
തിരുവനന്തപുരം: മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ചു. അസോസിയേഷന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കുന്ന തരത്തിൽ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചായിരുന്നു വിലക്ക്. പിന്നീട് സംഭവത്തിൽ ഖേദം രേഖപ്പെടുത്തി ശ്രീശാന്ത് ഔദ്യോഗികമായി മാപ്പപേക്ഷ സമർപ്പിച്ചതിനെ തുടർന്നാണ് നടപടി പിൻവലിച്ചത്.
വിലക്കിനെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചിരുന്നില്ല. തുടർന്ന് അദ്ദേഹം ഔദ്യോഗികമായി മാപ്പപേക്ഷ നൽകുകയായിരുന്നു. ഇന്ന് ചേർന്ന കെസിഎയുടെ പ്രത്യേക ജനറൽ ബോഡി യോഗത്തിൽ മാപ്പപേക്ഷ വിശദമായി പരിഗണിച്ച ശേഷമാണ് വിലക്ക് പിൻവലിക്കാൻ ഐകകണ്ഠ്യേന തീരുമാനമായത്.
അതേസമയം, ഭാവിയിൽ സമാനമായ നടപടികൾ ശ്രീശാന്തിന്റെ ഭാഗത്ത് നിന്ന് ആവർത്തിക്കുകയാണെങ്കിൽ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെസിഎ മുന്നറിയിപ്പ് നൽകി. വിലക്ക് പിൻവലിച്ചതോടെ കേരള ക്രിക്കറ്റ് ലീഗ് സീസൺ 3-ൽ ഏരീസ് കൊല്ലം സെയിലേഴ്സ് ടീമിന്റെ സഹഉടമയായി ശ്രീശാന്തിന് തുടരാനാകും. കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗ് സീസൺ മത്സരങ്ങൾക്ക് മുന്നോടെയായിരുന്നു കെസിഎ അദ്ദേഹത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.





