ഫുട്ബോള്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷയുമായി മുന്‍ ചാമ്പ്യന്‍ ഫ്രാന്‍സും സ്വീഡനും നേര്‍ക്കു നേര്. ഇതുവരെ 24 തവണയാണ് അവര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. 12 തവണ ജയിച്ച ഫ്രാന്‍സിനാണു മുന്‍തൂക്കം.
ആറ് മത്സരങ്ങളില്‍ സ്വീഡന് ജയിക്കുകയും അഞ്ചെണ്ണം സമനിലയാക്കകയും ചെയ്തു. പ്രധാന ടൂര്‍ണമെന്റില്‍ മൂന്നാം തവണയാണെങ്കിലും ലോകകപ്പില്‍ ആദ്യത്തെ ഏറ്റുമുട്ടലാണ്്. 1998 ലോകകപ്പിനു ശേഷം എല്ലാ ഗ്രൂപ്പ് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണു ദിദിയര്‍ ദെഷാംപ്സ് ഒരുക്കുന്ന ഫ്രഞ്ച് ടീം എത്തുന്നത്. ഐ ഗ്രൂപ്പിലെ സെനഗല്‍, ഇറാഖ്, നോര്‍വേ എന്നിവരെ തോല്‍പ്പിക്കാന്‍ ഫ്രാന്‍സിനായി. 1998 ലോകകപ്പില്‍ ഫ്രഞ്ച് നായകനായിരുന്ന ദെഷാംപ്സ് ഇന്ന് കോച്ചിന്റെ രൂപത്തിലാണ്. ഇതുവരെ നടന്ന മത്സരങ്ങളിലെല്ലാം കുറഞ്ഞത് മൂന്ന് ഗോളടിക്കാന്‍ അവര്‍ക്കായി. നാല് ഗോള്‍ വീതമടിച്ച കിലിയന്‍ എംബാപ്പെയും ഒസുമാനെ ഡെംബലെയുമാണ് ഫ്രഞ്ച് ഗോളടി യന്ത്രങ്ങള്‍. നോര്‍വേയ്ക്കെതിരേ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഡെംബലെ ഹാട്രിക്കടിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് അഞ്ച് ഗോളുകളാണ് അടിച്ചത്. എംബാപ്പെ ഡെംബല്ക്ക് രണ്ട് അസിസ്റ്റുകള്‍ നല്കി. മറിച്ച് മൂന്ന് അസിസ്റ്റുകളാണ് ഡെംബെലെ എംബാപ്പെയ്ക്കു നല്‍കിയത്.
മൈക്കിള്‍ ഒലിസ്, ഡിസയര്‍ ദ്യു എന്നിവരുടെ മിന്നും ഫോം ഫ്രഞ്ച് പടയോട്ടത്തിനു മൂര്‍ച്ച കൂട്ടും. 2006 ലെ ഫൈനലിലും (ഇറ്റലിക്കെതിരേ) 2014 ലെ ക്വാര്‍ട്ടര്‍ ഫൈനലിലും (ജര്‍മനിക്കെതിരേ) കഴിഞ്ഞ ഫൈനലിലും (അര്‍ജന്റീനയ്ക്കെതിരേ) മാത്രമാണ് ഫ്രഞ്ചുകാര്‍ നോക്കൗട്ട് തോല്‍വിയറിഞ്ഞത്. എഫ് ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായാണ് ഗ്രഹാം പോട്ടറുടെ സ്വീഡന് നോക്കൗട്ടില്‍ കടന്നത്. നെതര്‍ലന്‍ഡ്സ്, ജപ്പാന് എന്നിവര്‍ക്കു പിന്നിലായിരുന്നു അവര്‍. ഗോളിലേക്കു 11 ഷോട്ടുകളും എട്ട് അവസരങ്ങളും കുറിച്ച വിക്ടോര്‍ ഗ്യോകേഴ്സാണ് പോട്ടറുടെ ഏറ്റവും വലിയ പ്രതീക്ഷ. റാല്‍ഫ് എഡ്സ്റ്റോം (18 ഷോട്ടുകളും 15 അവസരങ്ങളും), തോമാസ് ബ്രോലിന്‍ (20 ഷോട്ടുകളും 17 അവസരങ്ങളും) എന്നിവരുടെ നിരയിലേക്കാണ് വിക്ടോറുടെ മുന്നേറ്റം. ആന്റണി ഇലാങ്ക, അലക്സാണ്ടര്‍ ഇസാക്, യാസിന് അയാരി എന്നിവരെ ഫ്രഞ്ചുകാര്‍ക്കു നിസാരക്കാരായി കാണാനാകില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഗോളടിക്കാന്‍ ആന്റണി ഇലാങ്കയ്ക്കായി. ലോകകപ്പില്‍ തുടരെ മൂന്ന് മത്സരങ്ങളില്‍ ഗോളടിച്ച സ്വീഡിഷ് താരങ്ങളുടെ (ആര്‍നെ നിബോര്ഗ്, 1938), കുര്‍ട്ട് റൊണാള്‍ഡ് ഹാംറിന് (1958), മാര്ട്ടിന് ഡാഹ്ലിന് (1994), കെന്നറ്റ് ആന്ഡേഴ്സണ് (1994) എന്നിവരുടെ പട്ടികയിലേക്കാണ് ഇലാങ്കയുടെ മുന്നേറ്റം. 2012 ലെ യൂറോ കപ്പിലാണ് ഫ്രാന്‍സും സ്വീഡനും അവസാനം ഏറ്റുമുട്ടിയത്്. മത്സരത്തില്‍ സ്വീഡന് 2-0 ത്തിനു ജയിച്ചു.





