
നാലുപതിറ്റാണ്ടിലധികമായി കഥാപാത്രങ്ങളിൽനിന്ന് കഥാപാത്രങ്ങളിലേക്ക് യാത്ര ചെയ്ത് മലയാള സിനിമാപ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരരാജാവാണ് മോഹന്‍ലാല്‍. സംഭാഷണങ്ങളിലൂടെ മാത്രമല്ല കണ്ണുകള്‍ കൊണ്ടും പുരികക്കൊടികള്‍ കൊണ്ടും വിരലുകള്‍ കൊണ്ടു പോലും വിസ്മയിപ്പിക്കുന്ന താരമാണ് ആരാധകരുടെ സ്വന്തം ലാലേട്ടന്. എന്തിന് വലത്തോട്ടല്പം ചെരിഞ്ഞുള്ള ലാലേട്ടന്റെ സ്റ്റൈല്‍ പോലും മലയാളികള്‍ ആഘോഷിക്കാറുണ്ട്. സിനിമകളിലെ മോഹന്‍ലാലിന്റെ മാനറിസങ്ങളും സ്റ്റൈലും നടപ്പും ആക്ഷനും പോലെ തന്നെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമാണ് താരത്തിന്റെ ഡാന്‍സ്.
തന്റെ ചെറുപ്പകാലത്ത് മലയാള സിനിമയില്‍ മോഹന്‍ലാല്‍ നിറഞ്ഞാടിയ ഗാനങ്ങള്‍ക്ക് ഒരു കൈയും കണക്കുമില്ല. പ്രായമിത്ര കഴിഞ്ഞിട്ടും ഇന്നും അതേ പവറിലാണ് സ്റ്റേജ് ഷോകളില്‍ മോഹന്‍ലാല്‍ എത്താറുള്ളത്. ഈയടുത്ത് ജർമ്മനിയിൽ നടന്ന ‘മോഹൻലാൽ ലൈവ്: ബിയോണ്ട് ദി സ്ക്രീൻ’ എന്ന യൂറോപ്യൻ സ്റ്റേജ് ഷോയിൽ തന്റെ സഹതാരങ്ങള്‍ക്കൊപ്പം വേദിയില്‍ നിറഞ്ഞാടുകയായിരുന്നു മോഹന്‍ലാല്‍. എൻജെറ്റിക്കായി തകര്‍പ്പന്‍ പെര്‍ഫോമന്‍സ് കാഴ്ചവച്ച താരത്തിന് നിറഞ്ഞ കൈയടിയാണ് സദസ്സ് നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ഈ വീഡിയോയ്ക്ക് നിറയെ പ്രശംസയും കിട്ടുന്നുണ്ട്, എന്നാല്‍ അതേസമയം താരത്തെ പരിഹസിക്കുകയും ട്രോളുകയും ചെയ്യുന്നവരും കുറവല്ല.
ഇപ്പോഴിതാ മോഹന്‍ലാലിനെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി സരിത ബാലകൃഷ്ണൻ. ലാലേട്ടന്റെ നടുവേദനയും, കസേരയിലിരുന്ന് കമന്റടിക്കുന്ന ‘അത്ലറ്റുകളും’ എന്ന തലക്കെട്ട് നല്‍കിയാണ് സരിതയുടെ കുറിപ്പ്. ഒരു 10 മിനിറ്റ് എഴുന്നേറ്റ് നിന്ന് ലാലേട്ടൻ കാണിക്കുന്ന ചെറിയ ചുവട് വെക്കാൻ പറഞ്ഞാൽ, നിങ്ങളുടെ നടുവ് ഒടിഞ്ഞു തൂങ്ങുമെന്നും ചിലർക്ക് ലാലേട്ടനെ ട്രോളണം എന്നത് അവരുടെ ജീവിതത്തിന്റെ ആവശ്യമാണെന്നും ട്രോളി പണിഞ്ഞ് ലൈക്ക് വാങ്ങുന്നവർ ഓർക്കുക, നാളെ നിങ്ങൾക്കും ഒരു പ്രായം വരുമെന്നുമാണ് സരിത കുറിക്കുന്നത്.
‘‘ലാലേട്ടന്റെ നടുവേദനയും, കസേരയിലിരുന്ന് കമന്റടിക്കുന്ന ‘അത്ലറ്റുകളും’
ഇപ്പോ സോഷ്യൽ മീഡിയയിൽ ഒരു പുതിയ ട്രെൻഡ് ഉണ്ട്. ജർമ്മനിയിലെ സ്റ്റേജിൽ ലാലേട്ടൻ ആടിത്തിമിർക്കുമ്പോൾ, ഇവിടുത്തെ എസി റൂമിൽ കിടന്ന് മൊബൈലിൽ കുത്തിക്കൊണ്ടിരിക്കുന്ന ഫേസ്ബുക്ക് ‘വിദഗ്ധന്മാർക്ക്’ വലിയ വിഷമം! ‘ഇതൊക്കെ എന്തിനാ ഈ പ്രായത്തിൽ?’ എന്ന് ചോദിക്കുന്നവരോടാണ്...
സാർ, താങ്കളുടെ ഈ പ്രായത്തിൽ താങ്കൾ എന്ത് ചെയ്യുന്നുണ്ട്? ഒരു 10 മിനിറ്റ് എഴുന്നേറ്റ് നിന്ന് ലാലേട്ടൻ കാണിക്കുന്ന ആ ഒരു ചെറിയ ചുവട് വെക്കാൻ പറഞ്ഞാൽ, നിങ്ങളുടെ നടുവ് ഒടിഞ്ഞു തൂങ്ങും. അതുകൊണ്ട് സ്വന്തം കസേരയുടെ ബലത്തിൽ ഇരുന്നുകൊണ്ട് മറ്റുള്ളവരുടെ ആരോഗ്യം അളക്കാൻ നിൽക്കണ്ട.
