ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനപ്പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട അന്വേഷണം രാമജന്മഭൂമി ട്രസ്റ്റ് ഉപയോഗിക്കുന്ന ബാങ്കുകളിലേക്കു വ്യാപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ട്രസ്റ്റിന് അക്കൗണ്ടുള്ള ബാങ്ക് ഓഫ് ബറോഡയുടെ (ബി.ഒ.ബി.) പ്രാദേശിക ശാഖയ്ക്ക് അയോധ്യ പോലീസ് നോട്ടീസ് നല്കി. ക്ഷേത്രത്തിലേക്ക് ലഭിക്കുന്ന ഓണ്‍ലൈന്‍ വഴിപാടുകളുടെ 10 മുതല്‍ 15 ശതമാനം വരെ ഈ ബാങ്കിലെ പ്രത്യേക അക്കൗണ്ടിലേക്കാണ് നേരിട്ട് നിക്ഷേപിക്കുന്നത്. ബാക്കിയുള്ള തുക ട്രസ്റ്റിന്റെ പ്രധാന ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് (എസ്.ബി.ഐ.) നിക്ഷേപിക്കുന്നത്. ബാങ്ക് ഓഫ് ബറോഡയില്‍ പണമിടപാടുകള്‍ നേരിട്ട് നടക്കാറില്ലെന്നും പണം എണ്ണുന്നതിലോ ട്രസ്റ്റിന്റെ മറ്റ് പ്രവര്‍ത്തനങ്ങളിലോ ബാങ്ക് ജീവനക്കാര്‍ക്ക് പങ്കില്ലെന്നുമാണു വിവരം. എസ്.ബി.ഐ. ആണ് ഇതിനായി കാഷ്യര്‍മാരെ ഔട്ട്സോഴ്സ് ചെയ്യുന്നത്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച അവസാനം എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ആറു പേര് രാമജന്മഭൂമി ട്രസ്റ്റിലെ ജീവനക്കാരാണ്. ഇവര്‍ ചിലര്‍ നേരിട്ട് പണം കൈകാര്യം ചെയ്തവരുമാണ്.ട്രസ്റ്റ് രൂപീകരിച്ചത് മുതല്‍ പ്രതിമാസം ഒരു കോടി മുതല്‍ 1.5 കോടി രൂപ വരെയാണ് വഴിപാടായി ലഭിക്കുന്നത്. എന്നാല്‍ മഹാകുംഭം പോലുള്ള വലിയ ആഘോഷങ്ങളിലും അവധി ദിവസങ്ങളിലും ഓണ്‍ലൈന്‍ നിക്ഷേപങ്ങള്‍ 4 കോടി മുതല്‍ 5 കോടി രൂപ വരെയായി ഉയരാറുണ്ട്.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ ട്രസ്റ്റിന് 327 കോടി രൂപയുടെ വരുമാനമുണ്ടായെന്നാണു കഴിഞ്ഞ സെപ്റ്റംബറിലെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഇതില്‍ 153 കോടി രൂപ സംഭാവനയായും 173 കോടി രൂപ പലിശ ഇനത്തിലുമാണ് ലഭിച്ചത്.വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ ട്രസ്റ്റ് പ്രതിനിധികള്‍ ബാങ്കില്‍നിന്നു പണം പിന്‍വലിക്കാറുള്ളൂ. അംഗീകൃത വ്യക്തികള്‍ ചെക്ക് മുഖേന മാത്രമാണു പണം പിന്‍വലിക്കുന്നത്. വലിയ തുകകളാണെങ്കില്‍ മുതിര്‍ന്ന ട്രസ്റ്റ് ഉദ്യോഗസ്ഥരുമായി ക്രോസ്-വെരിഫിക്കേഷന് നടത്തിയശേഷമേ ചെക്കുകള്ക്ല ിയര്‍ ചെയ്യാറുള്ളൂവെന്നാണു ബാങ്കുകള്‍ വ്യക്തമാക്കുന്നത്.
സംഭാവന മോഷണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്ക്ക് കഴിഞ്ഞയാഴ്ച രാജിവച്ചിരുന്നു. ബാങ്ക് ഓഫ് ബറോഡയുടെ അയോധ്യ ശാഖയില്‍ അദ്ദേഹത്തിനും അക്കൗണ്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍നിന്നു മാറ്റിയ ഈ അക്കൗണ്ട് നിലവില്‍ സജ്ജീവമല്ലെന്നും വളരെ ചെറിയ തുക മാത്രമേ ഇതിലുള്ളൂവെന്നുമാണു പറയുന്നത്.
ചമ്പത് റായിയുടെ ൈഡ്രവറായ രാം ശങ്കര്‍ യാദവ് (ടിന്നു) കേസിലെ എട്ടു പ്രതികളില്‍ ഒരാളാണ്.ചമ്പത് റായിക്കൊപ്പം ട്രസ്റ്റി സ്ഥാനം രാജിവച്ച അനില്‍ മിശ്രയ്ക്കും ഇതേ ബാങ്കില്‍ അക്കൗണ്ടുണ്ട്. രണ്ടു മാസം മുമ്പ് ഇലക്ട്രിക് വാഹനം വാങ്ങാന്‍ അദ്ദേഹം ബാങ്കില്‍നിന്ന് 20 ലക്ഷം രൂപ വായ്പ എടുത്തിരുന്നതായും സ്രോതസുകള്‍ വ്യക്തമാക്കുന്നു.അവിനാശ് ശുക്ല, ൈഡ്രവര്‍ രാം ശങ്കറിന്റെ അനന്തരവന് മനീഷ് യാദവ്, പണം കൈകാര്യം ചെയ്ത പ്രധാന പ്രതികളിലൊരാളായ ലവ്കുശ് മിശ്രയുടെ ഭാര്യ സുപ്രിയ മിശ്ര എന്നിവരുടെ ബാങ്ക് ഇടപാടിന്റെ വിശദംശങ്ങള്‍ തേടി പോലീസ് ബാങ്ക് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.അവിനാശ് ശുക്ലയ്ക്കും മനീഷ് യാദവിനും ബാങ്കില്‍ അക്കൗണ്ടുകളുണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ സുപ്രിയ മിശ്രയ്ക്ക് ഇവിടെ അക്കൗണ്ടില്ല. മനീഷ് യാദവിന്റെ അക്കൗണ്ടില്‍ 1,400 രൂപ മാത്രമാണുള്ളതെന്നും കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇത് നിഷ്ക്രിയമാണെന്നും കണ്ടെത്തിയിട്ടുണ്ട്.അതേസമയം, പ്രധാന പ്രതിയായ ലവ്കുശ് മിശ്ര ഭാര്യ സുപ്രിയയുടെ പേരില്‍ ഭൂമി വാങ്ങുകയും വീട് പണിയുകയും ചെയ്തിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.




