
ബംഗളൂരു: വ്യവസായിയും തന്റെ അടുത്ത സുഹൃത്തുമായ വൈശാഖിന്റെ വിയോഗത്തിൽ ആദ്യമായി പ്രതികരിച്ച് കന്നഡ നടി കൃഷി തപന്ദ. വൈശാഖിന്റെ മരണത്തെത്തുടർന്ന് തനിക്കെതിരെ ഉയർന്നുവന്ന സൈബർ ആക്രമണങ്ങൾക്കും ഊഹാപോഹങ്ങൾക്കും മറുപടിയായാണ് താരം ഇൻസ്റ്റാഗ്രാമിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ചത്.
തന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ, തന്നെ എപ്പോഴും സംരക്ഷിക്കുകയും കരുതലോടെ കൂടെനിൽക്കുകയും ചെയ്ത പ്രിയപ്പെട്ട ഒരാളെയാണ് നഷ്ടമായതെന്ന് കൃഷി കുറിപ്പിൽ വ്യക്തമാക്കുന്നു. ഈ വിയോഗം സൃഷ്ടിച്ച ശൂന്യത വാക്കുകൾക്ക് അതീതമാണെന്നും ഇതിനോട് പൊരുത്തപ്പെടാൻ തനിക്ക് ഇനിയും സാധിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ ഈ വലിയ ദുരന്തത്തിനിടയിലും സമാധാനത്തോടെ ദുഃഖം രേഖപ്പെടുത്താൻ പോലും സോഷ്യൽ മീഡിയ അനുവദിക്കുന്നില്ലെന്ന് കൃഷി നിരാശയോടെ പറയുന്നു.
ഒരാളുടെ മരണത്തെ കേവലം ഒരു കഥയാക്കി മാറ്റാൻ ശ്രമിക്കുന്നവർ ഒരു വ്യക്തിയുടെ മാനസികാവസ്ഥയെയാണ് തകർക്കുന്നത്. മാനസികാരോഗ്യം വളരെ ലോലമാണെന്നും ഇത്തരം വ്യാജ പ്രചാരണങ്ങൾ ജീവിച്ചിരിക്കുന്നവരെ കൂടുതൽ തളർത്തുമെന്നും കൃഷി ഓർമ്മിപ്പിച്ചു.
ഒരു മകനെ നഷ്ടപ്പെട്ട കുടുംബവും പ്രിയപ്പെട്ട സുഹൃത്തിനെ നഷ്ടപ്പെട്ടവരുമാണ് ചുറ്റുമുള്ളതെന്നും അതിനാൽ ഈ അവസരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിച്ച് തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും നടി അഭ്യർത്ഥിച്ചു. ആർക്കെങ്കിലും ജീവിക്കാൻ ഒരു കാരണം നൽകാൻ സാധിച്ചില്ലെങ്കിലും അവരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തുന്നതിന് കാരണമാകരുതെന്ന് പറഞ്ഞാണ് താരം കുറിപ്പ് അവസാനിപ്പിച്ചത്.
നടിയുടെ ആര്‍ ആര്‍ നഗറിലുള്ള ആഡംബര ഫ്ലാറ്റിലാണ് 33 വയസ്സുള്ള സുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയത്ത് കൃഷി വീട്ടിലുണ്ടായിരുന്നില്ലെന്നും മഹാദേവപുരയ്ക്ക് സമീപം ഒരു ധ്യാന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നുവെന്നുമാണ് വിവരങ്ങൾ.
വ്യവസായിയായ എ.വി.ആർ റെഡ്ഢിയുമായി ഉണ്ടായ നിയമപ്രശ്നങ്ങൾക്ക് ശേഷം വൈശാഖും ഭാര്യയും തമ്മിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നതായും കുടുംബ പ്രശ്നങ്ങൾ കാരണം വൈശാഖ് കൃഷിയുടെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നതെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വൈശാഖിന് ഒരു മകനുമുണ്ട്.






