
ലൊസാഞ്ചലസ്: ഒന്റാറിയോയിലെ ലെമിങ്ടണില് 1996 ഡിസംബര്‍ 21 നു ജനിച്ച സ്റ്റീഫന്‍ യുസ്റ്റാക്വിയോ ഇന്ന് കാനഡയുടെ ഹീറോയാണ്. പോര്‍ചുഗീസ് വംശജരാണു മാതാപിതാക്കള്‍. പറങ്കി സംസ്കാരത്തിന്റെ സ്വാധീനം താരത്തിനുണ്ട്.
മെക്സിക്കോയിലെ ക്രൂസ് അസുളിനു വേണ്ടിയാണു കളിച്ചു തുടങ്ങിയത്. പാകോസ് ഡാ ഫെരേരയില്‍ വായ്പാ അടിസ്ഥാനത്തിലെത്തി. 2022 മേയില്‍ പോര്‍ചുഗീസ് ക്ലബ് എഫ്.സി. പോര്‍ട്ടോയുടെ ഭാഗമായി. പോര്‍ട്ടോയ്ക്കായി 95 മത്സരങ്ങള്‍ കളിച്ചു. ഒന്നിലധികം കിരീടങ്ങളില്‍ മുത്തമിട്ടു. 2019 ഫെബ്രുവരിയിലാണ് ആദ്യ രാജ്യാന്തര മത്സരം കളിച്ചത്്. 2022 ലെ ഖത്തര്‍ ലോകകപ്പിലും 2023 ലെ കോണ്‍കാകാഫ് നേഷന്‍സ് ലീഗ് ഫൈനലിലും കളിച്ചു. 2024 ലെ കോപാ അമേരിക്കയിലും കനേഡിയന്‍ ടീമിന്റെ ഭാഗമായി. കഴിഞ്ഞ ഫെബ്രുവരിയിലാണു പോര്ട്ടോയില്നിന്നു വായ്പ അടിസ്ഥാനത്തില്‍ ലൊസാഞ്ചലസ് എഫ്.സിയുടെ ഭാഗമായത്. കാനഡയ്ക്കായി 61 മത്സരങ്ങളിലായി ആറ് ഗോളുകളടിച്ചു. 2023 ല്‍ ജമൈക്കയ്ക്കെതിരേ ഗോളടിച്ച ശേഷം രാജ്യാന്തര ഫുട്ബോള്‍ വല കുലുക്കുന്നതു ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ്.
യുസ്റ്റാക്വിയോ മാതാവ് എസ്മെറാള്‍ഡ 2023 ഏപ്രിലില്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു മരിച്ചു. ഒരു വര്‍ഷം കഴിഞ്ഞ് പിതാവ് യുസ്റ്റാക്വിയോയും ഹൃദയാഘാതം മൂലം മരിച്ചു. ഗോള്‍ മാതാപിതാക്കള്‍ക്കും ജീവിത പങ്കാളിക്കും മകള്‍ക്കും സഹോദരനും സമര്‍പ്പിക്കുന്നതായി മത്സരത്തിനു ശേഷം യുസ്റ്റാക്വിയോ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരേ സെറ്റ് പീസുകളുടെ സൂത്രധാരനായി കളം നിറയാന്‍ യുസ്റ്റാക്വിയോയ്ക്കായി. കളിയുടെ 17-ാം മിനിറ്റില്‍ യുസ്റ്റാക്വിയോ നല്കിയ പന്തിനെ ജൊനാഥന് ഡേവിഡ് വോളിയിലൂടെ ഗോളിലേക്കു പായിച്ചെങ്കിലും ഭാഗ്യം കൂട്ടുനിന്നില്ല. 22-ാം മിനിറ്റില്‍ യുസ്റ്റാക്വിയോയുടെ ഫ്രീകിക്കിനെ ഡെറക് കോര്‍ണെലിയസ് ഹെഡറിലൂടെ വലയിലാക്കാന്‍ ശ്രമിച്ചു.





