
വാഷിങ്ടണ്‍: 'മരിച്ച' നിരവധി നക്ഷത്രങ്ങള്‍ അടങ്ങിയ പ്രപഞ്ചത്തിന്റെ ആദ്യകാല ഗാലക്സി കണ്ടെത്തി. മഹാവിസ്ഫോടനത്തിനുശേഷം 140 കോടി വര്‍ഷം കഴിഞ്ഞു രൂപപ്പെട്ട ഗാലക്സിയെയാണു കണ്ടെത്തിയത്. അവിടെ പുതിയ നക്ഷത്രങ്ങള്‍ രൂപമെടുക്കുന്നത് അപൂര്‍വമാണ്. അവശേഷിക്കുന്നത് നശിച്ചതും ചുവന്ന കുള്ളന്‍ അവസ്ഥയിലുമുള്ള നക്ഷത്രങ്ങളാണ്.
വാല്നക്ഷത്രത്തെപ്പോലെയുള്ള ഗാലക്സി എസ്പിടി2349-56 എന്ന ഗാലക്സി ക്ലസ്റ്ററിനു സമീപമാണു പഴയ ഗാലക്സിയെ കണ്ടെത്തിയത്. അസാധാരണമായ ആകൃതിയാണു ശാസ്ത്രജ്ഞരെ സി26 എന്ന ഗാലക്സിയിലേക്ക് ആകര്‍ഷിച്ചത്. വാല്‍നക്ഷത്രത്തെപ്പോലെ സി26നു 'തലയും വാലും' ഉണ്ട്. കൂടാതെ ഇതിന്റെ വാലിനുള്ളില് തിങ്ങിനിറഞ്ഞതും തിളക്കമുള്ളതുമായ ഒരു ഭാഗവുമുണ്ട്. ആല്മ ഇമേജുകളിലാണ് സി26 നെ ആദ്യമായി കണ്ടെത്തിയത്. ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി , ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി എന്നിവയില്‍നിന്നുള്ള നിരീക്ഷണങ്ങള്‍ ഉപയോഗിച്ച്, ് ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയിലെ ദാഴി ഷൗവിന്റെ നേതൃത്വത്തിലുള്ള സംഘം ഈ ഗാലക്സിയുടെ പിണ്ഡവും നക്ഷത്ര രൂപീകരണ സവിശേഷതകളും പഠിച്ചു.
അള്ട്രാവയലറ്റ പ്രകാശത്തില്‍ കണ്ടെത്തിയതിനാല്‍ അതിന്റെ വാലില്‍ പ്രായം കുറഞ്ഞ നക്ഷത്രങ്ങളാണ് ഉള്ളതെന്ന് കരുതപ്പെടുന്നു. ഇതിന്റെ തലഭാഗത്തിന് ഏകദേശം 2200 കോടി സൗരപിണ്ഡവും വാല് ഭാഗത്തിന് ഏകദേശം 600 സൗരപിണ്ഡവുമുണ്ട്.
സി26ന്റെ തലഭാഗത്തെ നക്ഷത്ര രൂപീകരണ നിരക്ക് സാധാരണ ഗാലക്സികളേക്കാള്‍ കുറവാണ്, എന്നാല്‍ വാല് ഭാഗത്ത പ്രതീക്ഷിച്ച നിരക്ക് പുലര്‍ത്തുന്നുണ്ട്.
പുതിയ നക്ഷത്രങ്ങളുടെ രൂപീകരണത്തിനായി ഗാലക്സിയിലുള്ള തണുത്ത വാതകത്തിന്റെ അളവ് കണക്കാക്കിയപ്പോള്‍, പതിനായിരക്കണക്കിന് കോടി സൗരപിണ്ഡം വാതകം ഉണ്ടെങ്കിലും അതില്‍ പകുതിയിലധികവും ഗാലക്സിക്ക് ഉള്ളില്‍ പോലുമെല്ലന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഈ വാതകം ഗാലക്സിക്ക് പിന്നാലെയുള്ള നീളമുള്ള വാലിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്. നക്ഷത്ര രൂപീകരണത്തിന് അനുയോജ്യമായ സാന്ദ്രതയേറിയതും പ്രക്ഷുബ്ധവുമായ വാതകമല്ലിത്.
ഗാലക്സികള്‍ക്ക് സാധാരണയായി രണ്ട് രീതികളിലാണ് ഇത്തരത്തില്‍ വാതകം നഷ്ടപ്പെടുന്നത്. ടൈഡല്‍ ഇന്ററാക്ഷന് അല്ലെങ്കില്‍ ലയനം വഴി പിണ്ഡം നഷ്ടമാകാം. മറ്റൊരു ഗാലക്സിയുടെ ഗുരുത്വാകര്‍ഷണം കാരണം വാതകം നഷ്ടപ്പെടാം.
ലയനത്തിനുള്ള സാധ്യത ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നു. കാരണം, വാലില്‍ കാണപ്പെടുന്ന തിളക്കമുള്ള ഭാഗം മാത്രമാണ് ഇതിന് കാരണമാകാന്‍ സാധ്യതയുള്ള ഒരേയൊരു ഘടകം. എന്നാല്‍ ഇത്രയധികം വാതകം ഗുരുത്വാകര്‍ഷണം വഴി വലിച്ചെടുക്കാന്‍ മാത്രമുള്ള പിണ്ഡം അതിനില്ല.
വന്‍തോതില്‍ വാതകശേഖരം ഉണ്ടായിരുന്നിട്ടും, ഗാലക്സിയിലെ നക്ഷത്ര രൂപീകരണം അത്ഭുതപ്പെടുത്തുംവിധം കുറവാണ് - ഒരു ലയനത്തില്‍നിന്ന് പ്രതീക്ഷിക്കുന്ന രീതിയിലുള്ള നക്ഷത്ര സ്ഫോടനങ്ങളൊന്നും ഇവിടെ നടക്കുന്നില്ല. സി26 എന്ന ഗാലക്സി ഇപ്പോള്‍ ഈ മാറ്റത്തിന്റെ മധ്യഘട്ടത്തിലാണെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു;അതായത്, വലിയ അളവില്‍ നക്ഷത്ര രൂപീകരണം നടന്നിരുന്ന ഈ ഭീമന് ഗാലക്സിക്ക് അതിന്റെ ഭൂരിഭാഗം വാതകവും ഇതിനകം നഷ്ടപ്പെടുകയും, അത് നക്ഷത്ര രൂപീകരണമില്ലാത്ത ഒരു ചത്ത ഗാലക്സിയായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്.




