
ന്യൂഡൽഹി: യുഎസ്-ഇറാൻ യുദ്ധ സാഹചര്യത്തിലുണ്ടായ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന ഒമാനിലെ സലാലയിലേക്കും കുവൈറ്റിലേക്കുമുള്ള സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് പൂർണ്ണമായും പുനരാരംഭിച്ചു. കോഴിക്കോട്-സലാല റൂട്ടിലെ സർവീസുകൾ ജൂലൈ 2 മുതൽ പുനരാരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
കോഴിക്കോട്-കുവൈറ്റ് സർവീസുകൾ ജൂലൈ 3 മുതലും, കർണാടകയിലെ ബെംഗളൂരുവിൽ നിന്നുള്ള കുവൈറ്റ് സർവീസുകൾ ജൂലൈ 4 മുതലും ആരംഭിക്കും. വരും ദിവസങ്ങളിൽ ഈ റൂട്ടുകളിലെ സർവീസുകളുടെ എണ്ണം ഘട്ടങ്ങളായി വർദ്ധിപ്പിക്കുമെന്നും എയർലൈൻ വ്യക്തമാക്കി. കോഴിക്കോട്-സലാല സർവീസ് ആഴ്ചയിൽ രണ്ട് തവണ വീതമായിരിക്കും സർവീസ് നടത്തുക. കോഴിക്കോട്-കുവൈറ്റ് സർവീസ് ജൂലൈ 3 മുതൽ ആഴ്ചയിൽ ഒരിക്കൽ എന്ന രീതിയിൽ തുടങ്ങി ജൂലൈ 5 മുതൽ ആഴ്ചയിൽ മൂന്ന് സർവീസുകളായി ഉയർത്തും.
സർവീസുകൾ പുനരാരംഭിച്ചതോടെ ഒമാനിലെ രണ്ട് പ്രധാന വിമാനത്താവളങ്ങളായ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, സലാല അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ നിന്ന് ഇനി എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തും. ജൂലൈ 3 മുതൽ മസ്കറ്റിനും കർണാടകയിലെ മംഗളൂരുവിനും ഇടയിലുള്ള സർവീസുകളും പുനരാരംഭിച്ചിട്ടുണ്ട്. നിലവിൽ മസ്കറ്റിൽ നിന്ന് ഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്ക് ആഴ്ചയിൽ 40 ഓളം സർവീസുകൾ എയർലൈൻ നടത്തുന്നുണ്ട്.
ബെംഗളൂരു-കുവൈറ്റ് സർവീസുകൾ ജൂലൈ 4 മുതൽ ആഴ്ചയിൽ ഒന്ന വീതവും, ജൂലൈ 7 മുതൽ ആഴ്ചയിൽ മൂന്ന് സർവീസുകളായും വർദ്ധിപ്പിക്കും. കുവൈറ്റിലേക്കും തിരിച്ചുമുള്ള ഫ്ലൈറ്റുകൾ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ നിന്നായിരിക്കും സർവീസ് നടത്തുകയെന്ന് എയർലൈൻ അറിയിച്ചു. യാത്രാക്കാർക്ക് എയർലൈനിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ്, മറ്റ് പ്രമുഖ ബുക്കിംഗ് ചാനലുകൾ എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യുഎഇയിലെ അബുദാബിയിലേക്കുള്ള നേരിട്ടുള്ള ഫ്ലൈറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ജൂലൈ 15 മുതലാണ് ഈ സർവീസ് ആരംഭിക്കുന്നത്.






