
ഇസ്ലാമാബാദ്: പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷുഹൈബ് അക്തറിന്റെ സഹോദരന്റെ ശവസംസ്കാര ചടങ്ങിൽ ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ രാഷ്ട്രീയ വിഭാഗത്തിന്റെ നേതൃത്വം പങ്കെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കർ സ്ഥാപകനുമായ ഹാഫിസ് സയീദിന്റെ അടുത്ത കൂട്ടാളികളാണ് ചടങ്ങിൽ പങ്കെടുത്തത്.
സംസ്കാര ചടങ്ങുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ, പാകിസ്താനിൽ ഭീകരവാദികൾക്ക് ഇപ്പോഴും സുരക്ഷിത താവളമൊരുക്കുന്നു എന്ന ഇന്ത്യയുടെ ആവർത്തിച്ചുള്ള കുറ്റപ്പെടുത്തലുകൾ ശരിവെക്കപ്പെടുകയാണ്. ലഷ്കർ-ഇ-തൊയ്ബയുടെ രാഷ്ട്രീയ മുഖമായ പാകിസ്താൻ മർക്കസി മുസ്ലിം ലീഗ് (പിഎംഎംഎൽ) പുറത്തുവിട്ട വീഡിയോയിലാണ് സംഘടനയുടെ പ്രധാന നേതാക്കൾ മരണാനന്തര പ്രാർത്ഥനയിൽ പങ്കെടുക്കുന്നതായി കാണുന്നത്.
ഷുഹൈബ് അക്തറിന്റെ മൂത്ത സഹോദരൻ ഷാഹിദ് അക്തർ ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. പിഎംഎംഎൽ ഇസ്ലാമാബാദ് തലവൻ ഇനാം-ഉർ-റഹ്മാൻ കാംബോ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അബ്ദുള്ള തൂർ, സോണൽ ജനറൽ സെക്രട്ടറി ഹാഫിസ് ഉമർ, ഖിദ്മത്ത് കമ്മിറ്റി ചെയർമാൻ അംജദ് ഭട്ടി തുടങ്ങിയ പ്രമുഖ ലഷ്കർ പ്രതിനിധികൾ ചടങ്ങിൽ വരിവരിയായി നിന്ന് പ്രാർത്ഥിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തന്റെ സഹോദരന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി ഷുഹൈബ് അക്തർ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നുവെങ്കിലും, ലഷ്കർ നേതാക്കളുടെ സാന്നിധ്യത്തെ തുടർന്നുണ്ടായ വിമർശനങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
പാകിസ്താനിലെ പ്രമുഖ വ്യക്തികളുടെ ചടങ്ങുകളിൽ പോലും ഭീകരവാദികൾക്ക് പരസ്യമായി പങ്കെടുക്കാൻ സാധിക്കുന്നത് അവർക്ക് ലഭിക്കുന്ന സ്വതന്ത്രമായ അന്തരീക്ഷത്തെയാണ് കാണിക്കുന്നത്. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെയും ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിൽ പാകിസ്താൻ പരാജയപ്പെടുന്നതിനെതിരെയും ഇന്ത്യ അന്താരാഷ്ട്ര വേദികളിൽ ശക്തമായി നിലപാട് തുടരുന്നതിനിടയിലാണ് പുതിയ സംഭവം.






