
സീസറുടെ ഭാര്യ സംശയങ്ങള്‍ക്ക് അതീതയായിരിക്കണം എന്നൊരു പ്രശസ്തമായ പൊതുവിശ്വാസമുണ്ട്. അതുപോലെ തന്നെയാണ് ദൈവത്തിനുള്ളതു ദൈവത്തിനും സീസര്‍ക്കുള്ളതു സീസര്‍ക്കും എന്ന ബൈബിള്‍ വചനവും. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഭരണകര്‍ത്താക്കളും രാഷ്ട്രീയ നേതൃത്വങ്ങളും ഏറ്റവും കൂടുതല്‍ ഓര്‍ത്തിരിക്കേണ്ട രണ്ടു തത്വങ്ങളാണിവ. അധികാരമെന്നത് ജനങ്ങള്‍ നല്കുന്ന ഉത്തരവാദിത്വമാണെന്നും അത് വ്യക്തിപരമായോ രാഷ്ട്രീയപരമായോ ഉള്ള ലാഭത്തിനല്ലെന്നുമുള്ള തിരിച്ചറിവാണ് ജനാധിപത്യത്തിന്റെ അടിത്തറ. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കോ ബി.ജെ.പി, കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവയുള്‍പ്പെടെയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കോ ഒഴിഞ്ഞുമാറാനാകില്ല. ശബരിമല സ്വര്‍ണക്കവര്‍ച്ചാ വിവാദം മുതല്‍ അയോധ്യയിലെ ഭൂമിയിടപാട് തട്ടിപ്പുകള്‍ വരെയും, ദേശീയ തലത്തിലെ നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ മുതല്‍ കേരള പി.എസ്.സിയിലെ വിവാദ നിയമനങ്ങള്‍ വരെയും നീളുന്ന സമീപകാല സംഭവവികാസങ്ങള്‍ ജനാധിപത്യ സംവിധാനത്തിന്റെ വിശ്വാസ്യതയെയാണു ചോദ്യം ചെയ്യുന്നത്.
ജനാധിപത്യഭരണ ക്രമത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു വലിയ അധികാരമുണ്ട്. അതോടൊപ്പം വലിയ ഉത്തരവാദിത്വവുമുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇന്ന് പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളുടെയും കോര്‍പ്പറേഷനുകളുടെയും മാത്രമല്ല, മതസ്ഥാപനങ്ങളുടെ തലപ്പത്തുപോലും രാഷ്ട്രീയപ്രേരിതമായ നിയമനങ്ങളാണു നടക്കുന്നത്. തിരുപ്പതി ദേവസ്ഥാനം, അയോധ്യ ട്രസ്റ്റ്, കേരളത്തിലെ തിരുവിതാംകൂര്‍, ഗുരുവായൂര്‍ ദേവസ്വങ്ങള്‍ തുടങ്ങി ചെറുതും വലുതുമായ തീര്‍ഥാടനകേന്ദ്രങ്ങളുടെ ഭരണം ഇതിനുദാഹരണങ്ങളാണ്. ഇടതുമുന്നണിയിലെ സഖാക്കള്‍ പൊതുവെ ഈശ്വരവിശ്വാസികളല്ലെന്നു പറയാറുണ്ടെങ്കിലും കേരളത്തിലെ ദേവസ്വം ബോര്‍ഡുകളുടെ തലപ്പത്ത് ആര് വരണമെന്നു തീരുമാനിക്കുന്നത് പാര്ട്ടിനേതൃത്വങ്ങളാണ്.
