
ഹൂസ്റ്റണ്‍: പൊരുതി നിന്ന ജപ്പാനെ ഇഞ്ചുറി ടൈമില്‍ മാര്‍ട്ടിനെല്ലി നേടിയ ഗോളില്‍ വീഴ്ത്തി ബ്രസീല്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കായിരുന്നു ഏഷ്യന്‍ വമ്പന്മാരും അട്ടിമറി വീരന്മാരുമായ ജപ്പാനെ തോല്‍പ്പിച്ചത്. കാസിമിറോയും മാര്‍ട്ടിനെല്ലിയും ബ്രസീലിനായി സ്കോര്‍ ചെയ്തപ്പോള്‍ ജപ്പാനായി സാനോ ഗോള്‍ നേടി ടീമിനെ ആദ്യം മുന്നിലെത്തിച്ചിരുന്നു.
കളിയുടെ 29-ാം മിനിറ്റില്‍ കൈഷു സാനോയിലൂടെ ജപ്പാനാണ് ആദ്യം മുന്നിലെത്തിയത്. 56-ാം മിനിറ്റില്‍ കാസെമിറോയുടെ ഹെഡ്ഡറിലൂടെ ബ്രസീല്‍ സമനില പിടിച്ചു. 95-ാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ബ്രസീലിന്റെ വിജയഗോള്‍ നേടി. പ്രീ-ക്വാര്‍ട്ടറില്‍ ബ്രസീല്‍ നോര്‍വേയെയോ ഐവറി കോസ്റ്റിനെയോ നേരിടും. ആദ്യ പകുതിയില്‍ ബ്രസീലിനെക്കാള്‍ മികച്ചു നിന്ന ജപ്പാന് ഉജ്ജ്വലമായ പോരാട്ടമാണ് കാഴ്ചവെച്ചത്.
പരിശീലകന് കാര്‍ലോ ആന്‍സലോട്ടി രണ്ടാം പകുതിയില്‍ വരുത്തിയ തന്ത്രപരമായ മാറ്റങ്ങള്‍ ബ്രസീലിന് തുണയായി മാറി. ആദ്യ പകുതിയുടെ 29-ാം മിനിറ്റില്‍ ബ്രസീല്‍ താരം ഡാനിലോയുടെ പിഴവില്‍ നിന്ന് പന്ത് പിടിച്ചെടുത്ത ജപ്പാന് താരം കൈഷു സാനോ കാസെമിറോയെ മറികടന്ന് പന്ത് വലയിലെത്തിച്ചു. ഇതിന് മറുപടി നല്കാന് ആദ്യ പകുതിയില്‍ ബ്രസീലിനായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ തികച്ചും വ്യത്യസ്തമായ ബ്രസീലിനെയാണ് കാണാന്‍ കഴിഞ്ഞത്. 56-ാം മിനിറ്റില്‍ ഗബ്രിയേല്‍ നല്കിയ ക്രോസ്സ് മനോഹരമായ ഒരു ഹെഡ്ഡറിലൂടെ കാസെമിറോ ജപ്പാന്റെ വലയിലെത്തിച്ച് ബ്രസീലിന് സമനില നേടിക്കൊടുത്തു. തൊട്ടുപിന്നാലെ വിനീഷ്യസ് ജൂനിയറിന്റെ ഒരു തകര്‍പ്പന്‍ സോളോ റണ്‍ ജപ്പാന് ഗോള്‍കീപ്പര്‍ സിയോണ്‍ സുസുക്കി തട്ടിയകറ്റിയതിനാല്‍ അത് പോസ്റ്റില്‍ തട്ടി തെറിച്ചു.
മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ്, കളിയുടെ അവസാന നിമിഷത്തില്‍ ജപ്പാന് താരം ഓ ടനാകയ്ക്ക് വരുത്തിയ പിഴവില്‍ നിന്ന് ബ്രസീല്‍ പന്ത് പിടിച്ചെടുത്തത്. ബ്രൂണോ ഗ്വിമാരേസ് നല്കിയ പാസ് സ്വീകരിച്ച മാര്‍ട്ടിനെല്ലി പന്ത് കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് ബ്രസീലിന് ആവേശകരമായ വിജയം സമ്മാനിച്ചു. ശക്തമായി പോരാടിയിട്ടും അവസാന നിമിഷത്തിലെ ഒരൊറ്റ പിഴവുകൊണ്ട് ജപ്പാന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തുപോകേണ്ടി വന്നു.





