
മുംബൈ: മുംബൈയിൽ കനത്ത മഴ ഒരു ജീവൻ കൂടി അപഹരിച്ചു. കനത്ത മഴപെയ്യുന്ന അവസരത്തിൽ മാൻഹോളിൽ വീണ് ഒരാൾ മരിച്ചു. പടിഞ്ഞാറൻ സബർബുകളായ അന്ധേരി-സാക്കി നാക്ക, ജോഗേശ്വരി എന്നിവയെ കുർള, ഘാട്കോപ്പർ എന്നീ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ഖൈറാനി റോഡിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12:30 ഓടെയാണ് സംഭവം. മൊബൈൽ ഫോണിൽ സംസാരിച്ചു നടന്നുപോകുന്നതിനിടയിലാണ് ഇയാൾ മാൻഹോളിലേക്ക് വീണതെന്നാണ് റിപ്പോർട്ട്.
അസ്ലം ഈസാഫ് ഷെയ്ഖ് (60) എന്നയാളാണ് മരിച്ചത്. ഇയാളെ രാജാവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സംഭവസ്ഥലത്തുനിന്ന് ഇയാളുടെ കുടയും ചെരുപ്പും കണ്ടെത്തിയിരുന്നു. തുടർന്ന് മുംബൈ ഫയർ ബ്രിഗേഡ്, പോലീസ്, 108 ആംബുലൻസ് സർവീസ് എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയാണ് രണ്ട് മണിക്കൂറുകൾക്ക് ശേഷം മൃതദേഹം പുറത്തെടുത്തത്.
സ്വകാര്യ കരാറുകാരന്റെ നേതൃത്വത്തിൽ നടന്നുവന്ന അറ്റകുറ്റപ്പണികൾക്കായി മാൻഹോൾ മൂടി തുറന്നിട്ടിരിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കനത്തമഴയിൽ പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടായതു മൂലം മൂടി ഇല്ലാതെ കിടന്ന മാൻഹോൾ കാണാൻ കഴിയാഞ്ഞത് അപകടകാരണമായി. നരഹത്യയ്ക്ക് കാരണക്കാരനായ കരാറുകാരനെതിരെ ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ കേസ് ഫയൽ ചെയ്യുമെന്ന് ഡെപ്യൂട്ടി മേയർ സഞ്ജയ് ഘാഡി വ്യക്തമാക്കി.
രണ്ട് ദിവസം മുൻപ് മുംബൈയിലെ ചെമ്പൂർ മേഖലയിൽ സ്കൂൾ ബസിന് മുകളിലേക്ക് മരം കടപുഴകി വീണ് 11 വയസുകാരനായ വിദ്യാർത്ഥി മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദാരുണ സംഭവത്തിന് പിന്നാലെയാണ് നഗരത്തെ നടുക്കിയ ഈ പുതിയ അപകടം.






