം കുറഞ്ഞതിന് ശേഷം വ്യാഴാഴ്ച വൈകീട്ട് മുതലാണ് സ്വർണവില വീണ്ടും ഉയർച്ചയിലേക്ക് തിരിച്ചെത്തിയത്.
ഈ മാസത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,14,560 രൂപയായിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ള റെക്കോർഡ് വില. കഴിഞ്ഞ ഡിസംബർ 23നാണ് കേരളത്തിൽ ആദ്യമായി പവൻ വില ഒരു ലക്ഷം രൂപ കടന്നത്.






