ന്യൂഡല്‍ഹി: എണ്ണ വിതരണ കമ്പനികള്‍ക്കുള്ള എഥനോള്‍ വിതരണ വിഹിതം സംബന്ധിച്ചു തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവ്. എഥനോള്‍ വിഹിതം വര്‍ധിപ്പിക്കണമെന്ന കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരേ ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് (ബി.പി.സി.എല്‍) സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റ്റിസ് എം.എം സുന്ദരേഷ്, ഷീല് നാഗു എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
20 ശതമാനം എഥനോള്‍-പെട്രോള്‍ മിശ്രണമെന്ന ദേശീയ നയത്തിനെതിരാണു കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവെന്നു ബി.പി.സി.എല്ലിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്. വെങ്കിട്ടരമണി വാദിച്ചു. 2025-26 വര്‍ഷത്തേക്കുള്ള എഥനോള്‍ വിഹിതം വര്‍ധിപ്പിക്കണമെന്ന ഉത്തരവിനെയാണു പൊതുമേഖലാ എണ്ണക്കമ്പനി ചോദ്യം ചെയ്തത്.
എഥനോള്‍ മിശ്രണ പദ്ധതി നിലവില്‍ ഒരു പരീക്ഷണഘട്ടത്തിലാണെന്നും ഇതിന്റെ ഫലം അടുത്ത വര്‍ഷത്തോടെ മാത്രമേ വ്യക്തമാകൂവെന്നും കേന്ദ്ര സര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. 2025 ഒക്ടോബറിലാണ് എഥനോള്‍ വിതരണ കരാറുകള്‍ ഒപ്പിട്ടത്. എഥനോള്‍ വിതരണ വിഹിതം കൂട്ടണമെന്നാവശ്യപ്പെട്ട് ഒരു എഥനോള്‍ ഉല്‍പ്പാദക കമ്പനി നല്കിയ ഹര്‍ജിയിലായിരുന്നു കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ്. തങ്ങളുടെ പ്ലാന്റിന് പ്രതിവര്‍ഷം 9.9 കോടി ലിറ്റര്‍ ഉത്പാദന ശേഷിയുണ്ടായിട്ടും 2025-2026 വര്‍ഷത്തില്‍ 3.92 കോടി ലിറ്റര്‍ മാത്രമാണ് അനുവദിച്ചതെന്നും കമ്പനി വാദിച്ചു. ആവശ്യം പരിഗണിച്ചാല്‍ സര്‍ക്കാര്‍ നയം തന്നെ മാറ്റേണ്ടി വരുമെന്ന് എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഹൈക്കോടതി ഹര്ജിക്കാരന് അനുകൂലമായാണു വിധിച്ചത്. 2025-26 വര്‍ഷത്തെ എഥനോള്‍ വിഹിതം വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കാന്‍ ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡ് എന്നീ കമ്പനികളോട് നിര്‍ദേശിക്കുകയുംചെയ്തു.അതേ സമയം, എഥനോള്‍ മിശ്രണ പദ്ധതിക്കെതിരേ രാജ്യത്ത് വ്യാപക വിമര്‍ശനവുമുയരുന്നുണ്ട്. പഴയ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുമെന്നും ഇന്ധനക്ഷമത കുറയ്ക്കുമെന്നാണ് ആശങ്ക. എന്നാല്‍, മിശ്രിത പെട്രോള്‍ വാഹനങ്ങളുടെ എന്ജിന് കേടുപാടുകള്‍ വരുത്തുന്നതായി യാതൊരു തെളിവുമില്ലെന്നാണു കേന്ദ്രത്തിന്റെ വാദം.
2022-2023 ല്‍ എഥനോള്‍ മിശ്രണം 12.06 ശതമാനമായും 2023-24 ല്‍ 14.6 ശതമാനമായും 2025 ഫെബ്രുവരി വരെ 17.98 ശതമാനമായും ഉയര്‍ത്താനായിരുന്നു ലക്ഷ്യം വച്ചിരുന്നത്. 20 ശതമാനം എഥനോള്‍ മിശ്രണം എന്ന ലക്ഷ്യം സര്‍ക്കാര്‍ ഇതിനകം തന്നെ കൈവരിച്ചു കഴിഞ്ഞു.




