
ടെഹ്റാന്: വധിക്കപ്പെട്ട ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകള്‍ക്ക് ഇറാനില്‍ പുരോഗമിക്കുന്നു. മറ്റു മൂന്ന് ആണ്മക്കളും ചടങ്ങുകളില്‍ പങ്കെടുത്തെങ്കിലും പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്തബ ഖമനേയിയുടെ അസാന്നിധ്യം ശ്രദ്ധേയം. സുരക്ഷാ കാരണങ്ങളാലാണ് മൊജ്തബ വിട്ടുനില്‍ക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
ആയത്തുള്ള അലി ഖമനേയിയുടെ മൂന്ന് പുത്രന്മാരായ മുസ്തഫ, മെയ്സം, മസൂദ് എന്നിവര്‍ ഇന്നലെ ടെഹ്റാനില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുത്തു. ഖമനേയിയുടെയും മറ്റു നാല് കുടുംബാംഗങ്ങളുടെയും ഭൗതികശരീരങ്ങള്ക്കു സമീപം ഇവര്‍ പ്രാര്‍ഥന നടത്തിയെങ്കിലും ചടങ്ങില്‍ പങ്കെടുക്കാന്‍ മൊജ്തബ എത്താത്തതാണ് ദുരൂഹതയ്ക്കു പിന്നില്‍.
ഇറാന് തലസ്ഥാനത്തെ ഇമാം ഖൊമേനി ഗ്രാന്‍ഡ് മൊസല്ലയില്‍ നടന്ന ചടങ്ങില്‍ ശവപേടകങ്ങള്‍ക്ക് പിന്നിലായി മൂന്നു സഹോദരന്മാരും നില്ക്കുന്ന ദൃശ്യങ്ങള്‍ ഔദ്യോഗിക ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സംസ്കാരച്ചടങ്ങുകളാണ് ടെഹ്റാനില്‍ നടക്കുന്നത്. ഖമനേയിയുടെ മൃതദേഹത്തിനരികിലായി ആക്രമണത്തില്‍ ഒപ്പം കൊല്ലപ്പെട്ട മകള്‍, മരുമകന്, മരുമകള്‍, 14 മാസം പ്രായമുള്ള കൊച്ചുമകള്‍ എന്നിവരുടെ മൃതദേഹങ്ങളും പൊതുദര്‍ശനത്തിനായി വച്ചിട്ടുണ്ട്. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ പിതാവും മറ്റ് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടപ്പോള്‍ മൊജ്തബ ഖമനേയിക്കും ഗുരുതര പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആക്രമണത്തില്‍ മൊജ്തബയുടെ മുഖം വികൃതമായെന്നും കാലുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഇറാന് നിഷേധിച്ചിരുന്നു. അതേസമയം, സുരക്ഷാ കാരണങ്ങളാലാണ് മൊജ്തബ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാത്തതെന്ന് ഇറാന് അധികൃതരും പുതിയ പരമോന്നത നേതാവിന്റെ പ്രതിനിധികളും പ്രസ്താവനയില്‍ അറിയിച്ചു. ഇസ്രയേലിന്റെ ഭീഷണികളും നിരീക്ഷണ സാധ്യതകളും നിലനില്‍ക്കുന്നതിനാല്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത് അതീവ അപകടകരമാണെന്ന് മൊജ്തബയുടെ ഇന്ത്യയിലെ പ്രതിനിധി ആയത്തുള്ള ഹക്കീം ഇലാഹി പറഞ്ഞു.




