ദോഹ: യു.എന്‍, യൂറോപ്യന്‍ യൂണിയന് യോഗങ്ങള്‍ക്ക് മുന്നോടിയായുള്ള ആറുദിവസത്തെ സുപ്രധാന പശ്ചിമേഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ദോഹയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയുമായി കൂടിക്കാഴ്ച നടത്തി.ഇറാന്-യു.എസ് തര്‍ക്കങ്ങളെത്തുടര്‍ന്ന് ആഗോള ഊര്‍ജ്ജമേഖലയിലുണ്ടായ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍, ഇന്ത്യയിലേക്കുള്ള എണ്ണ, വാതക വിതരണം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം.
5 മുതല്‍ 10 വരെ നീണ്ടുനില്‍ക്കുന്ന വിദേശയാത്രയില്‍ ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍ എന്നീ നാല് പശ്ചിമേഷ്യന്‍ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുക.
പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ഭരണനേതൃത്വങ്ങളുമായും വിദേശകാര്യമന്ത്രിമാരുമായും അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തും. ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനൊപ്പം ഈ രാജ്യങ്ങളിലെ വലിയ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമവും ചര്‍ച്ചകളില്‍ പ്രധാന വിഷയമാണ്.
ഖത്തര്‍ പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുന്നതിനെക്കുറിച്ചും, പ്രത്യേകിച്ച് സാമ്പത്തിക മേഖലയിലെ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. പ്രാദേശികമായുണ്ടായ പുതിയ സംഭവവികാസങ്ങള്‍, അവ ആഗോള സമ്പദ്വ്യവസ്ഥയിലും ഊര്‍ജ്ജ വിപണിയിലും ചെലുത്തുന്ന സ്വാധീനം എന്നിവയ്ക്ക് പുറമെ പൊതുവായ താല്‍പ്പര്യമുള്ള മറ്റ് നിരവധി വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ചര്‍ച്ചകളിലൂടെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
ഖത്തറിനും ഇന്ത്യയ്ക്കും മുന്‍ഗണനയുള്ള വിവിധ വിഷയങ്ങളില്‍ സഹകരണം തുടരാന്‍ ഇരുപക്ഷവും ധാരണയിലെത്തിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ പര്യടനത്തിന് ശേഷം നയതന്ത്രപരമായി ഏറെ പ്രാധാന്യമുള്ള യു.എന്‍, യൂറോപ്യന്‍ യൂണിയന് യോഗങ്ങളില്‍ പങ്കെടുക്കാന്‍ മന്ത്രി ജയശങ്കര്‍ അമേരിക്കയും ബെല്‍ജിയവും സന്ദര്‍ശിക്കും.




