മുംബൈ: ഒരാള്‍ ഇസ്ലാം മതം സ്വീകരിച്ചാല്‍ പട്ടികജാതി/വര്‍ഗ (പീഡനം തടയല്‍) നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാകില്ലെന്നു ബോംബെ ഹൈക്കോടതിയുടെ കോലാപ്പുര്‍ ബെഞ്ച്. ദമ്പതികള്‍ക്കെതിരേ ബന്ധുവായ സ്ത്രീ നല്കിയ കേസിലാണു കോടതിയുടെ സുപ്രധാനമായ നിരീക്ഷണം.
ഭര്‍ത്താവ് മുസ്ലിം മത വിശ്വാസിയാണെന്നും വിവാഹസമയത്ത് ഇസ്ലാം മതം സ്വീകരിച്ച താന്‍, അന്നുമുതല്‍ ആ വിശ്വാസമാണ് പിന്തുടരുന്നതെന്നും ഇരയായ സ്ത്രീ വ്യക്തമാക്കിയിട്ടുണ്ടെന്നു ജസ്റ്റിസ് വൃഷാലി വി. ജോഷിയുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. മതംമാറ്റത്തിന് ശേഷം താന്‍ പേര് മാറ്റിയതായും സ്ത്രീ മൊഴി നല്‍കിയിട്ടുണ്ടെന്നും കോടതി അറിയിച്ചു.
കേസിന്റെ പശ്ചാത്തലം:
ഹിന്ദു മഹര്‍ സമുദായക്കാരിയായിരുന്നു പരാതിക്കാരി. എന്നാല്‍, 2011-ല്‍ ഇവര്‍ മുസ്ലിം യുവാവിനെ വിവാഹം കഴിച്ചു. പിന്നീട്, സ്വത്തുതര്‍ക്കത്തെത്തുടര്‍ന്ന് കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതോടെ തങ്ങള്‍ക്കൊപ്പം താമസിക്കാന്‍ വന്ന ഭര്‍ത്താവിന്റെ സഹോദരിക്കും അവരുടെ ഭര്‍ത്താവിനുമെതിരേ യുവതി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ശുചിത്വം പാലിക്കാനും അമിതമായി വെള്ളം ഉപയോഗിക്കാതിരിക്കാനും ശൗചാലയം വൃത്തിയായി സൂക്ഷിക്കാനും ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണു തര്ക്കമുടലെടുത്തതെന്ന് പരാതിയില്‍ പറയുന്നു. ബന്ധുക്കള്‍ തങ്ങളെ ശാരീരികമായി ഉപദ്രവിച്ചതായും, താന്‍ പട്ടികജാതിയില്പ്പെട്ടയാളാണെന്ന് അറിഞ്ഞുകൊണ്ട് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും യുവതി ആരോപിച്ചു.
എന്നാല്‍, കക്ഷികള്‍ തമ്മിലുള്ള തര്‍ക്കം സിവില്‍ സ്വഭാവമുള്ളതാണെന്ന് ബന്ധുക്കള്‍ക്കായി ഹാജരായ അഭിഭാഷകന് സത്യവ്രത് ജോഷി വാദിച്ചു. 'അവര്‍ ഒരേ കുടുംബത്തില്‍നിന്നുള്ളവരാണ്. അപേക്ഷകര്‍ക്ക് അനുകൂലമായി തല്‍സ്ഥിതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍, യുവതി വ്യാജ പരാതി നല്‍കിയതാണ്. പീഡന നിയമപ്രകാരം അപേക്ഷകര്‍ക്കെതിരേ യാതൊരു കുറ്റവും നിലനില്‍ക്കില്ല" -അഡ്വ. ജോഷി കോടതിയെ ബോധിപ്പിച്ചു.
പട്ടികജാതി/വര്‍ഗക്കാര്‍ക്കെതിരായ പീഡനം സംബന്ധിച്ച്, സുപ്രീം കോടതിയുടെ 'ചിന്താട ആനന്ദ്' കേസിലെ നിരീക്ഷണങ്ങള്‍ മുന്‍നിര്‍ത്തി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.വി. ഗവന്ദും ഇതിനോട് യോജിച്ചു. പരാതിക്കാരി മുമ്പ് പട്ടികജാതിയില്പ്പെട്ടയാളായിരുന്നുവെങ്കിലും, ഇസ്ലാം മതം സ്വീകരിക്കുകയും ആ വിശ്വാസം പിന്തുടരുകയും ചെയ്യുന്നതിനാല്‍ അവര്‍ക്ക് പീഡന നിയമത്തിലെ വ്യവസ്ഥകള്‍ പ്രയോഗിക്കാന്‍ അര്‍ഹതയുണ്ടാകില്ലെന്ന് അദ്ദേഹം സമ്മതിച്ചു. എങ്കിലും, ഈ വിഷയം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മറ്റ് കുറ്റകൃത്യങ്ങളെ ബാധിക്കില്ലെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.ഇതേത്തുടര്‍ന്ന്, പീഡന നിയമപ്രകാരമുള്ള കുറ്റങ്ങളില്‍നിന്ന് പ്രതികളായ ദമ്പതികളെ കോടതി ഒഴിവാക്കി. എന്നാല്‍, എഫ്.ഐ.ആറിലെ മറ്റ് കുറ്റാരോപണങ്ങളുമായി ബന്ധപ്പെട്ട്, വിചാരണ നേരിടേണ്ട പ്രാഥമികമായ തെളിവുകള്‍ റെക്കോഡുകളിലുണ്ടെന്ന് കോടതി നിരീക്ഷിച്ചു. "അതിനാല്‍, മറ്റ് കുറ്റകൃത്യങ്ങളില്‍ അപേക്ഷകര്‍ വിചാരണ നേരിടേണ്ടിവരും," -ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി.




