വര്ക്കിച്ചന് പറമ്പില്‍ തെങ്ങുകള്‍ ചെത്താനുണ്ട്. നാട്ടിലെ ബുദ്ധിജീവിയും നെഹ്രുവിയന്‍ സോഷ്യലിസ്റ്റുമായ സുഗുണന് എന്ന പൗരനാണ് ചെത്തിന്റെ ചാര്‍ജ്.
എല്ലാ ഞായറാഴ്ചയുമാണ് വര്ക്കിച്ചന് പങ്കുകള്ള് കിട്ടുന്നത്. ഒരാഴ്ചത്തെ വിഹിതം നല്കാന് സുഗുണന് പതിവുപോലെ കള്ളുമായി വര്‍ക്കിച്ചന്റെ വീട്ടിലെത്തി. കള്ളിന്റെ നിറം കണ്ടപ്പോള്‍ തെങ്ങുകളുടെ തലതൊട്ടപ്പനായ വര്ക്കിച്ചന് ഒരു സംശയം - കള്ളില്‍ പകുതിയും വെള്ളമാണോ?
പാത്രത്തില്‍ നിന്ന് കുറച്ചു കള്ള് കോരിയെടുത്ത് വര്ക്കിച്ചന് വായിലൊഴിച്ചു.
ശരിയാണ്, തനി പച്ചവെള്ളം!
'ഇതെന്തു കളി? കള്ളിനൊരു വീര്യമില്ലല്ലോ!'- വര്ക്കിച്ചന് നിരാശയോടെ ചോദിച്ചു.
സുഗുണന് ഇതുകേട്ടു ചിരിച്ചു: 'ചേട്ടന് ഈ നാട്ടിലല്ലേ, കഴിയുന്നത്? ഇനി വീര്യം കുറഞ്ഞ മദ്യങ്ങളുടെ കാലമാണ്. അതാണ് പാഷന്! അതാണ് ഫാഷന്‍!'
'എന്നാരു പറഞ്ഞു?' - വര്ക്കിച്ചന് ആരാഞ്ഞു.
'ഇളം തലമുറയ്ക്കു വേണ്ടിയുള്ള ഇളം മദ്യത്തിന്റെ മാനിഫസേ്റ്റാ ഇളം സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ പുതുനികുതിയും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം ധനബില്ലില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. ഇനിയത് സബ്ജക്ട്കമ്മറ്റിക്ക് വിടാതെ സഭയില്‍ പാസാക്കും'- സുഗുണന് വ്യക്തമാക്കി.
'എനിക്ക് മനസിലായില്ല. വിശകലനവിശാരദനായ നീ തന്നെ കാര്യങ്ങള്‍ വിശദമായി പറഞ്ഞു തരണം.' - വര്ക്കിച്ചന് അഭ്യര്‍ത്ഥിച്ചു.
'ഇത് കമ്യൂണിക്കേഷന്റെയും വാര്‍ത്താ വിസ്ഫോടനങ്ങളെയും കാലമല്ലേ? ലോകം അനുനിമിഷം മാറുകയാണ്. അതോടൊപ്പം നമ്മളും അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാവില്ല.' - സുഗുണന് പൂമുഖത്തെ തൂണില്ച്ചാരിയിരുന്ന ശേഷം പാര്‍ത്ഥസാരഥിയെപ്പോലെ നിര്‍മ്മമനായി മൊഴിഞ്ഞു.
(ഇതോടെ വര്ക്കിച്ചന് എന്ന ഫാസിസ്റ്റ് ജന്മിയും സുഗുണന് എന്ന പുതു നെഹ്രുവിയന്‍ സോഷ്യലിസ്റ്റും തമ്മില്‍ ധര്മക്ഷേത്രമാകുന്ന കുരുക്ഷേത്രത്തില്‍ വച്ച് താഴെപ്പറയുന്നപോലൊരു ബൗദ്ധികസംവാദം അരങ്ങേറി.)
