ലണ്ടന്‍: വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ഒന്നാം സെമി ഫൈനല്‍ ഇന്നു നടക്കും. ഓവലില്‍ നടക്കുന്ന ഒന്നാം സെമിയില്‍ ഓസ്ട്രേലിയ വെസ്റ്റിന്‍ഡീസിനെ നേരിടും. ജൂലൈ രണ്ടിനു നടക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ട് വനിതകള്‍ ദക്ഷിണാഫ്രിക്കയെയും നേരിടും. ഞായറാഴ്ചയാണു ഫൈനല്‍.
ഗ്രൂപ്പ് 1 ലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയയോട് ആറ് വിക്കറ്റിനു തോറ്റതോടെ ഇന്ത്യ പുറത്തായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റിന് 170 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഓസീസ് വനിതകള്‍ കളി തീരാന്‍ ഒരോവര്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ഗ്രൂപ്പ് 1 ല്‍നിന്ന് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും സെമി ഫൈനലില്‍ കടന്നു. ഗ്രൂപ്പ് 2 ല്‍ ഇംഗ്ലണ്ട് വനിതകളും വെസ്റ്റിന്‍ഡീസും ഒന്നും രണ്ടും സ്ഥാനക്കാരായി ഫിനിഷ് ചെയ്തു. ലോഡ്സില്‍ ടോസ് നേടിയ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍ ആദ്യം ബാറ്റ് ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു.
27 പന്തില്‍ മൂന്ന് സിക്സറും ആറ് ഫോറുമടക്കം 56 റണ്ണെടുത്ത കൗറാണ് ഇന്ത്യയെ 170 ലെത്തിച്ചത്. ഓപ്പണര്‍ സ്മൃതി മന്ദാന (37 പന്തില്‍ 38), ഷഫാലി വര്‍മ (26 പന്തില്‍ രണ്ട് സിക്സറും മൂന്ന് ഫോറുമടക്കം 34), ജെമീമ റോഡ്രിഗസ് (28 പന്തില്‍ ഒരു സിക്സറും ഫോറുമടക്കം 34) എന്നിവരും മികച്ച ബാറ്റിങ് പുറത്തെടുത്തു. ഓസീസിനായി എലിസ പെറി (38 പന്തില്‍ 56), ആഷ്ലീഗ് ഗാഡ്നര്‍ (29 പന്തില്‍ മൂന്ന് സിക്സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 53) എന്നിവര്‍ വിജയ ശില്‍പ്പികളായി. വൈകിട്ടു നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ നാല് വിക്കറ്റിനു തോല്‍പ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാ വനിതകള്‍ അഞ്ച് വിക്കറ്റിന് 117 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക കളി തീരാന്‍ നാല് പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.






