
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനകളിൽ ക്രമക്കേട് നടന്ന സംഭവത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം (ആർഎസ്എസ്) ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ വെള്ളിയാഴ്ച കടുത്ത അതൃപ്തി രേഖപ്പെടുത്തി. സംഭവത്തിൽ സംഘടനയ്ക്ക് "അങ്ങേയറ്റം വേദനയും ദേഷ്യവുമുണ്ട്" എന്ന് വ്യക്തമാക്കിയ അദ്ദേഹം, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രത്യേക അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു.
ഹൈന്ദവ സമൂഹത്തെ അപകീർത്തിപ്പെടുത്താൻ ഈ സംഭവത്തെ ദുരുപയോഗം ചെയ്യാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും സഹിഷ്ണുത പുലർത്തണമെന്നും അദ്ദേഹം ഹിന്ദു സമൂഹത്തോട് അഭ്യർത്ഥിച്ചു. എക്സിൽ പങ്കുവെച്ച വീഡിയോ പ്രസ്താവനയിലൂടെയാണ് ഹൊസബാളെ നിലപാട് വ്യക്തമാക്കിയത്. അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന സംഭാവന പെട്ടികളിൽ നടന്ന നിർഭാഗ്യകരമായ ക്രമക്കേട് രാമഭക്തരുടെയും സമൂഹത്തിന്റെയും വികാരങ്ങളെയും വിശ്വാസത്തെയും ആഴത്തിൽ മുറിവേൽപ്പിച്ചുവെന്നും ഈ സംഭവത്തിൽ തങ്ങളെല്ലാവരും കടുത്ത വേദനയിലും ദേഷ്യത്തിലുമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു.
ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർത്ഥന മാനിച്ചാണ് സർക്കാർ നിയമനടപടികൾ ആരംഭിച്ചതെന്നും അന്വേഷണത്തിനൊടുവിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നിന്ദ്യമായ സംഭവത്തെ അസാധാരണമായ ഒരു കാര്യമായി കണ്ട് ക്ഷേത്ര ഭരണത്തിലും പ്രവർത്തനങ്ങളിലുമുള്ള എല്ലാ പോരായ്മകളും പരിഹരിക്കാൻ ട്രസ്റ്റ് ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്ന് ആർഎസ്എസ് ഉൾപ്പെടെയുള്ള ഹൈന്ദവ സമൂഹം പ്രതീക്ഷിക്കുന്നതായി ഹൊസബാളെ പറഞ്ഞു. അയോധ്യ ക്ഷേത്രത്തിൽ കോടിക്കണക്കിന് രാമഭക്തർക്കുള്ള വിശ്വാസവും ആദരവും തകരാതെ നിലനിർത്താൻ ഇത് അത്യാവശ്യമാണെന്നും ആർഎസ്എസ് നേതാവ് ചൂണ്ടിക്കാട്ടി.






