ബെയ്ജിങ്: ബംഗ്ലാദേശിന്റെ 'തീസ്ത നദി സമഗ്ര വികസന പുനരുദ്ധാരണ പദ്ധതി'ക്ക് പിന്തുണ ആവര്‍ത്തിച്ച് ചൈന.
ഇക്കാര്യത്തില്‍ ഇന്ത്യയുടെ ആശങ്ക നിലനില്‍ക്കെയാണ് ചൈനയുടെ പ്രഖ്യാപനം. ചൈന-ബംഗ്ലാദേശ് സഹകരണം മൂന്നാമതൊരു കക്ഷിയെ ലക്ഷ്യംവെച്ചുള്ളതല്ലെന്നും മറ്റാരുടെയും സ്വാധീനത്തിനു വഴങ്ങില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തീസ്ത നദീതടം ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയോട് വളരെ അടുത്ത് കിടക്കുന്ന ഒന്നാണ്. അതിനാല്‍, ബംഗ്ലാദേശ്-ചൈന സംയുക്ത പദ്ധതിയില്‍ ഇന്ത്യ കടുത്ത ആശങ്കയാണു പ്രകടിപ്പിച്ചിരിക്കുന്നത്. നിരവധി അണക്കെട്ടുകളുടെ നിര്‍മാണം ഉള്‍പ്പെടെയുള്ള പദ്ധതിയാണിത്. എന്നാല്‍, ബംഗ്ലാദേശിന്റെ ജനജീവിതവുമായി ബന്ധപ്പെട്ടതാണു പദ്ധതിയെന്നും കഴിയുന്നത്ര പിന്തുണ അതിനു നല്‍കുമെന്നും ജിയാകുന്‍ പറഞ്ഞു. പദ്ധതിയെക്കുറിച്ച് ഇരുരാജ്യങ്ങളിലെയും വിദഗ്ധര്‍ ആദ്യമായി സാങ്കേതിക സാധ്യതാ പഠനം നടത്തുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലൂര്‍ റഹ്മാന് പറഞ്ഞു.
തീസ്ത ഉള്‍പ്പെടെയുള്ള ബംഗ്ലാദേശിലെ നദികളുമായി ബന്ധപ്പെട്ട പദ്ധതികളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ബംഗ്ലാദേശും ചൈനയും തമ്മില്‍ ധാരണയായിട്ടുണ്ട്. തീസ്ത പദ്ധതിക്കായി കഴിഞ്ഞ വര്‍ഷം ചൈനയും ബംഗ്ലാദേശും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടിരുന്നു.




