
മെക്സിക്കോ സിറ്റി: ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ പരാഗ്വേയോട് പെനൽറ്റി ഷൂട്ടൗട്ടിൽ 3-2ന് തോറ്റ് പുറത്തായ ജർമനിക്കെതിരെ മറ്റൊരു ഞെട്ടിക്കുന്ന റിപ്പോർട്ട് കൂടി പുറത്തുവന്നു. നിശ്ചിത സമയവും അധികസമയവും 1-1ന് സമനിലയിൽ അവസാനിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
അഞ്ച് വീതം പെനൽറ്റികൾക്ക് ശേഷം സ്കോർ 3-3 എന്ന നിലയിലായപ്പോൾ, സഡൻ ഡെത്തിൽ നിർണായകമായ ആറാം പെനൽറ്റി എടുക്കാൻ ജർമനിയുടെ നാല് സീനിയർ താരങ്ങൾ വിസമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.
ജർമൻ മാധ്യമമായ ബിൽഡ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, സഹതാരങ്ങൾ പിന്മാറിയതിനെ തുടർന്ന് പ്രതിരോധ താരം ജോനാഥൻ തായാണ് ഒടുവിൽ പെനൽറ്റി എടുക്കാൻ മുന്നോട്ടുവന്നത്. ലിയോൺ ഗോരെട്സ്ക, വാൽഡെമർ ആന്റൺ, നഥാനിയേൽ ബ്രൗൺ, മാലിക് തിഷാവ് എന്നിവരാണ് ആത്മവിശ്വാസക്കുറവ് കാരണം കിക്കെടുക്കാൻ തയ്യാറാകാതിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ജർമനിക്കായി 72 മത്സരങ്ങളിൽ കളിച്ച പരിചയസമ്പന്നനായ ലിയോൺ ഗോരെട്സ്കയോട് ക്യാപ്റ്റൻ ജോഷ്വ കിമ്മിച്ച് രണ്ട് തവണ ആവശ്യപ്പെട്ടിട്ടും അദ്ദേഹം പെനൽറ്റി എടുക്കാൻ തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2025-26 സീസൺ അവസാനത്തോടെ ബയേൺ മ്യൂണിക്ക് ഒഴിവാക്കിയ ഗോരെട്സ്കിയുടെ ഈ തീരുമാനമാണ് ആരാധകരെ കൂടുതൽ അമ്പരപ്പിച്ചത്.





