റാവല്‍കോട്ട്: പാക് അധിനിവേശ കശ്മീരിലെ ഇസ്ലാമാബാദിന്റെ നിയന്ത്രണത്തിനെതിരായ പ്രക്ഷോഭം 22-ാം ദിവസവും ശക്തം. ബഹുമുഖ തന്ത്രങ്ങളിലൂടെ പ്രക്ഷോഭം അടിച്ചമര്‍ത്താനും നിയന്ത്രിക്കാനുമുള്ള ഭരണകൂടശ്രമങ്ങളെ അതിജീവിച്ച് റാവല്‍കോട്ടിലെ തെരുവിലിറങ്ങിയത് ആയിരങ്ങളെന്നു റിപ്പോര്‍ട്ട്.
മനുഷ്യാവകാശ പ്രവര്ത്തകന് സര്‍ദാര്‍ അമന് ഖാന് ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലാണു സമരം. പാക് അധിനിവേശകശ്മീരിലെ പാകിസ്താന്റെ ഭാഗമല്ലെന്ന വാദമാണു പ്രക്ഷോഭകര്‍ ഉയര്‍ത്തുന്നത്. തങ്ങള്‍ പാകിസ്താനെ ആശ്രയിക്കുന്നതിനേക്കാള്‍ പാകിസ്താന് ഈ പ്രദേശത്തെയാണ് ആവശ്യമെന്നു റാവല്‍കോട്ടിലെ ഈദ്ഗാഹ് മൈതാനത്തു നടക്കുന്ന പ്രകടനത്തെ അഭിസംബോധന ചെയ്ത് അമന് ഖാന് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു.
മേഖല ഇനി പാകിസ്താന്റെ നിയന്ത്രണത്തിലാണെന്ന് കരുതാനാകില്ല. ഇന്ത്യയുമായി ശക്തമായ ബന്ധം പുലര്‍ത്തുകയാണ് ആവശ്യം. പ്രദേശത്തേക്ക് അവശ്യസാധനങ്ങളടക്കം നിയന്ത്രിക്കുന്നത് തുടരുന്നപക്ഷം ഇന്ത്യയുടെ സഹായം തേടാനും മടിക്കില്ല. അതു മേഖലയുടെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വലിയ മാറ്റത്തിനു വഴിവയ്ക്കുമെന്നും ഇസ്ലാമാബാദിനുമേല് സമ്മര്‍ദം ചെലുത്തുമെന്നും അമന് ഖാന് പറഞ്ഞു. വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി, ഭരണകൂട അടിച്ചമര്‍ത്തലുകള്‍, ഭരണപരമായ അവഗണന തുടങ്ങിയ ദീര്‍ഘകാല ആശങ്കകള്‍ പരിഹരിക്കുകയെന്ന ആവശ്യമുയര്‍ത്തിയാണ് 22 ദിവസം മുമ്പ് പാക് അധീന കശ്മീരില്‍ പ്രക്ഷോഭം ശക്തമായത്. ഈ വിവരം പുറംലോകം അറിയാതിരിക്കാനും സമരക്കാര്‍ തമ്മിലുള്ള ആശയവിനിമയം തടസപ്പെടുത്താനും ലക്ഷ്യമിട്ട് ഭരണകൂടം കഴിഞ്ഞ അഞ്ചുമുതല്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് നിരോധിച്ചു.
സമരവീര്യം ചോരാതിരുന്നതോടെ ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ക്കു രണ്ടാഴ്ചത്തെ ഉപരോധം ഏര്‍പ്പെടുത്തി പാക് ഭരണകൂടം നിലപാടു കടുപ്പിച്ചു. പക്ഷേ, പ്രക്ഷോഭകാരികളില്‍ ഇതു വര്ധിതവീര്യമാണു നിറച്ചത്. ഇതിനു സമാന്തരമായി കഴിഞ്ഞ ഒന്പതുമുതല് നിയന്ത്രണരേഖയ്ക്കു സമീപം മറ്റൊരു ധര്‍ണയും നടക്കുന്നുണ്ട്.
ഭരണകൂട നിയന്ത്രണം മറികടന്ന് പ്രദേശത്തുനിന്നുള്ള വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മേഖല പാകിസ്താന്റെ ഭാഗമല്ലെന്നു പ്രഖ്യാപിക്കുന്ന പ്രദേശവാസികള്‍ പാക് സേനാ മേധാവി അസിം മുനീറിനെ തള്ളിപ്പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. ഒരു സ്വേച്ഛാധിപതിയെയും വച്ചുപൊറുപ്പിക്കില്ലെന്നാണ് വീഡിയോയില്‍ ഇവര്‍ പറയുന്നത്. പ്രക്ഷോഭം പാക് അധീന കശ്മീരില്‍ മാത്രം ഒതുങ്ങുമിട്ടുമില്ല. വിദേശരാജ്യങ്ങളിലെ പാക് നയതന്ത്ര കാര്യാലയങ്ങള്ക്കുമുന്നില് പ്രകടനങ്ങളടക്കം അരങ്ങേറുന്നുണ്ട്. മുസഫറാബാദിനെയും സമീപപ്രദേശങ്ങളെയും സംബന്ധിച്ച തങ്ങളുടെ രാഷ്ട്രീയലക്ഷ്യം വിജയം കൈവരിക്കുംവരെ പ്രക്ഷോഭം തുടരുമെന്ന നിലപാടിലാണ് നേതാക്കള്‍.



