
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ ഭാര്യയുടെയും അവരുടെ വീട്ടുകാരുടെയും മാനസികവും ശാരീരികവുമായ പീഡനത്തെത്തുടർന്ന് 28 കാരനായ വ്യവസായി ആത്മഹത്യ ചെയ്തു. ബല്ലഭഗഢ് സെക്ടർ-3 ൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന രാഹുൽ എന്ന യുവാവിനെയാണ് കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിനു മുമ്പ് ഇയാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ കരളലലിയിക്കുന്നതാണ്.
ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ്, ഭാര്യയും വീട്ടുകാരും തന്നെ ക്രൂരമായി മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് രാഹുൽ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഭാര്യ ജ്യോതി, അമ്മായിയമ്മ വീണ, അമ്മായിയപ്പൻ ബിട്ടു, ഭാര്യയുടെ സഹോദരി നീതു എന്നിവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് രാഹുൽ ഉന്നയിച്ചിരിക്കുന്നത്.
"ഞാൻ വീട് അടിച്ചു വാരുകയും പാത്രം കഴുകുകയും ഉൾപ്പെടെയുള്ള എല്ലാ ജോലികളും ഭാര്യയ്ക്ക് വേണ്ടി ചെയ്തു കൊടുക്കാറുണ്ടായിരുന്നു. എന്നിട്ടും അവർ എന്നെ ശാരീരികമായി ഉപദ്രവിക്കുകയും എനിക്കെതിരെ കള്ളക്കേസുകൾ നൽകുകയും ചെയ്തു," എന്ന് രാഹുൽ വീഡിയോയിൽ പറയുന്നു. നിരന്തരമായ മാനസിക സമ്മർദ്ദത്തിലായിരുന്നു താനെന്നും തന്റെ മരണത്തിന് ഉത്തരവാദികളായ ഭാര്യയെയും വീട്ടുകാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. മരണശേഷം തന്റെ സമ്പാദ്യം മുഴുവൻ അമ്മയ്ക്കും സഹോദരങ്ങൾക്കുമായി നൽകണമെന്നും വീഡിയോയിൽ പറയുന്നുണ്ട്.
ഹൗസിങ് ബോർഡ് കോളനിയിലെ താമസക്കാരനായ രാഹുൽ നാല് മാസം മുൻപാണ് പുതിയ വസ്ത്രവ്യാപാര സ്ഥാപനം ആരംഭിച്ചത്. ഞായറാഴ്ച രാവിലെ അമ്മയെ സന്ദർശിച്ച ശേഷം കടയിലെത്തിയ രാഹുൽ, തൊട്ടുപിന്നാലെ കടയ്ക്കുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. വൈറലായ ഇൻസ്റ്റാഗ്രാം വീഡിയോ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബന്ധുക്കൾ നൽകുന്ന വിവരമനുസരിച്ച് രണ്ടു വർഷം മുൻപാണ് ജ്യോതി എന്ന യുവതിയെ രാഹുൽ പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹശേഷം രാഹുൽ സ്വന്തം മാതാപിതാക്കളോടൊപ്പം താമസിക്കുന്നത് ഭാര്യ എതിർത്തതിനെത്തുടർന്ന് ഇവർ മാറി താമസിക്കുകയായിരുന്നു. ഭാര്യയും വീട്ടുകാരും നിരന്തരം രാഹുലിനെ മാനസികമായി വേട്ടയാടിയിരുന്നതായും ഇവർ രാഹുലിനെതിരെ പോലീസിൽ കള്ളക്കേസ് നൽകിയിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. സ്വന്തം മാതാപിതാക്കളെ കാണുന്നതിൽ നിന്ന് പോലും രാഹുലിനെ ഭാര്യ വിലക്കിയിരുന്നു.
“ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിനായി കേരള സർക്കാരിന്റെ സൌജന്യ ഹെൽപ്പ്ലൈൻ നമ്പറായ 1056 (ദിശ) എന്ന നമ്പറിലേക്ക് വിളിക്കുക.”