സോഷ്യൽ മീഡിയയിലെ ഈ ‘ഹേറ്റേഴ്സ്’ സ്പെഷ്യൽ ഗ്രൂപ്പിന്റെ ഒരു അവസ്ഥ നോക്കണേ. ഇവർക്ക് ലാലേട്ടൻ നടന്നാൽ കുറ്റം, ചിരിച്ചാൽ കുറ്റം, താടി വച്ചാൽ കുറ്റം വടിച്ചാൽ കുറ്റം, ഇനി സ്റ്റേജിൽ കയറി ആടിത്തിമിർത്താൽ അതും കുറ്റം. ഇവർക്ക് ലാലേട്ടൻ വെറുതെ ഒരു കസേരയിൽ ഇരുന്നാൽ മതി, അപ്പോഴും പറയും ‘അദ്ദേഹത്തിന് ഇനി വയസ്സായി, പവർ പോയി’ എന്ന്. ഏട്ടൻ ആടിയാൽ പറയും ‘ഇതൊക്കെ എന്തിനാ’ എന്ന്!
ഇവർക്ക് ലാലേട്ടനെ ട്രോളണം, അത് അവരുടെ ജീവിതത്തിന്റെ ആവശ്യമാണ്!
ലാലേട്ടൻ ഒരു സിനിമയിൽ അഭിനയിച്ചാൽ ‘ഓവർ ആക്റ്റിങ്’ എന്ന് പറയും. അഭിനയിച്ചില്ലെങ്കിൽ ‘പഴയ പവർ പോയി’ എന്ന് പറയും. ലാലേട്ടൻ ജിമ്മിൽ പോയാൽ ‘കാണിക്കാൻ വേണ്ടി’ എന്ന് പറയും. സ്റ്റേജിൽ വന്നാൽ ‘പൈസക്ക് വേണ്ടി’ എന്ന് പറയും.
ചുരുക്കത്തിൽ:
ചുമ്മാ ഇരുന്നാലും കുറ്റം, ഓടിയാലും കുറ്റം! ഇവന്മാരുടെയൊക്കെ ഒരു ലോജിക് ഉണ്ടല്ലോ...അത് സമ്മതിക്കണം! വെറും ഒരു സ്ക്രീനിന്റെ അപ്പുറത്ത് ഇരുന്ന്, സ്വന്തം ജീവിതത്തിൽ ഒരു പണിയുമില്ലാത്തവനാണ്, അരനൂറ്റാണ്ടായി കോടിക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ വാഴുന്ന ഒരു മനുഷ്യനെ വിലയിരുത്താൻ വരുന്നത്.
ലാലേട്ടൻ സ്റ്റേജിൽ ആടിയത് നിങ്ങൾക്കുള്ള മറുപടിയാണ്. ആ എനർജി കണ്ടിട്ട് നിങ്ങൾക്ക് അസൂയ തോന്നുന്നത് സ്വാഭാവികം. കാരണം, ആ പ്രായത്തിലും അദ്ദേഹം ആ തീ സൂക്ഷിക്കുന്നത് കണ്ടാൽ ആരായാലും ഒന്ന് പുകഞ്ഞു പോകും. ട്രോളി പണിഞ്ഞ് ലൈക്ക് വാങ്ങുന്നവർ ഓർക്കുക, നാളെ നിങ്ങൾക്കും ഒരു പ്രായം വരും. അന്ന് നിങ്ങൾ എവിടെയായിരിക്കും? ഒരുപക്ഷേ, ആരെങ്കിലും തള്ളിക്കയറ്റുന്ന ഒരു വിഡിയോയിൽ കമന്റ് ഇട്ടുകൊണ്ടിരിക്കും. ലാലേട്ടൻ അപ്പോഴും സ്റ്റേജിൽ ഉണ്ടാകും, നിങ്ങൾ അപ്പോഴും കമന്റ് ബോക്സിൽ ഉണ്ടാകും! അത്യാവശ്യം വിവരം ഉള്ളവർക്ക് മനസ്സിലാകും, അല്ലാത്തവർക്ക് എത്ര പറഞ്ഞാലും മനസ്സിലാകില്ല....ലാലേട്ടൻ- ദ നെയിം, ദ ബ്രാന്‍ഡ്, ദ എനര്‍ജി...’’ എന്ന് കുറിച്ചാണ് ട്രോളന്മാർക്ക് സരിത മറുപടി കൊടുത്തിരിക്കുന്നത്. സരിതയുടെ പോസ്റ്റിന് നിരവധി പേരാണ് പിന്തുണ കുറിച്ചുള്ള കമന്റുകള്‍ കുറിക്കുന്നത്. ‘ മലയാളികളുടെ സ്വന്തം ലാലേട്ടൻ ഡാൻസ് പാട്ട് കോമഡി ഫൈറ്റ് ഇവിടെ എല്ലാം ഒക്കെ, അസൂയ ആണ് എല്ലാവർക്കും....ലാലേട്ടൻ ഷൈന്‍ ചെയ്യുന്നത് കണ്ടിട്ട്..., ഇതൊന്നും ആ ഇതിഹാസത്തെ സ്പർശിക്കുക പോലും ഇല്ല, മലയാളത്തിന്റെ മോഹൻലാൽ തുടരും....’ എന്നതടക്കമാണ് കമന്റുകള്‍.