അതുപോലെതന്നെ ആശങ്കാജനകമാണ് ഭരണഘടനാ സ്ഥാപനങ്ങളുടെ തകര്‍ച്ചയും. നീതിപൂര്‍വവും അര്‍ഹതയുടെ അടിസ്ഥാനത്തിലും സര്ക്കാര്ജോലികള്ക്കു നിയമനം നടത്തുക എന്നതാണ് പബ്ലിക് സര്‍വീസ് കമ്മീഷനുകളുടെ (പി.എസ്.സി) ചുമതല. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കേരളത്തിലെ ഏറ്റവും ഉയര്‍ന്ന സര്‍ക്കാര്‍ സ്കെയിലിലുള്ള മൂന്നു പ്രധാന തസ്തികകളിലേക്കു നടന്ന നിയമനങ്ങള്‍ ഉള്‍പ്പെടെ വലിയ പരാതികള്‍ക്കു വഴിവച്ചു. പി.എസ്.സി ചെയര്‍മാനായും അംഗങ്ങളായും വരുന്നത് ഭരിക്കുന്ന സര്‍ക്കാരിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയക്കാരാണെന്ന യാഥാര്‍ത്ഥ്യം ഈ സ്ഥാപനങ്ങളുടെ വിശ്വാസ്യത പാടെ നഷ്ടപ്പെടുത്തിയിരിക്കുന്നു. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ ഭാവി നിശ്ചയിക്കുന്ന പി.എസ്.സി, യു.പി.എസ്.സി തുടങ്ങിയ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെടുന്നത് രാജ്യത്തിന്റെ ഭാവിതലമുറയുടെ വളര്‍ച്ചയെയാണു തകര്‍ക്കുന്നത്.
ഭരണാധികാരികളുടെ സത്യസന്ധതയും ആത്മാര്‍ത്ഥതയും കൊണ്ട് ജനശ്രദ്ധ നേടിയ ചരിത്രമാണ് പുരാണങ്ങള്‍ മുതല്‍ ആധുനിക ജനാധിപത്യം വരെ നമുക്കു മുന്നിലുള്ളത്. സീതാദേവിയുടെ പരിശുദ്ധി ജനങ്ങള്‍ക്കു ബോധ്യപ്പെടുത്താന്‍ ശ്രീരാമനെടുത്ത കര്‍ക്കശമായ നിലപാടുകള്‍ ചരിത്രപ്രസിദ്ധമാണ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു മുതല്‍ ഒട്ടുമിക്ക ഭരണകര്‍ത്താക്കളും തങ്ങളുടെയും കൂടെയുള്ളവരുടെയും കാര്യക്ഷമതയ്ക്കും സുതാര്യതയ്ക്കും വലിയ പ്രാധാന്യം നല്‍കിയിരുന്നു. 1962-ലെ ചൈനീസ് യുദ്ധത്തെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയില്‍ നെഹ്റുവിന് തന്റെ ഏറ്റവും അടുത്ത സുഹൃത്തും പ്രഗത്ഭനുമായ വി.കെ. കൃഷ്ണമേനോനെ മന്ത്രിസഭയില്‍നിന്ന് മാറ്റേണ്ടിവന്നു. രാജന് കേസിനെക്കുറിച്ചുള്ള ഹൈക്കോടതി പരാമര്‍ശങ്ങളെത്തുടര്‍ന്ന് മുഖ്യമന്ത്രിപദം ഒഴിഞ്ഞ കെ. കരുണാകരന്റെ ചരിത്രവും നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ ഇന്ന് ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥ തലപ്പത്തിരിക്കുന്നവര്ക്കുമെതിരേ ധാരാളം അഴിമതിയാരോപണങ്ങള്‍ ഉയരുമ്പോള്‍, നിയമസഭകളില്പ്പോലും വ്യക്തമായ മറുപടികളുണ്ടാകുന്നില്ല. എഴുന്നേറ്റുനിന്ന് ഒരഭിപ്രായവും സീറ്റിലിരുന്ന് മറ്റൊരഭിപ്രായവും പറഞ്ഞ മുഖ്യമന്ത്രിക്ക് പാര്‍ലമെന്ററി നിയമം അനുസരിച്ച് രക്ഷപ്പെടാമെങ്കിലും അദ്ദേഹത്തിലുള്ള വിശ്വാസത്തെ അതു ബാധിക്കുന്നുണ്ട്.
