
ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോളിലെ അപ്രതീക്ഷിതവും ദയനീയവുമായ പുറത്താകല മുൻചാമ്പ്യന്മാരായ ജർമ്മൻ ക്യാമ്പിൽ വൻ ഭൂകമ്പം സൃഷ്ടിക്കുന്നു. ടൂർണമെന്റിലെ മോശം പ്രകടനത്തെത്തുടർന്ന് മുഖ്യ പരിശീലകൻ ജൂലിയൻ നാഗൽസ്മാൻ സ്ഥാനം രാജിവെച്ചു. 2026-ലെ ലോകകപ്പിൽ കരുത്തരായ ജർമ്മനി പാരഗ്വായോട് തോറ്റ് പുറത്തായതിന് പിന്നാലെ നാഗൽസ്മാനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രാജി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
ഏകദേശം മൂന്ന് വർഷത്തോളം ജർമ്മൻ ദേശീയ ടീമിനെ തന്ത്രങ്ങൾ ഓതിക്കൊടുത്ത ശേഷമാണ് 38-കാരനായ നാഗൽസ്മാന്റെ മടക്കം. 2023 സെപ്റ്റംബറിലാണ് അദ്ദേഹം ജർമ്മനിയുടെ പരിശീലകനായി ചുമതലയേൽക്കുന്നത്. 2028-ലെ യൂറോ കപ്പ് വരെ നീളുന്ന ദീർഘകാല കരാർ അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കിലും, ലോകകപ്പിലെ അപ്രതീക്ഷിത തിരിച്ചടി തിരിച്ചടിയാവുകയായിരുന്നു. ടൂർണമെന്റിൽ നിന്നുള്ള നാണംകെട്ട പുറത്താകലിന് പിന്നാലെ, സ്വയം ഒഴിഞ്ഞുപോകാൻ ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ അദ്ദേഹത്തോട് ഔദ്യോഗികമായി ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. കരാർ കാലാവധിക്ക് മുൻപ് ഒഴിഞ്ഞുപോകുന്നതിലൂടെ ഏകദേശം 5 ദശലക്ഷം പൗണ്ട് (ഏകദേശം 50 കോടിയിലധികം രൂപ) നാഗൽസ്മാന് നഷ്ടപരിഹാരമായി ലഭിക്കും.
പുതിയ പരിശീലകനായി മുൻ ലിവർപൂൾ മാനേജർ യുർഗൻ ക്ലോപ്പ് എത്തിയേക്കുമെന്നാണ് ഫുട്ബോൾ ലോകത്ത് നിന്നുള്ള ശക്തമായ സൂചനകൾ. 2024-ൽ ലിവർപൂൾ വിട്ട ക്ലോപ്പ് നിലവിൽ ലോകകപ്പിൽ ടിവി കമന്റേറ്ററായി പ്രവർത്തിക്കുകയാണ്. ജർമ്മൻ ദേശീയ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കാൻ തനിക്ക് താല്പര്യമുണ്ടെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതിനാൽ, ക്ലോപ്പിന്റെ നിയമനം ഉടൻ ഉണ്ടായേക്കും.





