
ടെഹ്റാന്: മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വിലാപയാത്രയ്ക്കായി ഒത്തുകൂടുന്ന രാജ്യത്തെ മുതിര്‍ന്ന നേതാക്കളെ 'ഒറ്റവെടിക്ക്' ഇല്ലാതാക്കാന്‍ കഴിയുമെന്ന് അവകാശപ്പെട്ട യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ ഇറാന്. അമേരിക്കയ്ക്ക് സംസ്കാരമോ ചരിത്രമോ അന്തസോ ഇല്ലെന്നു തിരിച്ചടി. 'മനുഷ്യരെ കൊല്ലാം, എന്നാല്‍ ആശയങ്ങളെ ഇല്ലാതാക്കാനാകില്ല. നിങ്ങള്‍ ആയത്തുള്ള ഖമനേയിയെ കൊന്നു.
എന്നാല്‍ യഥാര്‍ഥത്തില്‍ നിങ്ങള്‍ ഒരു സുഗന്ധദ്രവ്യക്കുപ്പിയാണ് തകര്‍ത്തത്, അതിന്റെ സുഗന്ധം ഇപ്പോള്‍ എല്ലായിടത്തും പടര്‍ന്നു കഴിഞ്ഞു. ജൂലൈ 4-ന് തങ്ങളുടെ 250-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച യുണൈറ്റഡ് സ്റ്റേറ്റ്സിന് ഇത്രയും വലിയ ജനകീയ വിലാപത്തിന്റെ ആഴം മനസിലാക്കാന്‍ കഴിയില്ല. കാരണം അവര്‍ക്ക് സംസ്കാരമോ ചരിത്രമോ അന്തസോ ഇല്ല.'- അര്‍മേനിയയിലെ ഇറാനിയന്‍ എംബസി 'എക്സ്' പോസ്റ്റില്‍ മറുപടി നല്കി.
'ആക്സിയോസി'ന് നല്കിയ അഭിമുഖത്തില്‍ ട്രംപ് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദങ്ങള്‍ക്കു തിരികൊളുത്തിയത്. ഖമനേയിയുടെ സംസ്കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ടു തടിച്ചുകൂടുന്ന വന്‍ ജനക്കൂട്ടത്തെ കണ്ട് താന്‍ അത്ഭുതപ്പെട്ടതായി ട്രംപ് പറഞ്ഞിരുന്നു.
'ആളുകള്‍ ഖമേനിയെ വെറുക്കുന്നു എന്നാണ് ഞാന്‍ കരുതിയത്. ഒരുപക്ഷേ ഇത് കള്ളക്കണ്ണീരായിരിക്കാം. സംസ്കാര ചടങ്ങുകള്‍ക്കായി ഒത്തുകൂടിയ ബാക്കിയുള്ള ഇറാനിയന്‍ നേതൃത്വത്തെ, യു.എസ്. വിചാരിച്ചാല്‍ ഇല്ലാതാക്കാം. അവരെല്ലാം അവിടെയുണ്ട്. ഒറ്റ വെടി മതി, കൂട്ടത്തോടെ സകലരും മരണത്തെ പുല്കും. എന്നാല്‍ യു.എസ്. അത് ചെയ്യാന്‍ പോകുന്നില്ല, കാരണം അങ്ങനെ ചെയ്താല്‍ പിന്നീട് ചര്‍ച്ച നടത്താന്‍ ആരും ശേഷിക്കില്ല.'-ട്രംപ് പറഞ്ഞു.
ഇറാന് തലസ്ഥാനമായ ടെഹ്റാനിലാണു ഖമനേയിയുടെ ഭൗതികശരീരം പൊതുദര്ശനത്തിനുവച്ചിരിക്കുന്നത്.
വിദേശത്തുനിന്നുള്ള പ്രമുഖരടക്കം ആയിരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തുന്നുണ്ട്. ഫെബ്രുവരി 28-ന് യു.എസ്, ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം ടെഹ്റാന്, ഖോം, നജാഫ്, കര്‍ബല എന്നിവിടങ്ങളിലെ വിലാപയാത്രകള്‍ക്ക് ശേഷം ഈമാസം ഒന്‍പതിന് ജന്മനാടായ മഷ്ഹദില്‍ സംസ്കരിക്കും.




