
ന്യൂ ഓർലിയൻസ്: യഥാർത്ഥ സാന്റാക്ളോസ് നന്മ നിറഞ്ഞവനും കുട്ടികളോട് അതിരില്ലാത്ത വാത്സല്യമുള്ളയാളുമാണെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാൽ, ആ പേരു തന്നെ നശിപ്പിക്കുന്ന ഒരു സാന്റാക്ലോസ് അമേരിക്കയിലുണ്ട്. അമേരിക്കയിലെ ന്യൂ ഓർലിയൻസ് നഗരപ്രാന്തമായ കെന്നറിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ച കേസിൽ 75-കാരൻ അറസ്റ്റിലായി. നിയമപരമായി സ്വന്തം പേര് 'സാന്റാ ക്ലോസ്' എന്ന് മാറ്റിയ ജോർജ്ജ് ക്വിഗ്ലി എന്നയാളാണ് പോലീസിന്റെ രഹസ്യ ഓപ്പറേഷനിലൂടെ പിടിയിലായത്.
പതിനഞ്ച് വയസ്സുള്ള ഒരു ആൺകുട്ടിയെന്ന വ്യാജേന പോലീസ് ഉദ്യോഗസ്ഥൻ സോഷ്യൽ മീഡിയയിലൂടെ നടത്തിയ ചാറ്റിങ്ങിലാണ് ഇയാൾ കുടുങ്ങിയത്. ഓൺലൈൻ സംഭാഷണങ്ങൾക്കിടയിൽ ഇയാൾ സ്വന്തം നഗ്നചിത്രങ്ങൾ അയച്ചുനൽകുകയും, കുട്ടിയെ നേരിട്ട് കാണാൻ ഒരു പ്രത്യേക സ്ഥലത്ത് എത്തിച്ചേരുകയുമായിരുന്നു. മുൻകൂട്ടി തയാറായി നിന്ന അന്വേഷണ സംഘം ഇയാളെ സംഭവസ്ഥലത്തുനിന്നും അറസ്റ്റ് ചെയ്തു.
പരമ്പരാഗത സാന്റാ ക്ലോസിന്റെ രൂപ സാദൃശ്യമുള്ള ഇയാൾ, മുൻപ് കുട്ടികൾക്കൊപ്പം സാന്റാ ക്ലോസിന്റെ വേഷത്തിൽ ഫോട്ടോകൾക്ക് പോസ് ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കൾക്ക് ഇതൊരു വലിയ മുന്നറിയിപ്പാണെന്നും, കുട്ടികളുടെ സുരക്ഷയിൽ അതീവ ജാഗ്രത പുലർത്തണമെന്നും കെന്നർ പോലീസ് ചീഫ് കീത്ത് എ. കോൺലി വ്യക്തമാക്കി.
ഇന്റർനെറ്റ് വഴിയുള്ള ലൈംഗിക അതിക്രമം തടയുന്ന നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ടെക്സാസിൽ നിന്നും ന്യൂ ഓർലിയൻസിലേക്ക് താമസം മാറിയ ഇയാൾ ഉൾപ്പെടെ 11 പേരാണ് പോലീസിന്റെ ഈ പ്രത്യേക പരിശോധനയിൽ ഇതുവരെ അറസ്റ്റിലായത്.