വര്ക്കിച്ചന്- സുഗുണ സംവാദം
വര്ക്കിച്ചന്: മദ്യത്തിന്റെ വീര്യം എന്നൊക്കെപ്പറയുമ്പോള്‍ നീയെന്താണ് ഉദ്ദശിക്കുന്നത് സുഗുണാ?
സുഗുണന്: സാധാരണ തെങ്ങിന്‍കള്ളിലെ ആല്‍ക്കഹോളിന്റെ അളവ് ഏകദേശം എട്ടു ശതമാനമാണ്. ഞാനിപ്പോള്‍ ഒഴിച്ചുതന്ന കള്ളിലെ വീര്യം ആറു ശതമാനവുമാണ്. ഇനി പുതിയ നികുതി കലര്‍ത്തി പുറത്തിറങ്ങാന്‍ പോകന്ന പൂക്കി വൈബുള്ള മദ്യത്തിലെ വീര്യത്തിന്റെ അളവ് ദശാംശം അഞ്ചു ശതമാനം മുതല്‍ ഇരുപതു ശതമാനം വരെയാണ്. ഇതൊരു ന്യൂജെന്‍ കാറ്റഗറിയില്‍പ്പെടുന്ന വീര്യം കുറഞ്ഞ സോമരമാണ്.
ഇതിലും കൃത്യമായി എങ്ങനെ മുപടി തരാനാണ്?
വര്ക്കിച്ചന്: സമസ്ത മേഖലകളിലും വീര്യം കൂട്ടാനല്ലേ, നമ്മള് ആഗ്രഹിക്കന്നത്. മദ്യത്തില്‍ മാത്രമായി എങ്ങനെ വീര്യം കുറയ്ക്കും? അത് രാഷ്ട്രപുരോഗതിയെ തടയില്ലേ? ഒരു ക്ഷേമരാഷ്ര്ടമല്ലേ, ഗാന്ധിജി വിഭാവനം ചെയ്തത്?
സുഗുണന്: സാറ് ഈ നാട്ടിലെങ്ങുമല്ലേ, ജീവിക്കുന്നത്? നെഹ്രുവിയന്‍ സോഷ്യലിസ്റ്റ് ഭരണത്തില്‍ ഗാന്ധിജി പറയുംപോലെ കാര്യങ്ങളെന്നെങ്കിലും നടന്നിട്ടുണ്ടോ? എങ്കില്‍, സര്‍ദാര്‍ പട്ടേല്‍ ആദ്യത്തെ പ്രധാനമന്ത്രിയാകുമായിരുന്നില്ലേ? ആസേതുഹിമാചലം മദ്യം നിരോധിക്കപ്പെടുമായിരുന്നില്ലേ?
വര്ക്കിച്ചന്: പക്ഷേ, ഗാന്ധിശിഷ്യന്മാര് ഭരിക്കുന്ന നാട്ടില്‍ വീര്യംകുറഞ്ഞ കള്ളിന്റെ മാനിഫെസ്റ്റോയ്ക്ക് എന്താണ് പ്രസക്തി?
സുഗുണന്: ദേ, പിന്നേം മണ്ടത്തരം! ഇപ്പോള്‍ ഗാന്ധിജിയെന്നു പറഞ്ഞാല്‍ ഒരു പ്രതീകമാണ് സാറേ! നമുക്ക് സൗകര്യമായി എവിടെയും പയോഗിക്കാവുന്ന ഉഗ്രന്‍ സിമ്പല്‍!
വര്ക്കിച്ചന്: നീ പറയുന്നത് ഒരുതരത്തില്‍ ശരിയാണ്. വിദേശവസ്ത്രബഹിഷ്ക്കരണം, മനസംയമനം, അഹിംസ, ഖദര്വ്യാപനം, മനശുദ്ധി, ശരീരശുദ്ധി, ലളിതജീവിതം, പ്രകൃതിചികിത്സ എന്നിങ്ങനെ പല കാര്യങ്ങളും ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ആരെങ്കിലും ഇതൊക്കെ ഇവിടെ ഗൗനിക്കുന്നുണ്ടോ?
