
കുവൈത്ത്സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട്,വിസ,കോണ്‍സുലര്‍ സേവനങ്ങളുടെ ഉയര്‍ന്ന സര്‍വ്വീസ് ചാര്‍ജ് അടിയന്തിരമായി പിന്‍വലിക്കണം എന്ന ആവശ്യം ഉന്നയിച്ച് പ്രവാസി ലീഗല്‍ സെല്‍ നിവേദനം സമര്‍പ്പിച്ചു.ഗ്ലോബല്‍ പ്രസിഡണ്ടും, സുപ്രീം കോടതി എ ഒ ആറുമായ അഡ്വ ജോസ് അബ്രഹാം, കുവൈറ്റ് കണ്ട്രി ഹെഡ് ബാബു ഫ്രാന്‍സീസ് എന്നിവരാണ് കേന്ദ്ര വിദേശ കാര്യ വകുപ്പുമന്ത്രി ഡോ ജയങ്കര്‍ അവര്‍കള്‍ക്ക് നിവേദനം സമര്‍പ്പിച്ചത്. ജൂലൈ ഒന്ന് മുതല്‍ സര്‍വീസ് നല്കുന്ന 'ഡൂ ഡിജിറ്റല്‍ ഗ്ലോബല്‍' (DU Digital Global) കമ്പനിയാണ് നിരക്കുകള്‍ ഇരട്ടിയിലധികമായി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ ഒരു ദിനാര്‍ മാത്രമായിരുന്ന സര്‍വീസ് ചാര്‍ജ്, പുതിയ പരിഷ്കാരത്തോടെ എല്ലാ സേവനങ്ങളും ചേര്‍ത്ത് ആറു ദിനാറായാണ് ഉയരുന്നത് എന്നത് മാത്രമല്ല. പല സേവനങ്ങളും നിര്‍ബന്ധമായി സ്വീകരിക്കാന്‍ പ്രവാസികള്‍ക്ക് ബാധ്യതയും,പുതിയ നിയമം വരുന്നതോടെ അധിക തുക നല്കാന് അപേക്ഷകര്‍ നിര്‍ബന്ധിതരാകുന്നു.
അത്പോലെതന്നെ പ്രവാസികള്‍ ഏറെ ആശ്രയിച്ചിരുന്ന അബ്ബാസിയയിലെ കേന്ദ്രം പൂര്‍ണ്ണമായും നിര്‍ത്തലാക്കി പകരം ദജീജിലേക്ക് മാറ്റുന്നതു വഴി സാധാരണക്കാരായ തൊഴിലാളികള്‍ക്ക് അധിക ടാക്സി യാത്രാച്ചെലവും ഉണ്ടാകുമെന്നതിനാല്‍
സേവന കേന്ദ്രം അബ്ബാസിയയില്‍ നിലനിറുത്താന്‍ നടപടി സ്വീകരിക്കണമെന്നും
നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സമീപ രാജ്യങ്ങളില്‍ കുറഞ്ഞ സര്‍വ്വീസ് ചാര്‍ജ് നിരക്കില്‍ ഈ സേവനങ്ങള്‍ പ്രവാസികള്‍ക്ക് ലഭിക്കുമ്പോഴാണ്കുവൈത്തില് പുതിയ നിരക്ക് വര്‍ദ്ധനവ്. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൂടി കണക്കിലെടുത്ത് പുതുതായി നിശ്ചയിച്ച ആറ് ദിനാര്‍ സര്‍വീസ് ചാര്‍ജ് വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി പ്രതീക്ഷിക്കുന്നതായി
പ്രവാസി ലീഗല്‍ സെല്‍ ഭാരവാഹികളായ ബാബു ഫ്രാന്‍സീസ്, ബിജു സ്റ്റീഫന്‍ ഷൈജിത്ത് എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.






