
നെടുങ്കണ്ടം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഹരി വസ്തുക്കളുമായി നെടുങ്കണ്ടം പോലീസ് മൂന്ന് യുവാക്കളെ പിടികൂടി. കാന്‍സര്‍ ബാധിതര്‍ക്ക് നല്‍കുന്ന വേദനസംഹാരി ഗുളികകള്‍ ഉള്‍പ്പെടയുള്ള മരുന്നുകളാണ് ലഹരിക്കായി യുവാക്കള്‍ ഉപയോഗിക്കുന്നത്. മാരകമായ പാര്‍ശ്വഫലങ്ങളാണ് ഇവ ഭാവിയിലുണ്ടാക്കുന്നത്.
നെടുങ്കണ്ടം പോലീസ് നടത്തിയ പരിശോധനയില്‍ രണ്ട് കേസുകളിലായിട്ടാണ് മൂന്ന് യുവാക്കള്‍ പിടിയിലായത്. നെടുങ്കണ്ടം പുതകില്‍ പ്രാഞ്ചി എന്ന് വിളിക്കുന്ന ഫ്രാന്‍സിസ് (22), ചിറക്കുന്നേല്‍ അന്‍സില്‍(22), മഞ്ഞപ്പാറ മന്നിക്കല്‍ ജെയ്ബിന്‍ (25) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 22,000 രൂപ വിലയുള്ള കീമോതെറാപ്പിക്ക് ശേഷം നല്‍കാറുള്ള ഗുളികകളുടെ പാക്കറ്റുകളും കഞ്ചാവും കണ്ടെടുത്തു.
രണ്ട് യുവാക്കളെ പിടികൂടിയ സമീപത്തുനിന്നും കഞ്ചാവ് ബീഡി വലിച്ചതിനാണ് ജെയ്ബിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇയാളും ഇവരുടെ ഭാഗമാണന്നാണ് പോലീസ് സംശയിക്കുന്നത്. ക്യാന്‍സര്‍ ബാധിത രോഗികള്‍ക്ക് കീമോ തെറാപ്പിക്ക് ശേഷം വേദനസംഹാരിയായി നല്‍കുന്ന തീവ്രത കൂടിയ ഗുളികകള്‍ സോഡിയം ക്ലോറൈഡ് ലായനിയില്‍ ലയിപ്പിച്ച ശേഷം ശരീരത്തിലേക്ക് കുത്തിവച്ചാണ് ലഹരി കണ്ടെത്തുന്നത്. ഇതിനായി ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ സിറിഞ്ചുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്.
കഞ്ചാവ് വലിക്കുന്നതിനും നൂതന മാര്‍ഗങ്ങളാണ് യുവാക്കള്‍ കണ്ടെത്തിയിരുന്നത്. പ്ലാസ്റ്റിക് കുപ്പികളില്‍ കപ്പളത്തിന്റെ തണ്ട് ഘടിപ്പിച്ച് കഞ്ചാവ് കത്തിച്ച് വലിക്കും. ഇവ രണ്ടും ഒരേ സമയം ചെയ്താല്‍ രണ്ട് ദിവസം വരെ ലഹരി നില്‍ക്കുമെന്നാണ് യുവാക്കള്‍ പോലീസിനോട് പറഞ്ഞത്. നെടുങ്കണ്ടം എസ്.ഐ ലിജോ പി. മണിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച്ച രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാകുന്നത്. ഇവരുടെ പക്കലുണ്ടായിരുന്ന കവറില്‍ നിന്നും ഗുളികകളും, സിറിഞ്ചുകളും അടങ്ങിയ പായ്ക്കറ്റുകളും, കപ്പള തണ്ട് ഘടിപ്പിച്ച കുപ്പികളും കണ്ടെടുത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
വേദനസംഹാരി ഗുളികകള്‍ സോഡിയം ക്ലോറൈഡ് ലായനിയില്‍ ലയിപ്പിച്ച ശേഷം ശരീരത്തിലേക്ക് കുത്തിവെച്ച് ലഹരി അനുഭവിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇതിനായി താരതമ്യേന വേദന കുറഞ്ഞ ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ സിറിഞ്ചുകളാണ് ഉപയോഗിക്കുന്നത്. കണ്ടെടുത്ത സിഗരറ്റ്, ബീഡി എന്നിവയില്‍ കഞ്ചാവ് നിറച്ചിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. കട്ടപ്പനയിലെ ഒരു മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നുമാണ് ഗുളിക വാങ്ങിയതെന്നും ദിവാകര്‍ എന്നയാളാണ് 22,000 രൂപ നല്‍കി ഈ ഗുളിക വാങ്ങുവാന്‍ പറഞ്ഞയച്ചതെന്നും ഇവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ദിവാകറിനായുള്ള അന്വേഷണവും പോലീസ് ആരംഭിച്ചിട്ടുണ്ട്. സംഘത്തില്‍ കൂടുതല്‍ യുവാക്കള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞു.






