വാഷിങ്ടണ്‍: പെണ്‍കുട്ടികളുടെ സ്കൂള്‍, കോളജ് കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍നിന്ന് ട്രാന്‍സ്ജെന്‍ഡര്‍ വനിതകളെ (ട്രാന്‍സ് വുമണ്‍) വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് യു.എസ്. സുപ്രീം കോടതി.
രണ്ട് സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ വിലക്കിനെതിരേ നല്കിയ ഹര്‍ജികളാണു കോടതി പരിഗണിച്ചത്. ഐഡഹോ, വെസ്റ്റ് വെര്‍ജീനിയ എന്നീ സംസ്ഥാനങ്ങളാണു പൊതുവിദ്യാലയങ്ങളിലെയും കോളജുകളിലെയും കായിക തരാങ്ങള്‍ ജനനസമയത്ത് രേഖപ്പെടുത്തിയ ലിംഗഭേദത്തിന് അനുസൃതമായി മാത്രമേ മത്സരിക്കാവൂ എന്ന നിയമം കൊണ്ടുവന്നത്.
ഈ വിലക്ക് യു.എസ്. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യാവകാശ സംരക്ഷണത്തിന്റെ ലംഘനമാണെന്നായിരുന്നു വാദം. 2020ല്‍ ഐഡഹോ നിയമം കൊണ്ടുവന്നതിനുശേഷം, ഇരുപതിലധികം സംസ്ഥാനങ്ങള്‍ സമാനമായ വിലക്കുകള്‍ ഏര്‍പ്പെടുത്തി.
ഈ സംസ്ഥാനങ്ങളിലെ നിയമപ്രകാരം, ട്രാന്‍സ്ജെന്‍ഡര്‍ വനിതകള്‍ക്ക്-അതായത് ജനനസമയത്ത് പുരുഷനായിരിക്കുകയും പിന്നീട് സ്ത്രീയായി സ്വയം അടയാളപ്പെടുത്തുകയും ചെയ്യുന്നവര്‍ക്ക്-സ്കൂളുകളിലെയും കോളജുകളിലെയും വനിതാ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവാദമില്ല. സ്കൂളുകളില്‍ ലിംഗവിവേചനം നിരോധിക്കുന്ന 'ടൈറ്റില്‍ ഐ.എക്സ്' എന്ന പൗരാവകാശ നിയമത്തെ ഈ വിലക്കുകള്‍ ലംഘിക്കുന്നില്ലെന്ന് കോടതിയിലെ ഒന്‍പത് ജഡ്ജിമാരും വ്യക്തമാക്കി.