ആയാറാം ഗയാറാം രാഷ്ട്രീയ സംസ്കാരം ഇന്ത്യന്‍ ജനാധിപത്യത്തെ ഉലച്ചപ്പോഴാണ് കടുത്ത കൂറുമാറ്റ നിരോധന നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയത്. എന്നാല്‍ ഇന്നും നിയമത്തിലെ പഴുതുകള്‍ തപ്പിപ്പിടിച്ച് രാഷ്ട്രീയക്കാര്‍ കൂറുമാറുന്ന കാഴ്ചയാണ് നാം കാണുന്നത്.
സമീപകാലത്ത് ഒരു ഉത്തരേന്ത്യന്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയും അവരുടെ മക്കളും ഉള്‍പ്പെട്ട അഴിമതിക്കഥകള്‍ പുറത്തുവന്നത് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയുടെ വിശ്വാസ്യതയ്ക്കേല്പ്പിക്കുന്ന ആഘാതം ചെറുതല്ല. രാഷ്ട്രീയപ്രേരിതമായി നടത്തുന്ന അന്വേഷണങ്ങള്‍ ഒരിക്കലും യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ സഹായിക്കില്ലെന്ന് മുന്‍കാല സംഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഞാന്‍ ചെറുപ്പമാണ്, എനിക്കു വലിയ സ്വപ്നങ്ങളുണ്ടെന്നു പ്രഖ്യാപിച്ച് ഭാവി ഇന്ത്യയെക്കുറിച്ചു സംസാരിച്ച രാജീവ് ഗാന്ധിയെ ബോഫോഴ്സ് തോക്ക് ഇടപാട് ആരോപണത്തിലൂടെ രാഷ്ട്രീയമായി ജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തിയതു നാം കണ്ടതാണ്. എന്നാല്‍ പില്ക്കാലത്ത് കാശ്മീരില്‍ പാകിസ്താനെതിരേയുള്ള യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിനു തുണയായത് ഇതേ ബോഫോഴ്സ് തോക്കുകളായിരുന്നുവെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. ഐ.എസ്.ആര്.ഒ ചാരക്കേസിലൂടെ എത്രയോ ഭരണകര്‍ത്താക്കളും നമ്പി നാരായണനെപ്പോലെയുള്ള പ്രഗത്ഭരായ ശാസ്ത്രജ്ഞന്മാരുമാണ് ദ്രോഹിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തത്.
ഇന്ത്യയുടെ അഭൂതപൂര്‍വമായ ശാസ്ത്ര-സാങ്കേതിക വളര്‍ച്ചയ്ക്ക് അടിത്തറയിട്ടത് പണ്ഡിറ്റ് നെഹ്റു, ഇന്ദിരാഗാന്ധി തുടങ്ങിയ രാഷ്ട്രീയ നായകരും ഡോ. ഹോമി ജെ. ഭാഭ, വിക്രം സാരാഭായ്, ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം തുടങ്ങിയ ശാസ്ത്രപ്രതിഭകളുമാണ്. കാര്‍ഷികമേഖലയില്‍ നെഹ്റുവും എം.എസ്. സ്വാമിനാഥനും ചേര്‍ന്നു നടത്തിയ ഹരിതവിപ്ലവം രാജ്യത്തെ പട്ടിണിയില്‍നിന്നു മോചിപ്പിച്ചു.
രാഷ്ട്രീയ പ്രേരിതമായ എതിര്‍പ്പുകള്‍ മാറ്റിവച്ചുകൊണ്ട് രാഷ്ട്രവളര്ച്ചയ്ക്കുവേണ്ടി എല്ലാവരും ഒന്നിച്ചുനിന്നാല്‍ മാത്രമേ രാജ്യത്തിനു മുന്നോട്ടു കുതിക്കാന്‍ സാധിക്കുകയുള്ളൂ. അധികാരം ധനസമ്പാദനത്തിനുള്ള മാര്‍ഗമല്ലെന്നും ജനങ്ങളോടുള്ള ഉത്തരവാദിത്വമാണെന്നുമുള്ള തിരിച്ചറിവ് ഭരണാധികാരികള്ക്കുണ്ടാകുമ്പോള് മാത്രമേ ജനാധിപത്യം അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ സഫലമാകൂ.