സുഗുണന്: നെവര്‍! അഹിംസാവാദികളായ നമ്മുടെ ഗാന്ധിശിഷ്യന്മാരില് ഏറെപ്പേരും പെരുമ്പാമ്പിനെ പൊരിച്ചു കഴിക്കും. ഖദര്‍ പോലെ തോന്നിപ്പിക്കുന്ന പട്ടുവസ്ത്രങ്ങള്‍ ധരിക്കും. ഫൈവ്സ്റ്റാര്‍ ബാറുകള്‍ പണിയും. അതിന്റെ മുമ്പില്‍ ഗാന്ധിപ്രതിമകളും സ്ഥാപിക്കും. ഗാന്ധിജി ഒരു വഴിയും മാര്‍ഗവുമാണ്.
വര്ക്കിച്ചന്: വാസ്തവം. ഗാന്ധിജിക്ക് ഒരു ഗ്യാരന്റിയുമില്ലാത്ത കാലമാടാ!
സുഗുണന്: ഗാന്ധിയന്‍ ഐഡിയോളജിക്ക് മുമ്പു പറഞ്ഞ 0.5 ശതമാനം മുതല്‍ 20 ശതമാനം വരെയുള്ള പൂക്കിമദ്യത്തിന്റെ വീര്യമേയുള്ളൂ.
വര്ക്കിച്ചന്: ഒരു സംശയം - നമ്മുടെ വീര്യംകൂടിയ വിസ്കിയും ബ്രാന്‍ഡിയുമൊക്കെ ഇനിയും കിട്ടുമോ?
സുഗുണന്: പിന്നെക്കിട്ടാതെ? തുടക്കക്കാരായ കുട്ടികള്‍ക്കും മറ്റുമുള്ളതാണ് ഈ വീര്യംകുറഞ്ഞ സാധനങ്ങള്‍. ഇനി മാടക്കടകളിലും അവയൊക്കെ സര്‍ബത്തും സോഡയും പോലെ കിട്ടും. അങ്ങനെ ആണും പെണ്ണും അച്ഛനും അമ്മയും പിള്ളേരും അപ്പനപ്പൂപ്പന്മാരും അമ്മൂമ്മമാരും അടിച്ചങ്ങു പൂസാകും. ഇളം കള്ള് കിട്ടാത്തതുകൊണ്ട് നമ്മുടെ പെമ്പിള്ളേരും ആമ്പിള്ളേരും ഗോവയ്ക്കും മറ്റും പോവുന്ന രീതിയും ഒഴിവാകും. നാട്ടില്‍ തേനും പാലും ഒഴുകും. സര്‍ക്കാരിന്റെ ട്രഷറിയില്‍ ഗാന്ധിജിയുടെ പടമുള്ള പണം നിറയും.
വര്ക്കിച്ചന്: അപ്പോള്‍, അതാണ് പ്രാക്ടിക്കലായ ഗാന്ധിയന്‍ ഇക്കണോമിക്സ്!
സുഗണന്‍: തീര്‍ന്നില്ല, മാടക്കടകളിലെ മദ്യവിപ്ലവം ചരിത്രം സൃഷ്ടിക്കും. ബിയറില്‍ നിന്ന് ബ്രാണ്ടിയിലേക്ക് ഈ നവോത്ഥാന പാനോപചാരരീതി വളരും. വീര്യം കുറഞ്ഞതില്‍ നിന്ന് കൂടുതലിലേക്കക്ക് പോകണമെന്ന നവകേരളദര്ശനം ജെര്സികളുടെ കരളിനും കാമിലാരിക്കും ഗുണം ചെയ്യും.
വര്ക്കിച്ചന്: കൊള്ളാം! എന്നെപ്പോലുള്ള ഗൃഹസ്ഥാശ്രമികള്‍ക്കും പകല്മാന്യന്മാര്ക്കും തലയില്‍ മുണ്ടിടാതെ മാടക്കടയില്പ്പോയി സര്ബത്തു വാങ്ങാം!
മദ്യത്തിലെ ചാതുര്‍വര്‍ണ്യം
സുഗുണന്: എന്നു മാത്രമല്ല, വീര്യമനുസരിച്ച് മദ്യങ്ങളെ വിഭജിക്കുന്ന നവീനമായ ഒരു ചാതുര്‍വര്‍ണ്യവ്യവസ്ഥിതി നാട്ടില്‍ നിലവില്‍വരികയാണ്.'
