
വാഷിങ്ടണ്‍: നിയമവിരുദ്ധമായോ താല്‍ക്കാലികമായോ രാജ്യത്ത് കഴിയുന്ന വിദേശികളുടെ മക്കള്‍ക്ക് ജന്മനാല് ലഭിക്കുന്ന പൗരത്വം നിഷേധിക്കാന്‍ ലക്ഷ്യമിട്ട് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവ് സുപ്രീംകോടതി തള്ളി. ഇതോടെ യു.എസില്‍ ജനിക്കുന്ന വ്യക്തികള്‍ക്ക് ആ രാജ്യത്തിന്റെ പൗരത്വം ലഭിക്കാനുള്ള തടസം ഒഴിവായി. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് എഴുതിയ ഭൂരിപക്ഷ വിധിന്യായത്തിലാണു സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന ഏവര്‍ക്കും പൗരത്വം ഉറപ്പുനല്‍കുന്ന അവകാശം നിലനിര്‍ത്താനുള്ള വിധിയെ ആറ് ജഡ്ജിമാര്‍ അനുകൂലിച്ചു. മൂന്നു പേര് എതിര്‍ത്തു. നേരത്തെ കീഴ്ക്കോടതികളും ട്രംപിന്റെ നീക്കം തടഞ്ഞിരുന്നു.
'അമേരിക്കയില്‍ നിയമവിരുദ്ധമായോ താല്‍ക്കാലികമായോ താമസിക്കുന്ന മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ ഈ രാജ്യത്തിന്റെ അധികാരപരിധിക്കു വിധേയരാണ്. അതിനാല്‍ പതിനാലാം ഭരണഘടനാ ഭേദഗതിയുടെ പൗരത്വ വ്യവസ്ഥ പ്രകാരം അവര്‍ ജനനസമയത്ത് തന്നെ പൗരന്മാരാണ്'- റോബര്‍ട്സ് വിധിന്യായത്തില്‍ കുറിച്ചു.
'പൗരത്വം എന്നത്, അന്നും ഇന്നും, അവകാശങ്ങള്‍ ലഭിക്കാനുള്ള സാധ്യതയാണ്. രാഷ്ട്രീയ സമൂഹത്തില്‍ സ്വതന്ത്രമായി പങ്കാളികളാകാനുള്ള അവകാശമാണ്. പതിനാലാം ഭേദഗതിയുടെ ശില്പികള് ആ വാഗ്ദാനം അമേരിക്കയില്‍ ജനിക്കുന്ന എല്ലാ സ്വതന്ത്ര വ്യക്തികള്‍ക്കും നല്‍കിയിരുന്നു. അതാണു ഞങ്ങള്‍ ഇന്ന് കാത്തുസൂക്ഷിക്കുന്നത്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്നവര്‍ക്ക് പൗരത്വം ഉറപ്പുനല്‍കുന്ന 14ാം ഭരണഘടനാ ഭേദഗതിയുടെ പണ്ടുമുതലേയുള്ള വ്യാഖ്യാനത്തെ നിലനിര്‍ത്തുന്നതാണ് ഈ കോടതിവിധി. മുന്‍ അടിമകള്‍ ഉള്‍പ്പെടെയുള്ള കറുത്തവര്‍ഗക്കാര്‍ക്ക് പൗരത്വം ഉറപ്പാക്കുക എന്നതായിരുന്നു ഭരണഘടനാ ഭേദഗതിയുടെ യഥാര്‍ത്ഥ ലക്ഷ്യമെങ്കിലും, അതിലെ പൗരത്വ വ്യവസ്ഥ കൂടുതല്‍ വിപുലമായാണ് എഴുതപ്പെട്ടിരിക്കുന്നത്. അതില്‍ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: 'അമേരിക്കയില്‍ ജനിക്കുകയോ പൗരത്വം നേടുകയോ ചെയ്യുകയും, അതിന്റെ അധികാരപരിധിക്ക് വിധേയരായിരിക്കുകയും ചെയ്യുന്ന എല്ലാ വ്യക്തികളും ഈ രാജ്യത്തെയും അവര്‍ താമസിക്കുന്ന സംസ്ഥാനത്തെയും പൗരന്മാരാണ്.'കഴിഞ്ഞ ഏപ്രിലില്‍ സുപ്രീം കോടതിയില്‍ ജന്മനാല് പൗരത്വം ലഭിക്കുന്നതുമായി ബന്ധപ്പെട്ട വാദങ്ങള്‍ നടന്നപ്പോള്‍ ട്രംപ് നേരിട്ട് പങ്കെടുത്തിരുന്നു. പൗരത്വത്തെക്കുറിച്ച് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള കാഴ്ചപ്പാട് തെറ്റാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. വിദേശികളുടെ മക്കള്‍ അമേരിക്കയുടെ അധികാരപരിധിക്ക് കീഴില്‍ വരുന്നവരെല്ലന്നും അതിനാല്‍ അവര്‍ക്ക് പൗരത്വത്തിന് അര്‍ഹതയില്ലെന്നുമാണ് ട്രംപ് അനുകൂലികള്‍ അവകാശപ്പെട്ടത്.തന്റെ രണ്ടാം ഔദ്യോഗിക കാലാവധിയുടെ ആദ്യ ദിനത്തില്‍ ട്രംപ് ഒപ്പുവച്ച ഈ ഉത്തരവ്, കുടിയേറ്റക്കാര്‍ക്കെതിരേയുള്ള അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെ കര്‍ശന നടപടികളുടെ ഭാഗമായിരുന്നു. ട്രംപിന്റെ കുടിയേറ്റ നയങ്ങളില്‍ സുപ്രീം കോടതിയുടെ അന്തിമ വിധിയിലെത്തുന്ന ആദ്യത്തെ ഉത്തരവ് കൂടിയാണിത്. കോടതിവിധിയെ മറികടക്കാനുള്ള നീക്കം ട്രംപ് അനുകൂലികള്‍ തുടങ്ങിയിട്ടുണ്ട്.



