കൊല്‍ക്കത്ത: വന്ധ്യതാ ചികിത്സയുടെ ഭാഗമായി ഐ.വി.എഫ്. സംവിധാനത്തിലൂടെ കുഞ്ഞ് ജനിക്കുന്നതില്‍ പുരുഷന് യാതൊരു ശാരീരികപങ്കാളിത്തവുമില്ലെന്നും ഭാര്യക്കു ഗര്ഭധാരണശേഷിയുണ്ടെങ്കില് ഭര്‍ത്താവിന്റെ പ്രായാധിക്യം ഇക്കാര്യത്തില്‍ തടസമല്ലെന്നും കല്‍ക്കട്ട ഹൈക്കോടതി.
2014 മുതല്‍ കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് ഐ.വി.എഫ്. ചികിത്സയ്ക്കു വിധേയരാകാന്‍ അനുമതി നല്‍കിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാനവിധി. അസിസ്റ്റഡ് റീപ്ര?ഡക്ടീവ് ടെക്നോളജി (എ.ആര്.ടി) നിയമം (2021) അനുവദിക്കുന്നതിനേക്കാള്‍ പ്രായം ഭര്ത്താവിനുണ്ടെന്നത് ഇക്കാര്യത്തില്‍ തടസമല്ലെന്നും ജസ്റ്റിസ് കൃഷ്ണറാവു വ്യക്തമാക്കി.
കുഞ്ഞിനു ജന്മം നല്‍കാനുള്ള ഭാര്യയുടെ അവകാശത്തില്‍ ഭര്‍ത്താവ് തടസം നില്ക്കാന് പാടില്ല. എ.ആര്.ടി. നടപടിക്രമങ്ങളില്‍ ഭര്‍ത്താവിനു യാതൊരു പങ്കുമില്ല. ഭ്രൂണത്തെ ഗര്‍ഭത്തില്‍ വഹിക്കുന്നതു സ്ത്രീയാണ്. പിന്തുണയ്ക്കുന്ന പങ്കാളി എന്നതിലുപരി കുഞ്ഞിന്റെ ജന്മത്തില് പുരുഷനു പങ്കില്ല. ഈ കേസില്‍, ഗര്‍ഭം ധരിക്കാന്‍ സ്ത്രീക്കു ശാരീരികക്ഷമതയുണ്ടെന്നു മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആരോഗ്യത്തിന്റെയും പ്രായത്തിന്റെയും അടിസ്ഥാനത്തില്‍ അവര്‍ക്ക് എ.ആര്.ടി. ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് അതിനര്‍ത്ഥമെന്നു കോടതി വ്യക്തമാക്കി.
എ.ആര്.ടി. ബാങ്കില്‍നിന്ന് ബീജവും അണ്ഡവും ലഭ്യമാക്കി ഐ.വി.എഫ്. ചികിത്സയിലൂടെ ഗര്‍ഭധാരണത്തിന് അനുമതി തേടിയാണ് ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന് 57 വയസുള്ളതിനാല്‍ ആശുപത്രിക്കാര് ഐ.വി.എഫ്. ചികിത്സ നിഷേധിച്ചെന്ന് ദമ്പതികളുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. എ.ആര്.ടി. നിയമപ്രകാരം ഐ.വി.എഫ്. ചികിത്സയില്‍ പുരുഷന് 55 വയസും സ്ത്രീക്ക് 50 വയസുമാണ് പ്രായപരിധി. ഇക്കാരണത്താല്‍ ദമ്പതികള്‍ ഐ.വി.എഫ്. ഗര്‍ഭധാരണത്തിനു യോഗ്യരല്ലെന്നായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ നിലപാട്.
എന്നാല്‍, വിവാഹിതയായ സ്ത്രീക്കു സ്വയം ഒരു ക്ലിനിക്കിലെത്തി ഐ.വി.എഫ്. ആവശ്യപ്പെടാമെന്നും ക്ലിനിക്കിന് അത് നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഈ കേസില്‍ ഇരുവരും ചേര്‍ന്നാണ് ഐ.വി.എഫ്. ആവശ്യപ്പെട്ടത്. ദുരുപയോഗം തടയാനാണു നിയമത്തില്‍ പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. ഭര്‍ത്താവിന്റെ ശേഷിക്കുറവ് ഭാര്യ സഹിക്കേണ്ടതില്ലെന്നും ദമ്പതികള്‍ക്കു ചികിത്സ നല്‍കാനും കോടതി ആശുപത്രിയോട് നിര്‍ദേശിച്ചു.




