ദാഹ: പശ്ചിമേഷ്യയില്‍ യുദ്ധഭീതി ഉയര്‍ത്തി ഹോര്‍മുസ് കടലിടുക്കില്‍ രൂപപ്പെട്ട യു.എസ് ഇറാന് സൈനിക പ്രതിസന്ധിക്ക് താല്‍ക്കാലിക ശമനം. ഇരുരാജ്യങ്ങളും പരസ്പരമുള്ള സൈനികാക്രമണങ്ങള്‍ നിര്‍ത്തിവക്കാന്‍ ധാരണയായ പശ്ചാത്തലത്തില്‍, തര്‍ക്കവിഷയങ്ങളില്‍ അന്തിമ സമവായമുണ്ടാക്കാനുള്ള നിര്‍ണായക ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടക്കും.
ഖത്തറിന്റെ മധ്യസ്ഥതയിലാണ് ഇരുപക്ഷവും ഇന്ന് ഒന്നിച്ചിരിക്കുന്നത്. നേരത്തെ ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ച് സംസാരിക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡിലായിരുന്നു ഈ യോഗം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഹോര്‍മുസ് കടലിടുക്കിലുണ്ടായ പുതിയ സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ചര്‍ച്ചകളുടെ വേദിയും അജന്‍ഡയും അടിയന്തരമായി ദോഹയിലേക്ക് മാറ്റുകയായിരുന്നു. യു.എസ്. സൈന്യവും ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡും തമ്മില്‍ അടിയന്തര ആശയവിനിമയത്തിനായി സ്ഥാപിക്കാന്‍ തീരുമാനിച്ച 'ഹോട്ട്ലൈന്‍' സംവിധാനം ഇതുവരെ പ്രവര്‍ത്തനസജ്ജമായിട്ടില്ല. ഇതേച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുകയാണ് ഇന്നത്തെ സാങ്കേതിക സമിതി ചര്‍ച്ചകളുടെ പ്രധാന ലക്ഷ്യം. അമേരിക്കന്‍ സാങ്കേതിക സമിതി തലവന്‍ നിക്ക് സ്റ്റുവര്‍ട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യു.എസിനെ പ്രതിനിധീകരിച്ച് ഇന്ന് ദോഹയില്‍ സംസാരിക്കുക. മേഖലയിലെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ ഖത്തര്‍ നടത്തുന്ന സമാധാന ശ്രമങ്ങളെ രാജ്യാന്തര സമൂഹം അതീവ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്.



