
ന്യൂയോർക്ക്: ലോകകപ്പ് കിരീടത്തിനായി ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ട ടീമുകളിലൊന്നായ പോർച്ചുഗൽ, ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോൾ ഒരു ജയവും രണ്ട് സമനിലയുമായി രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ടിലെത്തിയത്. ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും നേരിടേണ്ടത് ശക്തരായ ക്രൊയേഷ്യയെയാണ്. ഇതിനിടെ ടീമിന്റെ പ്രകടനത്തിനെതിരെ വിമർശനം ശക്തമാവുകയാണ്.
ക്ലബ് ഫുട്ബോളിൽ മികച്ച ഫോമിലായിരുന്ന വിറ്റിഞ്ഞ, ബ്രൂണോ ഫെർണാണ്ടസ്, നൂനോ മെൻഡസ് എന്നിവരടക്കമുള്ള താരങ്ങൾക്ക് ലോകകപ്പിൽ അതേ മികവ് പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. റൊണാൾഡോയുടെ ഗ്രൗണ്ടിലെ സ്വാധീനവും ആരാധകരുടെ ചർച്ചാവിഷയമായിട്ടുണ്ട്.
ടൂർണമെന്റിന് മുമ്പ് വലിയ പ്രതീക്ഷകളോടെയെത്തിയെങ്കിലും ടീമിന്റെ ഫോമും കളിക്കാർ തമ്മിലുള്ള ഒത്തിണക്കവും ചോദ്യചിഹ്നമായി തുടരുകയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഉസ്ബെക്കിസ്ഥാനെതിരായ വിജയം മാത്രമാണ് ശ്രദ്ധേയമായ പ്രകടനം. ഡിആർ കോംഗോയ്ക്കും കൊളംബിയയ്ക്കുമെതിരെ പരാജയം ഒഴിവാക്കാനായതിൽ ഭാഗ്യത്തിനും പങ്കുണ്ടെന്ന വിലയിരുത്തലുകളുമുണ്ട്.
മികച്ച മധ്യനിരയും മുന്നേറ്റനിരയും ഉണ്ടായിട്ടും അവസാന ഗ്രൂപ്പ് മത്സരത്തിൽ കൊളംബിയക്കെതിരെ താളം കണ്ടെത്താൻ പോർച്ചുഗൽ ഏറെ ബുദ്ധിമുട്ടി. ഇതോടെ ടീമിനെതിരായ വിമർശനം കൂടുതൽ ശക്തമായി.
മുൻ പോർച്ചുഗൽ താരം റിക്കാർഡോ ക്വാറെസ്മയും ടീമിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി."ഇപ്പോഴത്തെ പോർച്ചുഗൽ ടീമിന്റെ കളിയിൽ ആഹ്ലാദമോ സന്തോഷമോ സർഗാത്മകതയോ ഒന്നും കാണുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനങ്ങൾ നോക്കുമ്പോൾ താരങ്ങളെല്ലാം തളർന്നുപോയതുപോലെയാണ് തോന്നുന്നത്. പ്രചോദനം നഷ്ടപ്പെട്ട ഒരു കൂട്ടം മാത്രമാണ് അവർ," ക്വാറെസ്മ പറഞ്ഞു.