വര്ക്കിച്ചന്: ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം
ഗുണകര്‍മ്മ വിഭാഗശഃ - എന്നല്ലേ നീയും പറയുന്നത്?
സുഗുണന്: പുതിയ ചാതുര്‍വര്‍ണ്യ വ്യവസ്ഥപ്രകാരം നോക്കിയാല്‍ 'റെഡി ടു ഡ്രിങ്ക് സെഗ്മെന്റ്' എന്ന മാടക്കട ബ്രാന്‍ഡ് സര്‍ബത്തുകളും ചക്ക, കശുമാങ്ങ എന്നിവയില്‍നിന്നുള്ള ഹോര്‍ട്ടി ലിക്വറും കള്ളും ശൂദ്രവിഭാഗത്തില്‍ വരും. ഫോറിന് നിര്‍മിത ഫോറിന്മദ്യം ക്ഷത്രിയവംശമാണ്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം ആര്യ വര്‍ഗവും.
വര്ക്കിച്ചന്: എന്നുമുതലാണ് മാടക്കടകളില്‍ ഈ പൂക്കിസര്ബത്തും ശൂദ്രസോഡയും കിട്ടുക? ഓര്‍ക്കുമ്പോള്‍ കൊതിയാകുന്നു!
സുഗുണന്: മദ്യഘടനയും ഭരണഘടനയും അനുശാസിക്കും വിധം നികുതിഘടന നിര്‍ദ്ദേശിക്കപ്പെടുകയും ബില്‍ പാസാക്കപ്പെടുകയും ചെയ്താല്‍ മദ്യക്കമ്പനികള്‍ വെറുതെയിരിക്കില്ല. ഇന്നല്ലെങ്കില്‍ നാളെ സര്‍ബത്തും മറ്റും കുപ്പിയിലാക്കി മാടക്കടകളിലും ബേക്കറികളിലും ബാറുകളിലും അവറ്റകള് വില്‍ക്കും. അതുവരെ ക്ഷമിക്കണം.!
ഒരു ഗ്ലാസ് സര്‍ബത്ത്
വര്ക്കിച്ചന് ദീര്‍ഘനിശ്വാസത്തോടെ പാത്രത്തില്‍ ശേഷിച്ചിരുന്ന കള്ള് തെല്ലു മോന്തി. എന്നിട്ടു പറഞ്ഞു:
'വീര്യം കുറച്ചു കുറഞ്ഞാലും സാരമില്ല! ഈ കപടലോകത്തില്‍ അല്പം സര്‍ബത്ത് ആരും കഴിച്ചുപോകും!'
ഇതു കേട്ട് ചങ്ങമ്പുഴയുടെ ആരാധകന് കൂടിയായ
സോഷ്യലിസ്റ്റ് സുഗുണന് വീട്ടിലേക്ക് നടക്കും വഴി ഇപ്രകാരം പാടി:
'വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനുസമമാം
നല്ലിളം കള്ളു, ചില്ലിന് വെള്ളാസ്സില്
പകര്‍ന്നങ്ങനെ രുചികരമാം മത്സ്യ മാംസാദി കൂട്ടി
ചെല്ലും തോതില്‍ ചെലുത്തി,ക്കളിചിരികള്‍
തമാശൊത്തു മേളിപ്പതേക്കാള്‍
സ്വര്‍ല്ലോകത്തും ലഭിക്കില്ലുപരിയൊരു സുഖം
പോക വേദാന്തമേ നീ!'
കള്ളിനു പകരം സര്‍ബത്ത് എന്നാക്ക ഇതു മാറ്റിപ്പാടുമോ, സുഗുണാ?' - വര്‍ക്കിച്ചന്റെ ചോദ്യം പാട്ടിന്റെ ആനന്ദലഹരിയില്‍ സുഗുണനുണ്ടോ കേള്‍ക്കുന്നു!



